കൊണ്ടു് മറ്റവരുടെ ശങ്കാപരിഹാരം വരുത്തി. 'ഇങ്ങനെ അപൂർവം ചിലർ ചിലപ്പോൾ വരുമാറുണ്ടു്.പക്ഷേ,ഇത്ര കെട്ടിമൂടിക്കൊണ്ടും മുഖം കാണിക്കാതേയും മററുമല്ല. ഈ മാതിരിക്കാരെ ചാരന്മാരെന്നാണു് പറയുക. ഓരോ രാജ്യങ്ങളിൽ, ഓരോ വേഷം ധരിച്ചു്, ഓരോ പേരും പറഞ്ഞു്, അവിടവിടെ കഴിയുന്ന വർത്തമാനങ്ങൾ ഓരോന്നു് ഒററുനിന്നറിഞ്ഞു് നമ്മുടെ സ്വാമിയെ സ്വകാര്യമായി വന്നറിയിക്കുക, ഇതാണുപോലും ഈ കൂട്ടരുടെപണി; മൊരം കളളന്മാരാണു് 'എന്നു് പഴക്കമേറിയ ഒരു ഭൃത്യൻ മററവരോടു പറഞ്ഞു. മറ്റൊരു ഭൃത്യൻ: അതു് ഒട്ടും ഇല്ലാത്തതല്ല. ഇവനും അമ്മാതിരിക്കാരൻ തന്നെയായിരിക്കണം. അല്ലെങ്കിൽ ഇങ്ങനെ വരേണ്ട ആവശ്യം എന്തു് ? ആ വിദ്വാന്റെ കുപ്പായവും കാലൊറയും കെട്ടും, പൂട്ടും എല്ലാം പാടേ കണ്ടപ്പോൾ ഇതാരെടാ! എന്നു് വിചാരിച്ചുവല്ലോ ഞാൻ! അതെല്ലെടോ! ഇക്കള്ളന്മാർ നമ്മുടെ നാട്ടിൽ കഴിയുന്ന വർത്തമാനം എല്ലാം മറ്റെങ്ങാനും പോയി പറഞ്ഞാലോ? അതു് നോക്കു് ദോഷല്ലേ? മൂന്നാമതു് ഒരു ഭൃത്യൻ: അങ്ങനെ ഏതാനും ചെയ്താൽ നമ്മുടെ യജമാനൻ ഇവനെ വെച്ചേക്കുമോ? രണ്ടാമതു് പറഞ്ഞ ഭൃത്യൻ: ഈ കൂട്ടരെ എങ്ങനെ വിശ്വസിക്കും? അങ്ങനെ വല്ലതും ചെയ്താൽതന്നെ ഇവരെ പിടിക്കാൻ കിട്ടാനോ? പതിനെട്ടടവും പമ്പരംപാച്ചിലും പടിച്ചവരല്ലേ? ഇങ്ങനെയെല്ലാം പറഞ്ഞുവെങ്കിലും യജമാനന്റെ കല്പനയ്ക്കനുസരിച്ചു് അവർ പുതുതായി വന്ന ആ മനുഷ്യനു് വേണ്ടതു് ഒക്കെയും കൊടുത്തു് സൗഖ്യമായി ഭക്ഷണം കഴിപ്പിച്ചു. ഉമ്മാൻ ഇരിക്കുമ്പോൾ അയാളുടെ മുഖം നോക്കുവാൻ അവർ ശ്രമിച്ചു. ഇരുട്ടത്തിരുന്നാണു് ഉണ്ണുന്നത് എന്നു പറയുകയാൽ അതിന്നു് തരമുണ്ടായില്ല. രാത്രി കിടക്കുമ്പോഴും അകത്തു് ഒരു വാതിൽ അടച്ചു താഴിട്ടാണു് കിടന്നതു്. ആയതുകൊണ്ടു് മുഖം കാണ്മാൻ അപ്പോഴും തരമായില്ല. ഏകദേശം അഞ്ചുനാഴിക പുലരാനുള്ളപ്പോൾ അഘോരനാഥൻ തന്നെ എഴുന്നേററു് വിളക്കു കൊളുത്തി. ആ മനുഷ്യനെ വിളിച്ചു് അയാളുടെ പക്കൽ ഒരു എഴുത്തു കൊടുത്തു.അതു് അപ്പോൾത്തന്നെ അടിക്കുപ്പായത്തിന്റെ കീശയിൽ സൂക്ഷിച്ചുവെച്ചു്, തന്റെ കുതിരപ്പുറത്തു കയറി ഒട്ടും താമസിയാതെ യാത്രപറഞ്ഞു പോകയുംചെയ്തു.
താൾ:Kundalatha.djvu/42
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു