ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

എന്നു ചോദിച്ചു. 'അസംബന്ധമാണോ, എന്നോടു ചോദിച്ചതിനു് ഉത്തരമല്ലേ' എന്നുത്തരം പറഞ്ഞു്, 'കഷ്ടം! ഇവിടുത്തേക്കു് ഇതു മനസ്സിലാകുന്നില്ലല്ലോ' എന്നു പറയും വിധത്തിൽ മുഖത്തേക്കൊന്നു നോക്കി. രാജകുമാരനു് ആകപ്പാടെ ഒരു പരിഭ്രമമാണു് ഉണ്ടായത്. ഒന്നും ഉത്തരം പറഞ്ഞതുമില്ല. 'ഓ! ഞാൻ വന്നിട്ടു നിങ്ങളുടെ സ്വൈരസല്ലാപം മുടങ്ങി, അല്ലേ. ഞാനിതാ പോകുന്നു' എന്നു പറഞ്ഞു താരാനാഥൻ പുറത്തേക്കു നടന്നുതുടങ്ങി.' ഞങ്ങൾക്കു ഏട്ടൻ കേൾക്കുവാൻ പാടില്ലാത്ത സ്വകാര്യം എന്താണള്ളത്? ഞങ്ങളുംകൂടി പോരാം' എന്നു പറഞ്ഞു് സ്വർണമയി രാജകുമാരന്റെ കൈയും പിടിച്ചുകൊണ്ടു വേഗത്തിൽ തോട്ടത്തിലേക്കു നടന്നു. താരാനാഥൻ അവിടെ ഒട്ടും നില്ക്കാത തന്റെ കുതിരകളെ നോക്കുവാനായിട്ടു പന്തിയിലേക്കു പോയി.

സ്വർണമയി: 'കുമാരാ, ഞാൻ പറഞ്ഞതിന്റെ താല്പര്യം മനസ്സിലായില്ലേ? ജ്യേഷ്ഠൻ വരുന്നതുകൊണ്ടു നമ്മുടെ സംസാരം തടസ്സപ്പെട്ടു എന്നു തോന്നിക്കുന്നതു നന്നോ?' എന്നു ചോദിച്ചു.

രാജകുമാരൻ: 'ആ വിദ്യ എനിക്ക് അറിവുണ്ടായിരുന്നില്ല. ഇനി ഞാൻ ഓർമ വച്ചുകൊള്ളാം' എന്നു പറഞ്ഞു പകുതിയാക്കിവച്ചിരുന്ന മുമ്പത്തെ സല്ലാപം വീണ്ടും തുടർന്നു. ഉദ്യാനത്തിന്റെ ഒരു അറ്റത്തു വലിയ ഒരു പരന്ന കല്ലിന്മേൽ രണ്ടുപേരും പോയിരുന്നു.

രാജകുമാരൻ: ദേവീ, വരുന്ന അയില്യം എന്റെ ജന്മനക്ഷത്രമാണെന്നറിയാമല്ലൊ. പുറന്നാൾസദ്യയ്ക്കു വളരെ ഘോഷമായി വട്ടംകൂടുവാൻ അച്ഛൻ കല്പിച്ചിരിക്കുന്നു. ദേവിയെയും താരാനാഥനെയും പുറന്നാളിനു നാലു ദിവസം മുമ്പുതന്നെ ക്ഷണിച്ചുകൊണ്ടു വരേണമെന്നു് അച്ഛൻ എന്നോടു പ്രത്യേകം പറഞ്ഞിരിക്കുന്നു. അച്ഛന്നു നിങ്ങളെ രണ്ടാളെയും കാണുന്നതു വളരെ സന്തോഷമാണെന്നു് അറിയാമല്ലൊ. അതുകൊണ്ടു് ദേവിയും താരാനാഥനും മറ്റന്നാൾതന്നെ എന്റെ ഒരുമിച്ചു് രാജധാനിയിലേക്കു പോരണം.

സ്വർണമയി: ഞങ്ങൾ രണ്ടാളും ഇവിടുത്തെ ഒരുമിച്ചു വരുന്നതത്ര ഭംഗിയാകുമോ? ജനങ്ങൾ ഞാൻ ഇവിടുത്തെക്കൂടെ വന്നാൽ എന്തുപറയും?

രാജകുമാരൻ: അഘോരനാഥനും കുടെ വരുന്നില്ലെ. നിങ്ങൾ എല്ലാവരും കുടെ രാജധാനിയിലേക്കു പോകുമ്പോൾ ഞാനും നിങ്ങളുടെ കൂട്ടത്തിൽ വന്നുവെന്നല്ലാതെ നിങ്ങളെ ഞാൻ കൂട്ടിക്കൊണ്ടു വന്നു എന്നു പറയുമോ?

സ്വർണമയി: ഇവിടുന്നു കൂടെയുണ്ടായിരിക്കുക. ഞങ്ങൾ രാജധാനിയിലേക്കു പോവുക. ഇങ്ങനെയായാൽത്തന്നെ ഇവിടുന്നു ഞങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നു എന്നല്ലാതെ വരികയില്ല.

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/24&oldid=214310" എന്ന താളിൽനിന്ന് ശേഖരിച്ചത്