വാൻവേണ്ടി ക്ഷമകൂടാതെ തിക്കിത്തിരക്കി നോക്കിക്കൊണ്ടു നില്ക്കേ അവർക്കു നയനാന്ദകരനായിരിക്കുന്ന ആ കപിലനാഥൻ ദിവ്യമായിരിക്കുന്ന വസ്ത്രാഭരണങ്ങളെക്കൊണ്ടു് അതിമനോഹരമാകുംവണ്ണം അലംകൃതമായി, ഏറ്റവും സൗഭാഗ്യവതിയായ ഒരു കന്യകാരത്നത്തിന്റെ കൈയും പിടിച്ചുകൊണ്ടു രാജാവിന്റെ മുമ്പിൽ വന്നുനിന്നു. രാജാവും കണ്ടുനിന്നിരുന്ന മറ്റെല്ലാവരും അല്പനേരം അത്യാശ്ചര്യം കൊണ്ടു പാവകളെപ്പോലെ അനിമീലിതനേത്രന്മാരായി.
കപിലനാഥൻ 'കുന്ദലതേ, ഇനി മേലാൽ എന്നെ അച്ഛാ എന്നുവിളിക്കേണ്ട്. അച്ഛൻ കലിംഗമഹാരാജാവായ ഇദ്ദേഹമാണ്, വന്ദിക്കൂ!' എന്നു പറഞ്ഞു. അപ്പോൾ കുന്ദലതയ്ക്കുണ്ടായ അത്ഭുതവും രാജാവിനുണ്ടായ സന്തോഷവും എല്ലാവരുടെയും വിസ്മയവും ആരെക്കൊണ്ടു പറവാൻ കഴിയും! കുന്ദലത അച്ഛന്റെ മുൻപാകെ സാഷ്ടാഗം നമസ്കരിച്ചു. രാജാവ് സംഭ്രമത്തോടുകൂടി പുത്രിയെ എഴുനീൽപ്പിച്ചു തന്റെ മാറത്തേക്കണച്ചു സന്തോഷപരവശനായി പിന്നോക്കം ചാരിയിരുന്നു്, കുറെനേരം ഒന്നും സംസാരിക്കാതെ കണ്ണുനീർ വാർത്തു. പിന്നെ കുന്ദലത, 'അച്ഛാ, എന്നെ അനുഗ്രഹിക്കേണമേ!' എന്നു മധുരതരമാകുംവണ്ണം പറഞ്ഞപ്പോൾ, രാജാവു് ആ ആനന്ദമൂർച്ഛയിൽനിന്നുണർന്നു് കുന്ദലതയെ ഗാഢമായി പിന്നെയും പിന്നെയും ആശ്ലഷിച്ച്, മൂർദ്ധാവിൽ പലവുരു ചുംബിച്ചശേഷം രണ്ടു കൈകളെക്കൊണ്ടും തല തൊട്ടനുഗ്രഹിക്കുകയുംചെയ്തു.
രാജാവു്: ഈശ്വരൻ ഇന്ന് എന്നെ സന്തോഷം കൊണ്ടു കൊല്ലുവാൻ നിശ്ചയിച്ചിരിക്കുന്നുവോ? ഈ മോദഭാരം വഹിക്കുവാൻ എനിക്ക് ഒട്ടും ശക്തി പോരാ. ഇനി എനിക്കു ഗംഗാതീരത്തേക്കും മറ്റും പോകാനാഗ്രഹമില്ല. ഈ സന്തോഷം അനുഭവിച്ചുകൊണ്ടു തന്നെ പരലോകപ്രാപ്തിക്കു സംഗതിവന്നാൽ മതിയായിരുന്നു. ഇത്ര അപരിമിതമായ സന്തോഷം ഇതിൻകീഴിൽ ഉണ്ടായിട്ടില്ല, നിശ്ചയം. മേലാൽ എത്ര കാലം ഇരുന്നാലും, എവിടെത്തന്നെ പോയാലും, എന്തുതന്നെ ചെയ്താലും ഈ വിധം സന്തോഷം ഉണ്ടാകുന്നതും അല്ല.
കപിലനാഥൻ: ഇവിടുത്തെ ആഗ്രഹം സാധിക്കുന്നതാകയാൽ അതു ഞങ്ങൾക്കു വലിയൊരിച്ഛാഭംഗത്തിന്നു കാരണമാണു്. ദയാപയോധിയായിരിക്കുന്ന അങ്ങുന്നു്, ഞങ്ങളുടെ ഇടയിൽ രാകാസുധാകരനെപ്പോലെ ആഹ്ലാദകരനായി ഇനിയും ചിരകാലം ഇരിക്കേണമെന്നാണ് ഞങ്ങളുടെ പ്രാർത്ഥന.
പിന്നെ കപിലനാഥൻ 'ഇതു ജ്യേഷ്ഠനാണു്' എന്നു പറഞ്ഞ് കുന്ദലതയ്ക്ക് പ്രതാപചന്ദ്രനെ കാണിച്ചുകൊടുത്തു. അവർ തമ്മിൽ തങ്ങളുടെ സ്നേഹത്തെ കാണിച്ച ശേഷം, കപിലനാഥൻ കുന്ദലതയെ മറ്റെല്ലാവരുടെയും അടുക്കൽ കൊണ്ടുപോയി.ഓരോരുത്തരെ വെവ്വേറെ വിവരംപറഞ്ഞ് കാണിച്ചു. കുന്ദലതയ്ക്കു പണ്ടു താൻ കാണാത്ത ആളുകളേയും സ്ഥലങ്ങളെയും സാധനങ്ങളേയും കാണുക-