മൃഗങ്ങൾ ഒക്കെയും ഒടുങ്ങിയപ്പോഴേക്കു് ഭക്ഷിക്കത്തക്കതായ ചില മൃഗങ്ങളെ വേടർ തിരഞ്ഞെടുത്ത് വേറെ വച്ചുകൊണ്ടിരിക്കെ, നായാട്ടിനു വന്നിട്ടുളളതിൽ പ്രധാനികളായ രണ്ടാളുകൾ തങ്ങളുടെ ഭവനത്തിലേക്കു മടങ്ങിപ്പോകാൻ തയ്യാറായി, കുതിരപ്പുറത്തു കയറി. അവരുടെ വേഷംകൊണ്ടും മറ്റുളളവർ അവർക്കു കാണിക്കുന്ന വണക്കംകൊണ്ടും അവർ പ്രധാനികളാണെന്നു വേഗത്തിൽ അറിയാം. കറുത്ത കുപ്പായവും ചുവന്ന തൊപ്പിയും ഉളള ഒരാളെക്കുറിച്ചു മുമ്പെ പറഞ്ഞുവല്ലോ. അയാൾക്കു് അമ്പതു വയസ്സു പ്രായമായിരിക്കുന്നു. പലപ്പോഴും ഇങ്ങനെയുളള വ്യയാമംകൊണ്ടായിരിക്കുമെന്നു തോന്നുന്നു, അയാളുടെ അവയവങ്ങൾ വളരെ പുഷ്ടിയുളളവ ആയിരുന്നു. മുഖത്തിനു സൗമ്യത കുറയുമെങ്കിലും പുരുഷലക്ഷണം തികച്ചും ഉണ്ട്. നീണ്ട് അല്പം വളഞ്ഞ മൂക്കും, വിസ്തൃതമായ നെറ്റിയും വളരെ തടിച്ച പുരികക്കൊടികളും ഉണ്ടായിരുന്നതിനാൽ മറ്റ് അനവധി മുഖങ്ങളുടെ ഇടയിൽനിന്നു് ആ മുഖം തിരിച്ചറിയാൻ പ്രയാസമുണ്ടായിരുന്നില്ല. ഒരിക്കൽ കണ്ടാൽ ആ മുഖം മറക്കാനും എളുപ്പമല്ല.
മറ്റേ ആൾ അതിസുഭഗനും സൗമ്യനുമായ ഒരു ചെറുപ്പക്കാരനാണു്. എകദേശം ഇരുപത്തഞ്ചു വയസ്സു പ്രായമായിരിക്കുന്നു. അധികം എകരമില്ല. വളരെ കൗതുകം തോന്നുന്ന നീല വില്ലീസ്സുകൊണ്ടു് ഒരു കുപ്പായവും ചുവന്ന കസവുതൊപ്പിയുമുണ്ടു്. വേട്ടയ്ക്കു താല്പര്യമുണ്ടെങ്കിലും പരിചയം കുറയുമെന്നു കണ്ടാൽ തീർച്ചയാവും.ദുർഘടമായ ദിക്കുകളിൽക്കൂടി കുതിരയെ വേഗത്തിൽ ഓടിപ്പാൻ സാമർത്ഥ്യം കുറയും. വേട്ടയുടെ അദ്ധ്വാനംകൊണ്ട് രണ്ടു പേർക്കും നല്ലവണ്ണം വിയർത്തിരിക്കുന്നു. ക്ഷീണം തീർക്കുവാനായിട്ട് ഒരുവൻ കുറെ പാലും പലഹാരങ്ങളും കൊണ്ടുവന്നു. രണ്ടുപേരുംകൂടി അതു ഭക്ഷിച്ചു ക്ഷീണം തീർത്തശേഷം നമ്മുടെ 'കുമാരനെവിടെ?' എന്ന് വലിയ ആൾ ഉച്ചത്തിൽ ചോദിച്ചതിനു് 'സ്വാമി അല്പം തെക്കോട്ടു പോയിരിക്കുന്നു. ഞങ്ങളിൽ ചിലരും ഒരുമിച്ചു പോയിട്ടുണ്ടു് 'എന്ന് ഒരു വേടൻ ഉത്തരം പറഞ്ഞു.'അയാൾക്ക് അപകടം ഒന്നും വരില്ലായിരിക്കും 'എന്ന് ആ ചെറുപ്പകാരനും പറഞ്ഞു. ഇങ്ങനെ രണ്ടാളുംകൂടി പോയ കുമാരൻ വരുന്നതു കണ്ടുകൊണ്ടിരിക്കെ തെക്കുനിന്ന് അതിഘോഷമായ ആർപ്പും കോലാഹലവും കേൾക്കുമാറായി. ഉടനെ എല്ലാവരുംകൂടി ആ ദിക്കിന്നു നേരിട്ടു പാഞ്ഞു. ഇരുവരും അങ്ങോട്ടു കുതിരയെ ഓടിച്ചു. അവിടെ വൃക്ഷങ്ങൾ കുറഞ്ഞ നിരന്ന ഒരു സ്ഥലമുണ്ടു്. അതിന്റെ അങ്ങേ അറ്റത്തുനിന്നു് ഇവർ കാത്തുനിന്നിരുന്ന കുമാരൻ ജീനിയില്ലാതെ ഒരു കുതിരപ്പുറത്തു കയറി. അതികേമത്തിൽ പായിപ്പിക്കുന്നതും അതിന്റെ പിന്നിൽ, തൊട്ടു തൊട്ടില്ല എന്ന വിധത്തിൽ വലിയ ഒരു കൊമ്പനാന അയാളെ പിടിപ്പാൻ തുമ്പിക്കൈ നീട്ടിക്കൊണ്ടു പാഞ്ഞണയുന്നതും കണ്ടു.ആനയ്ക്കു ദ്വേഷ്യം സഹിക്കുന്നില്ല. ഉളള ശക്തിയൊക്കെയുമിട്ടു