തളിച്ചു് വിശറികൊണ്ടു വീശിയപ്പോൾ പതുക്കെ കണ്ണുമിഴിച്ചു: അപ്പോഴാണു് എല്ലാവർക്കും മനസ്സിന്നു കുറച്ചു സമാധാനമായത്. യോഗീശ്വരൻ തോപ്പിൽനിന്നു ഒരു പച്ചമരുന്നു പറിച്ചു് അരയ്ക്കുവാൻ തുടങ്ങിയപ്പോഴേക്കു് കുന്ദലത അച്ഛന്റെ സഹായത്തിന്നുചെന്നു. അദ്ദേഹം അകത്തു പോയി പതുക്കെ മുറി കെട്ടഴിച്ചു് , കുന്ദലത അപ്പോഴേക്കു് അരച്ചുകൊണ്ടു വന്ന മരുന്നു മുറിയിന്മേൽ പിരട്ടി വേറൊരു ശീലകൊണ്ടു മൂടിക്കെട്ടുകയുംചെയ്തു. കുറച്ചു വെള്ളം കുടിച്ചപ്പോഴേക്കു് രാമകിശോരന്നു നല്ലവണ്ണം സ്വമേധയുണ്ടായി, അടുക്കെ നിൽക്കുന്നവരെ അറിയുമാറായി. യോഗീശ്വരൻ, 'ഒട്ടും ധൈര്യക്കേടു വേണ്ട, താമസിയാതെ ആശ്വാസമാവും' എന്നു പറഞ്ഞു് രാമകിശോരനെ ധൈര്യപ്പെടുത്തി, അദ്ദേഹത്തിന്നു വേണ്ടതു് ഒക്കെയും അന്യേഷിക്കുവാനായിട്ട് പാർവതിയേയും കുന്ദലതയേയും പ്രത്യേകിച്ചു പറഞ്ഞേൽപ്പിക്കുകയുംചെയ്തു.
താൾ:Kundalatha.djvu/58
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു