വിചാരിച്ചപ്പോൾ ഞാൻ അറിയാതെ കണ്ണുനീർ പൊടിഞ്ഞതാണു്. അല്ലാതെ ഒന്നും ഇല്ല, ഉറങ്ങിക്കൊള്ളു. ഞാൻ നമുക്ക് അത്താഴത്തിനു കാലമായാൽ വന്നു വിളിക്കാം' എന്നു പറഞ്ഞു. കുമാരി, 'അച്ഛാ! എനിക്കു സംസാരിപ്പാൻ ആരും ഇല്ലാഞ്ഞിട്ടും തോട്ടത്തിൽ പണി എടുത്തതിന്റെ ക്ഷീണംകൊണ്ടും ഇത്ര നേരത്തെ ഉറങ്ങിപ്പോയതാണു്. അച്ഛൻ വന്നുവല്ലോ, ഇനി എനിക്കു ഉറങ്ങേണ്ട' എന്നു പറഞ്ഞു. യോഗീശ്വരനും ആ കുമാരിയുംകൂടി ഉമ്മറത്തേക്കു പോകുമ്പോൾ, മുമ്പേ പറഞ്ഞ മുത്തശ്ശി അമ്മ 'ഉമ്മാൻ കാലായിരിക്കുന്നു' എന്നു പറഞ്ഞു. യോഗീശ്വരൻ 'എന്നാൽ ഊൺ കഴിയട്ടെ' എന്നു പറഞ്ഞു് കാലും മുഖവും കഴുകി ഉമ്മാൻ ഇരുന്നു.
കുന്ദലത എന്ന ആ കുമാരി യോഗീശ്വരന്നു് പതിവു പോലെ ചോറു മാത്രം വിളമ്പി കൊടുത്തു് അടുക്കേതന്നെ ഉമ്മാൻ ഇരുന്നു. യോഗീശ്വരൻ ഒന്നും സംസാരിക്കാതെ വേഗത്തിൽ ഉമ്മാൻ തുടങ്ങി. കുന്ദലത 'എന്താ അച്ഛാ! എനിക്കു് ഉരുള തരാതെ ഉമ്മാൻ തുടങ്ങിയതു്?' എന്നു ചോദിച്ചു. യോഗീശ്വരൻ 'ഓ! അതു ഞാൻ മറന്നുപോയേ!' എന്നു പറഞ്ഞു് കൈ കഴുകി വേറെ കുറെ ചോറു മേടിച്ചു് വേഗത്തിൽ ഒരു ഉരുള ഉരുട്ടി കുന്ദലതയ്ക്കു് കൊടുത്തു. 'ഞാൻ വഴി നടന്ന ക്ഷീണംകൊണ്ടും, വിശപ്പുകൊണ്ടും പതിവുപോലെ ഉരുള തരുവാൻ മറന്നതാണു് ' എന്നു പറഞ്ഞു. കുന്ദലത 'അച്ഛൻ ക്ഷീണം കൊണ്ടു മറന്നതായിരിക്കും എന്നു ശങ്കിച്ചു; എങ്കിലും എനിക്കു് അച്ഛൻ തരുന്ന ഉരുള ഒന്നാമതുണ്ടില്ലെങ്കിൽ സുഖമില്ല. അതു കൊണ്ട് ചോദിച്ചതാണ്' എന്നു പറഞ്ഞു് ഉമ്മാൻ തുടങ്ങി. ഊൺ കഴിഞ്ഞാൽ രണ്ടുപേരുംകൂടി ഉമ്മറത്തും മുറ്റത്തും കുറച്ചുനേരം നടക്കുക പതിവുണ്ടു്. അന്നു രാത്രി അധികനേരം നടന്നില്ല. എന്നു തന്നെയല്ല, തമ്മിൽ അധികമായി ഒന്നും സംസാരിച്ചതുമില്ല. പൂന്തോട്ടത്തിൽ താൻ അന്നു ചെയ്ത പ്രയത്നങ്ങളെക്കുറിച്ചു് കുന്ദലത ചിലതൊക്കെ പറഞ്ഞതു് യോഗീശ്വരൻ മൂളിക്കേട്ടു എങ്കിലും മറുപടി പറഞ്ഞില്ല. അസാരം നേരം നടന്നശേഷം യോഗീശ്വരൻ 'പാർവതീ' എന്നു വിളിച്ചു. അപ്പോൾ ആ പ്രായം ചെന്ന സ്ത്രീ പുറത്തു വന്നു കിടക്ക വിരിച്ചിരിക്കുന്നുവെന്നറിയിച്ചു. 'കിടക്കാൻ സമയമായാൽ പോയിക്കിടന്നുകൊള്ളു' എന്നു പറഞ്ഞു. യോഗീശ്വരൻ കുന്ദലതയെ കൊണ്ടു പോയിക്കിടത്തി. 'ഞാനും കിടക്കട്ടെ' എന്നു പറഞ്ഞു പോകുവാൻ തുടങ്ങുമ്പോൾ 'ഇന്നു് അച്ഛനെന്താ ഇത്ര മറവി' എന്നു് കുന്ദലത ചോദിച്ചു. 'ഓ! എന്റെ മറവി ഇന്നു കുറെ അധികംതന്നെ, ക്ഷീണം കൊണ്ടാണു്' എന്നു പറഞ്ഞു് പതിവു പോലെ കുന്ദലതയുടെ കവിളിന്മേൽ ഗാഢമായി ചുംബനം ചെയ്ത് 'ഉറങ്ങിക്കൊള്ളൂ' എന്നു പറഞ്ഞു് വിളക്കു നന്നെ താഴ്‌ത്തി പുറത്തേക്കു പോയി.
എന്നാൽ, കുന്ദലതയോടു പറഞ്ഞപോലെ ഉറങ്ങുകയല്ല ചെയ്തതു്. കുറെ നേരം ഉമ്മറത്തു് ഉലാത്തിയശേഷം മുറ്റത്തേക്കിറങ്ങി