"വിഡ്ഢീ! നീ എന്തു ജാതിക്കാരനാണെന്നാണ് ചോദിച്ചത്."
"ഞാൻ രണ്ടു ജാതിമാത്രമേ അറിയൂ - ആൺജാതിയും പെൺജാതിയും. അതിൽ ആൺജാതിയാകുന്നു ഞാൻ."
(ജോസഫ് മൂളിയിൽ, സുകുമാരി, ജോർജ് ഇരുമ്പയം (സമ്പാ.), നാലു നോവലുകൾ, തൃശൂർ, (1897), 1985, പുറം. 362)
എത്രതന്നെ 'സ്വാഭാവിക'മായി അനുഭവപ്പെട്ടാലും, ഈ വിശ്വാസത്തിൽനിന്ന് നമ്മുടെ സമൂഹം - എന്തിന്, ലോകംമുഴുവൻ - വളരെയധികം മുന്നോട്ടുപോയിക്കഴിഞ്ഞിരിക്കുന്നുവെന്ന വസ്തുത ഇവിടെ പ്രത്യേകം എടുത്തുപറയേണ്ടതാണ്. സ്ത്രീകളുടെ 'സ്ത്രീത്വം', പുരുഷന്മാരുടെ 'പുരുഷത്വം' മുതലായവയെ പ്രകൃതിനിർണ്ണിതഗുണങ്ങളായി കാണാനാവില്ലെന്ന് നാം ഇന്നറിയുന്നു. ഒരിക്കലും മാറാത്തവിധം 'ആൺ'-'പെൺ' സ്വഭാവങ്ങൾക്ക് ദൃഢത നൽകുന്ന യാതൊന്നും പ്രകൃതിയിലില്ലെന്ന് ശാസ്ത്രഗവേഷണം വെളിപ്പെടുത്തുന്നു. ഈ സ്വഭാവങ്ങൾ സാമൂഹ്യജീവിതത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്നവയാണെന്നും സാമൂഹ്യമാറ്റത്തിലൂടെ അവയും മാറ്റത്തിനു വിധേയമാകുന്നുവെന്നും പരക്കെ സമ്മതിക്കപ്പെടുന്നു. ലിംഗവ്യത്യാസത്തെ ഒന്നുകിൽ 'ആൺ' അല്ലെങ്കിൽ 'പെൺ' എന്നു വേർതിരിച്ചുകണ്ടിരുന്ന രീതിതന്നെ അപ്രസക്തം, അല്ലെങ്കിൽ അനുചിതമായിമാറുന്ന ഒരു ലോകമാണ് ഇന്ന്. പുരുഷശരീരത്തോടെ ജനിച്ചാലും സ്ത്രീയായി ജീവിക്കാനാഗ്രഹിക്കുന്നവർ, സ്ത്രീശരീരമാണെങ്കിലും പുരുഷനാണെന്നുതന്നെ വിശ്വസിക്കുന്നവർ, സ്വവർഗ്ഗസ്നേഹികൾ - ഇങ്ങനെ ലിംഗഭേദത്തെ വളരെ വ്യത്യസ്തമായ രീതികളിൽ വീക്ഷിക്കുന്നവർ ക്രമേണ പൊതുസമൂഹത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നു. കഠിനമായി പീഡിപ്പിക്കപ്പെട്ടവരാണിവർ - 'പ്രകൃതിവിരുദ്ധർ' എന്ന പേരിൽ. എന്നാലിന്ന് അവരുടെ താൽപര്യങ്ങളിലും പെരുമാറ്റത്തിലും 'പ്രകൃതിവിരുദ്ധ'മായി യാതൊന്നുമില്ല എന്നു കരുതുന്ന വലിയൊരു വിഭാഗമുണ്ട്. സംഘടിതമതങ്ങളും മതമേധാവികളും ഇവരെ അംഗീകരിക്കാൻ തയ്യാറല്ലെങ്കിലും മതത്തിനുപുറത്ത് അവർ അംഗീകരിക്കപ്പെടുന്നു. പൊതുവെ ലിംഗപ്രത്യേകതകൾ പ്രകൃതിയോ ദൈവമോ നിർണ്ണയിക്കുന്നവയാണെന്ന വിശ്വാസത്തിന് മതവിശ്വാസത്തിന്റെ ഉന്നതവൃത്തങ്ങൾക്കുപുറത്ത് പണ്ടത്തെയത്ര ശക്തിയില്ല. സ്ത്രീകൾ വീട്ടുകാരികളായിരിക്കണമെന്ന് പ്രകൃതിനിയമമൊന്നുമില്ലെന്ന് സുവ്യക്തമാണ്. സമൂഹത്തിലെ മറ്റു സ്വാധീനങ്ങളുടെ പ്രാധാന്യം അംഗീകരിക്കപ്പെടുന്നുമുണ്ട്.
പക്ഷേ, 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിലുമുള്ള നവവരേണ്യചിന്തയെ ലിംഗഭേദത്തിന്റേതായ ഈ പരിപ്രേക്ഷ്യം ആഴത്തിൽ സ്വാധീനിച്ചു. സ്ത്രീകളുടെയും പുരുഷന്മാരുടെയും മാന്യതയെക്കുറിച്ചുള്ള പുതിയ ധാരണകളെ രൂപപ്പെടുത്തുന്നതിൽ ഇതിനു മുഖ്യപങ്കുണ്ടായിരുന്നു. വ്യത്യസ്ത ജാതികളിൽപ്പെട്ട സ്ത്രീകൾക്ക് വളരെ വ്യത്യസ്തങ്ങളായ ലിംഗാദർശങ്ങൾ ബാധകമായിരുന്നുവെന്ന് മുമ്പൊരു അദ്ധ്യായത്തിൽ വിവരിച്ചുവല്ലോ. ഇതിനു ബദലായിവന്ന പുതിയ സാമൂഹികാദർശമാതൃകയിൽ എല്ലാ സ്ത്രീകൾക്കും ഒരുപോലെ ബാധകമായ സ്ത്രീത്വാദർശമുണ്ടായിരുന്നു. 1913ൽ ഒരു സ്ത്രീസമാജത്തിൽ തച്ചാട്ടുദേവകിയമ്മ ചെയ്ത പ്രസംഗത്തിൽ ഈ ആദർശത്തെക്കുറിച്ച് വ്യക്തമായി വിവരിച്ചു പറയുന്നു:
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേതരം വിദ്യാഭ്യാസം നൽകുന്നത് ആശാസ്യമല്ല. പ്രകൃതി ഇരുകൂട്ടരേയും ഒരേ ധർമ്മത്തിനല്ല സൃഷ്ടിച്ചതെന്ന് അവരുടെ ശരീരം, മാനസികാവസ്ഥ, ബുദ്ധിപരമായ കഴിവുകൾ എന്നിവയിൽനിന്നു തെളിയുന്നുണ്ട്... സ്ത്രീയുടെ ശരീരസ്ഥിതിയും മനഃസ്ഥിതിയും പരിശോധിച്ചാൽ, കൂടുതൽ ശരീരശക്തി വേണ്ടാത്ത, എന്നാൽ അധികം സഹനശേഷി ആവശ്യമുള്ള പ്രവൃത്തികൾക്കായാണ് അവൾ സൃഷ്ടിക്കപ്പെട്ടതെന്ന് തീർച്ചയാണ്. പ്രായേണ സ്ത്രീയുടെ മനോഘടന കോമളവും, വേഗത്തിൽ പരിപക്വമാവുന്നതും, ഭാവനാപൂർണ്ണവും, വികാരങ്ങൾക്കു വേഗം അടിപ്പെടുന്നതും, സൂക്ഷ്മസ്ഥിതികളെ ഗ്രഹിക്കുന്നതും, വേഗം ഇളകുന്നതുമാണ്. ദയ, സ്നേഹം, ക്ഷമ മുതലായ ഗുണങ്ങളിൽ പുരുഷൻ സ്ത്രീയുടെ സമീപത്ത് ഒരിക്കലും എത്തുകയില്ല...
...സ്ത്രീകൾ പൊതുരംഗത്തു പ്രവേശിച്ചില്ലെങ്കിലും അവർ കഴിവുള്ള സന്തതികളെ വളർത്തിയാൽ, അതുതന്നെ ലോകക്ഷേമത്തിനവർ നൽകുന്ന സംഭാവനയല്ലയോ? അതുകൊണ്ട് അവരുടെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അവരെ രണ്ടാംകിട പുരുഷന്മാരാക്കലല്ല, മറിച്ച് ദയ, കരുണ, സ്നേഹം, മമത, ക്ഷമ മുതലായ ഗുണങ്ങളെ വളർത്തലാണ്... ജീവിതസമരത്തിൽ പുരുഷന്റെ സഹായിയായി, തന്റെ സ്ത്രീത്വത്തിലൂടെ അവന്റെ അദ്ധ്വാനത്തെ ലഘൂകരിക്കലാണ് സ്ത്രീയുടെ ധർമ്മം. ദയാപൂർണ്ണമായ വാക്കിലൂടെയും പ്രവൃത്തിയിലൂടെയുമാണ് സ്ത്രീ വിജയംവരിക്കേണ്ടത്. മത്സരത്തിലൂടെയല്ല...
തച്ചാട്ട് ദേവകി അമ്മ, 'സ്ത്രീവിദ്യാഭ്യാസത്തിന്റെ ഉദ്ദേശം', ലക്ഷ്മീഭായി 20(1),1913-14)
'ശരീരശക്തി' സ്ത്രീക്കു കുറവാണെന്ന് ദേവകിയമ്മ പറയുന്നുണ്ടെങ്കിലും കഠിനമായ കായികജോലികളിൽ അക്കാലത്തെ സ്ത്രീകൾ ഏർപ്പെട്ടിരുന്നതിനെക്കുറിച്ച് മുൻ അദ്ധ്യായത്തിൽ പറഞ്ഞു
'തറവാട്ടിൽ പിറന്നവളും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?