ടങ്ങി. കുടിലന്മാരായ ചില സചിവന്മാരുടെയും വാർദ്ധക്യത്തിലുണ്ടാകുന്ന ചില ചപലതകൾക്കു കൊണ്ടാടിനിന്നിരുന്ന ഒരു വേശ്യയുടെയും പൈശൂന്യത്താൽ, അകാരണമായിട്ടു് അത്യന്തം വിശ്വാസയോഗ്യനായ ആ കപിലനാഥനെ കാരാഗൃഹത്തിലാക്കേണമെന്നു് രാജാവു കല്പിക്കുകയാൽ അദ്ദേഹം ഏകശാസനയായി ഭരിച്ചിരുന്ന ആ രാജ്യത്തിൽത്തന്നെ ഒരു തടവുകാരനായി കാലം കഴിപ്പാനുള്ള ദൈന്യത്തെ ഭയപ്പെട്ടു സ്വന്തം കൈയിനാൽ ജീവനാശം വരുത്തിയെന്നുമാണ് വർത്തമാനം.
താരാനാഥനു് ഇരുപത്തിരണ്ടു വയസ്സു് പ്രായമായി, വിദ്യാഭ്യാസവും മററും വേണ്ടതുപോലെ കഴിഞ്ഞു. അഘോരനാഥന്റെ ശിക്ഷയാൽ ശസ്ത്രശാസ്ത്രത്തിൽ സാധാരണയിൽ അധികം നിപുണനായിത്തീരുകയുംചെയ്തു. സ്വർണമയീദേവിക്കു പതിനേഴു വയസ്സായി. പ്രാജ്ഞനായ അഘോരനാഥന്റെ സഹവാസംകൊണ്ടു രണ്ടുപേരും വളരെ ബുദ്ധികൗശലവും സന്മാർഗനിഷ്ഠയും തനിക്കുതാൻപോരിമയും ഉള്ളവരായിത്തീർന്നു.
താരാനാഥനു് ഇരുപതു വയസ്സായവരെയും രാജധാനിയിൽത്തന്നെയായിരുന്നു സോദരീസോദരന്മാർ പാർത്തിരുന്നതു്. കപിലനാഥൻ രാജാവിന്റെ കോപം നിമിത്തം ആത്മഹത്യചെയ്തുവെന്നു രാജാവു കേട്ടപ്പോൾ ശുദ്ധാത്മാവായ അദ്ദേഹത്തിനു് അതികഠിനമായ പശ്ചാത്താപം ഉണ്ടായി. അതിനു കാരണഭൂതന്മാരായ ദുഷ്ടസചിവന്മാരെ അപ്പപ്പോൾത്തന്നെ കാരാഗൃഹത്തിലാക്കുവാൻ കല്പിച്ചു. കപിലനാഥന്റെ സന്താനങ്ങളെ വേണ്ടുംവണ്ണം വാത്സല്യത്തോടുകൂടി നോക്കിവളർത്തുവാൻ എല്ലാംകൊണ്ടും അഘോരനാഥനെപ്പോലെ ആരും തരമാവില്ലെന്നുവച്ചു, അവരെ അദ്ദേഹത്തെ പ്രത്യേകം ഭരമേല്പിച്ചു കൊടുക്കുകയും ചെയ്തു. എന്നുതന്നെയല്ല, രാജാവു് കൂടെക്കൂടെ അവരെ ആളയച്ചുവരുത്തി അവരെ യോഗക്ഷേമം അന്വേഷിക്കകയുംചെയ്യും. ചെറുപ്പകാലത്ത് അവരുടെ ഭവനം രാജമന്ദിരംതന്നെയായിരുന്നു, രാജകുമാരൻ അവരുടെ സഖാവായിരുന്നു. രണ്ടു സംവത്സരം ഇപ്പുറമാണു് അവർ അഘോരനാഥൻ ഒരുമിച്ചു് ഉദ്യാനഭവനത്തിലേക്കു പാർപ്പു മാറ്റിയതു്. അഘോരനാഥന്റെ ഭാര്യ മുപ്പതിൽ അധികം വയസ്സായിട്ടും പ്രസവിച്ചിട്ടുണ്ടായിരുന്നില്ല. ആ സ്ത്രീ താരാനാഥനെയും സ്വർണ്ണമയിദേവിയെയും വളെരെ സ്നേഹത്തോടുകൂടി തന്റെ സ്വന്തം മക്കളെപോലെ രക്ഷിച്ചുപോരുന്നുമുണ്ടു്. ഇങ്ങനെയാണു് ചന്ദനോദ്യാനത്തിന്റെയും അതിൽ പാർത്തുവരുന്നവരുടെയും വൃത്താന്തം.