മണ്ടുന്നതുമുണ്ടു്. ആപൽക്കരമായ ഈ അവസ്ഥ കണ്ടപ്പോൾ അയ്യൊ! എന്ന ശബ്ദം കണ്ടുനിൽക്കുന്ന അധികം അളുകളിൽ നിന്നും ഒന്നായി പുറപ്പെട്ടു. ആ ശബ്ദം പുറപ്പെടാനിടയുണ്ടായില്ല. അപ്പോഴേക്കുതന്നെ എങ്ങനെ എന്നറിയാതെ ആന പൊടുന്നനെ അവിടെനിന്നു് ഇടത്തും വലത്തും ചുവട്ടിലേക്കു നോക്കി വട്ടം തിരിഞ്ഞുതുടങ്ങി. അതിനിടയിൽ കുമാരൻ കുതിരയെ ഓടിച്ച് ആനയെ വളരെ പിന്നിട്ടു. അപ്പോൾ ഹാ! ഹാ! എന്ന സന്തോഷ സൂചകമായ ശബ്ദം കാണികളിൽനിന്നു പുറപ്പെട്ടു.
ഉടനെ ജനങ്ങൾ എല്ലാവരും ഏകാഗ്രദൃഷ്ടികളായി, ആന നിന്നു പോകാൻ കാരണമെന്തെന്നു സൂക്ഷിച്ചുനോക്കിയപ്പോൾ ഒരു വേടൻ ഓടുന്ന ആനയുടെ കാലിന്നിടയ്ക്ക് കടന്നുകൂടി. ഒരു കാലിന്മേൽ പറ്റിനിന്ന് അതിന്മേൽ കട്ടാരംകൊണ്ടു കുത്തുന്നതു കണ്ടു. കുമാരന്റെ പിന്നാലെ പായുകയാൽ അവൻ ഉപദ്രവം ഏല്പിക്കുന്നതു കുറെ നേരത്തേക്കു ആന അറിഞ്ഞില്ല. പിന്നെ വേദന സഹിക്കുവാൻ കഴിയാതായപ്പോൾ ആന കുമാരനെ ഉപേക്ഷിച്ച് തന്റെ പുതിയ ശത്രുവിനെ പിടിപ്പാൻ ശ്രമിച്ചുതുടങ്ങിയതാണെന്നു തെളിവായി. അത്ര കഠിനമായി ഉപദ്രവിക്കുന്ന ആ ശത്രവിനെ പിടികിട്ടായ്കയാൽ ആ വലിയ ജന്തുവിന് ഭ്രാന്തുപിടിച്ചു കാണിക്കുന്ന ഗോഷ്ടികൾ കണ്ടു്, കാണികൾ സന്തോഷിക്കുമ്പോൾ, കാലിന്നടിയിൽ പറ്റികൂടിയിരിക്കുന്ന വേടൻ വളരെ സാമർത്ഥ്യത്തോടുകൂടി ഉരണ്ടുപിരണ്ട്, ആനയ്ക്കു പിടിപ്പാൻ കിട്ടാതെ പാഞ്ഞൊഴിഞ്ഞു. അപ്പോഴും ജനങ്ങളിൽ നിന്നു സന്തോഷശബ്ദം പുറപ്പെട്ടു.
ഇനി ആന എങ്ങോട്ടു പായുന്നുവോ എന്നറിയാതെ എല്ലാവരും ഒന്നു നടുങ്ങി. അപ്പോഴേക്കു മറ്റൊരു വേടൻ ജീനികൂടാതെ ഒരു കുതിരപ്പുത്തു കയറി പൃഷ്ടഭാഗം ആനയുടെ മുന്നിലേക്കാക്കി ആനയുടെ അടുത്തു ചെന്നു നിന്നും തല തിരിച്ചു പിന്നോക്കം ആനയെ നോക്കിക്കൊണ്ടും അതിനെ വെറി ഇടുപ്പിക്കുവാൻ ഓരോന്നും പറഞ്ഞുകൊണ്ടും കുതിരയെ പതുക്കെപ്പതുക്കെ ഓരോ അടിയായി പിന്നോട്ടു നടത്തി ആനയോടു അധികം അടിപ്പിച്ചുതുടങ്ങി. കണ്ടുനിൽക്കുന്നവർ അത്ഭുതം കൊണ്ടു നിശ്ശബ്ദന്മാരായി. ആന കുറെ നേരത്തേക്ക് ഒന്നും അനങ്ങാതെ നിന്നു. വേടനും കുതിരയും ഹസ്തപ്രാപ്തമായി എന്നു തോന്നിയപ്പോൾ അവിടെ നില്ക്കുന്നവർ ഒക്കേയും ഞെട്ടത്തക്കവണ്ണം ഒന്നു ചീറി, ചെവിയടുത്തു പിടിച്ച് തുമ്പിക്കൈനീട്ടി, വാലുയർത്തി ഭൂമികുലുങ്ങത്തക്കവിധത്തിൽ മുമ്പോട്ടു പാഞ്ഞു. കൈയിൽക്കിട്ടിപ്പോയി എന്നുതന്നെയാണ് ആന വിശ്വസിച്ചതു്, നോക്കിയപ്പോൾ വേടൻ തന്റെ കുതിരയെ തിരിച്ചോടിച്ചു് ആനയുടെ ഇടത്തുഭാഗത്തായി കുറെ ദൂരെ ചെന്നു നില്ക്കുന്നതു കണ്ടു. ആശാഭംഗംകൊണ്ടു് ആനയ്ക്കുണ്ടായ ദ്വേഷ്യം വിചാരിച്ചാൽ അറിയാവുന്നതാണു്. ഒട്ടും താമസ്സിയാതെ ആന തിരിച്ചു പിന്നെയും അവനെ പിടിക്കുവാൻ പാഞ്ഞു. വേടൻ മുമ്പിലും ആന പിമ്പിലുമായി നേ