ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഇത് ഭൂമിയാണ്
മലയാളത്തിലെ ഏറ്റവും പ്രശസ്തമായ മുസ്ലിം സാമൂഹ്യനാടകമാണ് കെ.ടി. മുഹമ്മദിന്റെ ഇതു ഭൂമിയാണ്. (1953) മുസ്ലിംസ്ത്രീകളെ നേരിട്ട് അഭിസംബോധനചെയ്യുകയും അവരുടെ പ്രശ്നങ്ങളെ വെളിച്ചത്തു കൊണ്ടുവരികയും ചെയ്ത നാടകമാണിത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി (1944), ന്റുപ്പുപ്പക്കാക്കൊരാനേണ്ടാർന്നു! (1951) എന്നീ കൃതികൾ മുസ്ലിംസ്ത്രീകളുടെ ദൈനംദിനജീവിതത്തെ സാമൂഹ്യപരിഷ്ക്കരണ കാഴ്ചപ്പാടിൽനിന്ന് വിലയിരുത്തിയവയായിരുന്നു; ആ പരമ്പരയിലാണ് ഇതു ഭൂമിയാണ് എന്ന നാടകത്തിന്റെയും സ്ഥാനം. സ്ത്രീവിദ്യാഭ്യാസമാണ് ഈ നാടകത്തിലേയും മുഖ്യപ്രമേയം. ഇന്നും മുസ്ലിംസ്ത്രീകൾ നേരിടുന്ന പല പ്രശ്നങ്ങളും ഈ നാടകം ചർച്ചചെയ്യുന്നുണ്ട് - ബഹുഭാര്യാത്വം, പുരുഷന് ഭാര്യയെ ഏകപക്ഷീയമായി മൊഴിചൊല്ലാനുള്ള സൗകര്യം, സ്ത്രീകളുടെ സ്വത്തുടമസ്ഥതയുടെ പ്രശ്നം - എല്ലാം. എന്നാൽ പൊതുവെ മുസ്ലിംസമുദായപരിഷ്ക്കരണവും ഇവിടെ വിവരിച്ച പുതിയ ലിംഗാധികാരബന്ധത്തെ ഊട്ടിയുറപ്പിക്കുകയായിരുന്നുവെന്ന് സമീപകാലസ്ത്രീപക്ഷചരിത്രഗവേഷണം വെളിവാക്കുന്നു. മുൻ അദ്ധ്യായത്തിൽ പരാമർശിച്ച പുത്തൂർ ആമിനയുടെ പാട്ടിലെ സ്ത്രീസ്വാതന്ത്ര്യാദർശമല്ല പുരുഷന്മാരായ മുസ്ലിംസമുദായപരിഷ്ക്കർത്താക്കന്മാരുടേത് എന്ന് ഷംഷാദ് ഹുസൈൻ ചൂണ്ടിക്കാണിക്കുന്നു. മുസ്ലിം ഐക്യസംഘം എന്ന സുപ്രസിദ്ധ പരിഷ്ക്കരണസംഘടനയുടെ ആദർശങ്ങൾ സമുദായനവീകരണത്തെ ഉന്നംവച്ച് സ്ത്രീകളെ എങ്ങനെ പരിഷ്ക്കരിക്കണമെന്ന് നിർദ്ദേശിക്കുന്നവയായിരുന്നു. 'കാതുകുത്തുപോലുള്ള അനിസ്ലാമിക ദുരാചാരങ്ങളെ എതിർക്കുക... പൗരോഹിത്യം വിലക്കിയ സ്ത്രീവിദ്യാഭ്യാസം നടപ്പിലാക്കുക എന്നിങ്ങനെ. സമുദായത്തിനുവേണ്ടി സ്ത്രീകൾ എങ്ങനെയെല്ലാം പരിഷ്ക്കരിക്കപ്പെടണം എന്നതാണ് ഇവയിലെ മുഖ്യ അജണ്ട. അല്ലാതെ സ്ത്രീയുടെ വീക്ഷണകോണിൽനിന്നുകൊണ്ടുള്ള സ്ത്രീസമുദായപരിഷ്ക്കരണങ്ങളല്ല.' (ഷംഷാദ് ഹുസൈൻ, ന്യൂനപക്ഷത്തിനും ലിംഗപദവിക്കുമിടയിൽ, തിരുവനന്തപുരം, 2009, പുറം. 24)


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/87&oldid=162965" എന്ന താളിൽനിന്ന് ശേഖരിച്ചത്