അതിന്റെ സൂക്ഷമം അറിവാനും രാമദാസനെ ഏല്പിച്ചിട്ടുണ്ടായിരുന്നു. അവൻ ഇങ്ങോട്ടു പോന്നിരിക്കുമ്പോൾ താരാനാഥൻ അവിടെ എത്തി. ധർമപുരിയിൽവച്ചു ഞങ്ങൾ തമ്മിൽ യദൃച്ഛയായി കണ്ടെത്തി. ഞാൻ എന്റെ ഭവനത്തിലേക്കു് കൂട്ടിക്കൊണ്ടുപോയി താമസിപ്പിച്ചു.
താരാനാഥൻ: ഞാൻ എന്റെ പരമാർത്ഥം അപ്പോൾതന്നെ അറിയിച്ചിരുന്നുവെങ്കിൽ, അച്ഛനു് എത്ര സന്തോഷമുണ്ടായിരുന്നു.
കപിലനാഥൻ: എന്റെ സന്തോഷത്തിനു് ഒട്ടും കുറവുണ്ടായിരുന്നില്ലെന്നുതന്നെ പറയാം. താരാനാഥനെ കണ്ടപ്പോൾതന്നെ എനിക്കു സംശയം തോന്നി. പിന്നെ രാമദാസൻ മടങ്ങിവന്നപ്പോൾ കൊണ്ടുവന്ന അഘോരനാഥന്റെ എഴുത്തുകൊണ്ടും മിക്കതും തീർച്ചയായി. അതിനുശേഷം ഒരു ദിവസം താരാനാഥൻ കുതിരപ്പുറത്തുനിന്നു വീണപ്പോഴാണു് എനിക്കു നല്ല തീർച്ചയായതു്. അരയിൽ കുട്ടിക്കാലത്തുതന്നെ അവനു് ഒരു മറു ഉള്ളതു് എനിക്കു സൂക്ഷിച്ചുനോക്കി കാണ്മാൻ; വീണു മേഹാലസ്യപ്പെട്ടു കിടക്കുമ്പോൾ തരംവന്നു. അതു കണ്ടപ്പോൾ സംശയം ഒക്കെയും തീരുകയും ചെയ്തു.
കുന്ദലത: രാമകിശോരൻ കുതിരപ്പുറത്തുനിന്നു വീണതിൽ പിന്നെ, അച്ഛന് രാമകിശോരനെക്കുറിച്ചു പ്രതിപത്തി അധികമായി കണ്ടു. അതിന്റെ കാരണം ഇപ്പോഴാണു് എനിക്കു മനസ്സിലായതു്.
താരാനാഥൻ: (ചിരിച്ചുകൊണ്ടു്)രാമകിശോരൻ എന്നു്, എന്റെ അജ്ഞാതവാസകാലത്തെ പേരാണു്. ഇപ്പോൾ ഞാൻ പണ്ടത്തെ താരാനാഥൻതന്നെയായി, എന്നു പറഞ്ഞപ്പോൾ എല്ലാവരും ഒന്നു ചിരിച്ചു. കുന്ദലത അല്പം നാണംപൂണ്ടു.
രാജാവു്: ഇവരുടെ ചരിത്രം ആശ്ചര്യംതന്നെ. ഇതൊക്കെയും എഴിതുവച്ചാൽ വായിക്കുന്നവർക്കു വളരെ നേരംപോക്കുണ്ടാകും, അജ്ഞാതവാസവും--പ്രച്ഛന്നവേഷവും--കൈനാമവും--ചിത്രം!ചിത്രം!
കപിലനാഥൻ: താരാനാഥനും ഞാനും ഗുരുശിഷ്യന്മാരുടെ നിലയിലായിരുന്നു. ഇങ്ങോട്ടു പോരുന്നതിന്റെ തലേന്നാളാണു് താരാനാഥനോടു് എന്റെ വസ്തുത അറിയിച്ചതു്.
താരാനാഥൻ: കഷ്ടം! അതുവരേയും അച്ഛൻ എന്നെ പരമാർത്ഥം അറിയിക്കാതെ കഴിച്ചുവല്ലോ. എങ്കിലും എനിക്കു് അതുകൊണ്ട് അധികം വ്യസനിക്കുവാനില്ല. അച്ഛനാണെന്നു് അറിഞ്ഞിട്ടില്ലെങ്കിലും എന്റെ സ്നേഹത്തിനും ബഹുമാനത്തിനും ഒട്ടും കുറവുണ്ടായിട്ടില്ല. പക്ഷേ, വസ്തുത മുൻകൂട്ടി അറിഞ്ഞാൽ എനിക്കു വളരെ സന്തോഷവുംകൂടെയുണ്ടാകുന്നതായിരുന്നു.
കപിലനാഥൻ: താമസിയാതെ അറിയിക്കേണമെന്നുതന്നെയായിരുന്നു എന്റെ വിചാരം. കുന്ദലതയ്ക്കു് യൗവനമായി. എന്റെ