ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഴേക്കും രൂപമെടുത്തുകഴിഞ്ഞിരുന്നു. സ്ത്രീയുടെ സ്ഥാനം ഗൃഹത്തിനുള്ളിലാണെന്നും, ഭർത്താവിലൂടെയാണ് അവളുടെ സാമൂഹിക അംഗത്വമെന്നുമുള്ള ധാരണകൾ ഇവിടത്തെ സമുദായപരിഷ്ക്കരണപ്രസ്ഥാനങ്ങളിൽ രൂഢമൂലമായിക്കഴിഞ്ഞിരുന്നു.


'ഉത്തമസ്ത്രീ' പിറക്കുന്നു

19-ാം നൂറ്റാണ്ടിൽ പല കാരണങ്ങളാൽ കേരളത്തിലെ പരമ്പരാഗതജാതിവ്യവസ്ഥയുടെ അടിത്തറ ഇളകാൻ തുടങ്ങി. ബ്രിട്ടിഷുകാരുടെ മേൽക്കോയ്മ ഇവിടത്തെ പരമ്പരാഗതരാജവംശങ്ങളുടെയും പരമാധികാരത്തെ ഇല്ലാതാക്കി - ജാതിമാമൂലിന്റെ സംരക്ഷകർ ഇവരായിരുന്നല്ലോ. മിഷണറിമാരുടെ വരവ് കീഴ്ജാതികൾക്കു താങ്ങായി. അവരുടെമേൽ അടിച്ചേൽപ്പിക്കപ്പെട്ടിരുന്ന പല നികുതികളും, കൂലിയില്ലാത്ത അദ്ധ്വാനവും നിറുത്തൽ ചെയ്യിക്കുന്നതിൽ മിഷണറിമാർ വലിയ പങ്കുവഹിച്ചു. ആധുനികവിദ്യാഭ്യാസം മിഷണറിപള്ളിക്കൂടങ്ങളിലൂടെ വ്യാപകമായതോടെ കീഴ്ജാതിക്കാരിൽ ചിലകൂട്ടർക്ക് പുതിയ അവസരങ്ങൾ ലഭിച്ചുതുടങ്ങി. കച്ചവടവും കുടിയേറ്റസാദ്ധ്യതയും വർദ്ധിച്ചതോടുകൂടി അവരിൽ ചിലർ സാമ്പത്തിക നേട്ടങ്ങളും കൈവരിച്ചു. 'മാറുമറയ്ക്കൽസമരം' പോലുള്ള നിർണ്ണായകപോരാട്ടങ്ങളിലൂടെ മേൽജാതിക്കാരുടെ അധികാരങ്ങൾ നിയന്ത്രിക്കപ്പെട്ടു. > കാണുക പുറം 132 <1865ലെ വിളംബരപ്രകാരം തിരുവിതാംകൂർ സർക്കാർ കുടിയാന്മാർക്ക് ഭൂമിയിൽ ഉടമസ്ഥാവകാശം ലഭിച്ചു. ഇതേകാലത്തുതന്നെ പരമ്പരാഗത മേലാളസമുദായങ്ങളും മാറ്റത്തിനു വിധേയമായി. വികസിച്ചുവന്ന കച്ചവടരംഗവും വിപണിയും വാണിജ്യകൃഷിയും സുറിയാനിക്രിസ്ത്യാനിസമുദായത്തിന് വർദ്ധിച്ച അവസരങ്ങൾ നൽകി. പുതിയ വിദ്യാഭ്യാസത്തിലൂടെ അവർ ഈ രംഗങ്ങളിൽ കുതിച്ചുയർന്നു. നായർതറവാടുകളുടെ ജാത്യാധികാരം അൽപ്പം ക്ഷയിച്ചെങ്കിലും പുതിയ വിദ്യാഭ്യാസത്തിലൂടെ ഭരണരംഗത്തും സാംസ്കാരികരംഗത്തും അവർ പിടിച്ചുനിന്നു. നമ്പൂതിരിമാർ മാത്രമാണ് ഈ പുതിയ അന്തരീക്ഷത്തോട് ഇണങ്ങിച്ചേരാൻ വിസമ്മതം കാട്ടിയത്. ഇവരും ഇരുപതാം നൂറ്റാണ്ടിൽ നിലപാടു മാറ്റി.

പൊതുവെ ജാതിവ്യവസ്ഥയ്ക്കെതിരെ രൂക്ഷവിമർശനം ഉയർന്നുവന്ന കാലമായിരുന്നു 19-ാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങൾ. ദൈവദൃഷ്ടിയിൽ തുല്യരായ, ദൈവം ഒരുപോലെ സൃഷ്ടിച്ച, മനുഷ്യരെ പരസ്പരം വേർതിരിക്കുന്ന ഈ വ്യവസ്ഥ പ്രകൃതിക്കും മനുഷ്യനും ദൈവത്തിനും ഒരുപോലെ എതിരാണെന്ന് മിഷണറിമാരും സഹചാരികളും വാദിച്ചു. മിഷണറിസ്വാധീനത്തിനു പുറത്തുനിന്നുകൊണ്ട് പാശ്ചാത്യരാഷ്ട്രീയചിന്തയിൽനിന്ന് സമത്വവാദങ്ങൾ കടമെടുത്തുകൊണ്ട് എഴുതിയ ചിലരുമുണ്ടായിരുന്നു. ഈ രണ്ടുകൂട്ടരും യോജിച്ച ഒരു കാര്യമുണ്ടായിരുന്നു - സ്ത്രീപുരുഷന്മാർ തമ്മിലുള്ള വ്യത്യാസത്തെ അവരുടെ ശാരീരികമായ പ്രത്യേകതകൾകൊണ്ട് വിശദീകരിക്കാമെന്ന അവകാശവാദം. സ്ത്രീയുടെയും പുരുഷന്റെയും ശാരീരികപ്രത്യേകതകൾക്കിണങ്ങുന്ന സ്വഭാവഗുണങ്ങളും മനോഗതിയും പ്രകൃതിതന്നെ അവർക്കു നൽകിയിരിക്കുന്നുവെന്നും ഇവയിലൂടെയാണ് സ്ത്രീയുടെയും പുരുഷന്റെയും സാമൂഹികനില നിർണ്ണയിക്കേണ്ടതുമെന്നും മിഷണറിമാരും മറ്റു പരിഷ്ക്കരണകുതുകികളും ഒരുപോലെ വാദിച്ചു. ഇതുപ്രകാരം സ്ത്രീയുടെ ശരിയായ ഇടം ഗൃഹമാണെന്നു കൽപ്പിക്കപ്പെട്ടു. വീട്ടുജോലി, പ്രസവിക്കൽ, കുട്ടികളെ വളർത്തൽ തുടങ്ങിയ കർമ്മങ്ങളും പൊതുവെ വികാരങ്ങളിലൂടെ കുടുംബാംഗങ്ങളെ സ്വാധീനിച്ച് നല്ലവഴിക്കു നടത്താനുള്ള ഉത്തരവാദിത്വവും സ്ത്രീക്കുള്ളതാണെന്നും വന്നു. പുറംലോകത്തിൽനിന്നു വ്യത്യസ്തമായി മദമത്സരമില്ലാത്ത, സമാധാനവും സ്നേഹവും നിലനിൽക്കേണ്ട ഇടമാണ് ഗൃഹമെന്നും അതിനു തക്കതായ മനോഗുണങ്ങൾ ഓരോ സ്ത്രീയിലും പ്രകൃതിതന്നെ നിക്ഷേപിച്ചിട്ടുണ്ടെന്നുമാണ് നവവരേണ്യലേഖകരും മിഷണറിമാരും വാദിച്ചത്. സ്നേഹം, ദയ, ക്ഷമ, വാത്സല്യം, വാക്കുകളിലൂടെയും കണ്ണീരിലൂടെയും അഭ്യർത്ഥനയിലൂടെയും മറ്റു മനുഷ്യരെ സ്വാധീനിക്കാനുള്ള ശക്തി - ഇതൊക്കെ സ്ത്രീക്ക് സഹജമായിത്തന്നെ ലഭിക്കുന്നുണ്ടത്രെ. എന്നാൽ പരമ്പരാഗതകുടുംബരീതികൾ ഈവക ഗുണങ്ങളെ തീരെ പോഷിപ്പിക്കുന്നില്ലെന്നും, അതുകൊണ്ടുതന്നെ പരമ്പരാഗതകുടുംബങ്ങളിലെ സ്ത്രീകളുടെ യഥാർത്ഥ 'സ്ത്രീഗുണം' വെറുതെ പാഴാവുകയാണെന്നും ഇക്കൂട്ടർ പരിതപിച്ചു. സ്ത്രീയുടെ 'സവിശേഷഗുണങ്ങ'ളെ പരിപോഷിപ്പിക്കാനുതകുന്നതരം വിദ്യാഭ്യാസം അവർക്കു നൽകുക; കുടുംബരീതികളിൽ മാറ്റം വരുത്തുക; വിവാഹസമ്പ്രദായങ്ങൾ പരിഷ്ക്കരിക്കുക - സ്ത്രീകളുടെ 'യഥാർത്ഥ സ്ത്രീത്വ'ത്തെ വീണ്ടെടുക്കാൻവേണ്ടി 19-ാം നൂറ്റാണ്ടിന്റെ അവസാനകാലത്തും 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും പല ലേഖകരും മുന്നോട്ടുവച്ച നിർദ്ദേശങ്ങളാണിവ.

അപ്പോൾ, ജാതിവ്യവസ്ഥ പൂർണ്ണമായും ഉന്മൂലനംചെയ്യപ്പെട്ട സമൂഹത്തെ വിഭാവനം ചെയ്യുമ്പോഴും സ്ത്രീപുരുഷവ്യത്യാസം അതിനുള്ളിൽ നിലനിന്നിരുന്നുവെന്നർത്ഥം. സ്ത്രീപുരുഷന്മാർ തമ്മിലുള്ള വ്യത്യസ്തത അവർ തമ്മിലുള്ള തുല്യതയ്ക്കു വിഘാതമാവില്ലെന്ന ധാരണ ഇതിൽ

74

'തറവാട്ടിൽ പിറന്നവളും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/74&oldid=162951" എന്ന താളിൽനിന്ന് ശേഖരിച്ചത്