സ്വാമിക്കു് സ്വർഗപ്രാപ്തി വരുന്നതിനു മുമ്പായി. കുന്ദലതയെ തിരുമുമ്പാകെ കൊണ്ടുവന്നു തന്നു്. എന്റെ അപരാധങ്ങളെ ഒക്കെയും ക്ഷമിക്കുവാൻ അപേക്ഷികേണമെന്നും, അതിന്നു് ഇങ്ങോട്ടു മടങ്ങിവരുവാൻ ഒരു സംഗതിയുണ്ടാകേണമെന്നും, ഉണ്ടായശേഷം താരാനാഥനെ വസ്തുത ഒക്കെയും അറിയിക്കാമെന്നും, ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണു് യുദ്ധമുണ്ടാവുമെന്നുള്ള വർത്തമാനം അറിഞ്ഞതു്.
പ്രതാപചന്ദ്രൻ: അതെങ്ങനെ അറിഞ്ഞു?
അഘോരനാഥൻ: കുന്തളരാജ്യത്തേക്കു ദൂതനെ അയച്ചു് വിവരം ഇവിടുന്നു് എന്നോടു പറഞ്ഞപ്പോൾത്തന്നെ, ഒട്ടും താമസിയാതെ ഞാൻ രാജധാനിയിൽനിന്നു് ഇവിടെ വന്നു് ഒന്നാമതു ചെയ്തതു് ജ്യേഷ്ഠനെ വിവരം അറിയിക്കുവാൻ ഒരു ദൂതനെ എഴുത്തും കൊടുത്തു് അയയ്ക്കുകയാണു്.
സ്വർണമയി: ആ ദൂതനും അച്ഛനെ കണ്ടിട്ടറിഞ്ഞില്ലേ?
കപിലനാഥൻ: അവൻ എന്റെ പക്കൽ നേരിട്ടു് എഴുത്തു തരികയല്ല. ധർമപുരിയിൽ എന്റെ ചരിചാരകനായ ഒരു ബ്രഹ്മണന്റെ പക്കൽ ഒരു പെട്ടി കൊണ്ടുപോയി കൊടുക്കുവാനാണു് അഘോരനാഥൻ അവനെ അയച്ചിരുന്നതു്. ആ പെട്ടി പിറ്റേദിവസംതന്നെ അദ്ദേഹം എനിക്കു തന്നു. അതിൽ എനിക്കു് ഒരു എഴുത്തും ഒരു പട്ടുറുമാലും ഉണ്ടായിരുന്നു. പട്ടുറുമാൽ ഞാൻ വേഷച്ഛന്നനായി വരുന്ന സമയം കണ്ടറിവാൻ അടയാളത്തിന്നു വേണമെന്നു കരുതി അഘോരനാഥൻ അയച്ചുതന്നതു വളരെ ഉപകാരമായിത്തീർന്നു.
താരാനാഥൻ: അച്ഛാ! നമുക്കു കുതിരകളേയും ആയുധങ്ങളും കിട്ടിയതോ?
കപിലനാഥൻ: അഘോരനാഥന്റെ ദീർഘദൃഷ്ടിയുടെ വൈഭവം വേറെ ഒരു സംഗതിയിലാണു് എനിക്കു് അനുഭവമായതു്. ഞങ്ങൾ ഇങ്ങോട്ടു വരുമ്പോൾ എനിക്കും താരാനാഥന്നും ഓരോ കുതിരയുണ്ടായിരുന്നു. ധർമപുരിക്കു സമീപമുള്ള ഒരു കൊല്ലനെക്കൊണ്ടു പണിയിച്ച ചില ബലം കുറഞ്ഞ ആയുധങ്ങളും എന്റെ പക്കൽ ഉണ്ടായിരുന്നു. അഘോരനാഥന്റെ എഴുത്തിൽ കണ്ടപ്രകാരം, രാജധാനിയിൽ നിന്നു് ഏഴെട്ടു കാതം വടക്കായി ഞങ്ങൾക്കു പോരേണ്ടുംവഴിക്കു് ഒരേടത്തു് ഒരുവനെ കണ്ടു് ആ പട്ടുറുമാൽ അടയാളം കാണിച്ചപ്പോൾ, അകത്തുപോയി അവന്നും ഒരു ഉറുമാൽ എടുത്തുകൊണ്ടുവന്നു നൂർത്തി നോക്കിയപ്പോൾ രണ്ടും ഒരിണയാണെന്നു ബോദ്ധ്യംവന്നയുടനെ അവൻ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി, അഞ്ചു കുതിരകളെയും പല ആയുധങ്ങളേയും കാണിച്ചുതന്നു് ആവശ്യമുള്ളതു് എടുക്കാമെന്നു പറഞ്ഞു. അവയിൽ ഏറ്റവും മേത്തരമായ ഒരു കുതിരയെ ഞാൻതന്നെ എത്തു. വേറെ നല്ല രണ്ടു കുതിരകളെ താരാനാഥന്നും രാമദാസനും