ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വർണമയി: അങ്ങുന്നു ഭർത്താവുമായിട്ടു് ചിലതു സംസാരിച്ചുകൊണ്ടിരിക്കെ ഭർത്താവിനോട് ചില പരുഷവാക്കുകൾ പറഞ്ഞു് ധൃതിപ്പെട്ടു് പോന്നതിനാൽ ഭർത്താവ് വലിയ വ്യസനത്തിൽ അകപ്പെട്ടിരിക്കുന്നു. എന്തുതന്നെയുണ്ടായാലും വേണ്ടതില്ല, അങ്ങുന്ന് ഇപ്പോൾ എന്റെ കൂടെതന്നെ പോന്നു് ,ഭർത്താവിന്റെ സന്താപം എങ്ങെനെയെങ്കിലും തീർത്തുതരേണം(എന്നിങ്ങനെ പറഞ്ഞുകഴിഞ്ഞപ്പോഴെക്കു് , കുറച്ചുനേരം ഒഴിഞ്ഞുനിന്നിരുന്നു, അശ്രക്കൾ രണ്ടാമതും അവളുടെ കണ്ണിൽ നിറഞ്ഞു).

അഘോരനാഥൻ: എന്റെ പരുഷവാക്കുകളല്ല യുവരാജാവിന്റെ വ്യസനത്തിനു കാരണം, അദ്ദേഹം ആലോചനകൂടാതെ ചെയ്ത ചില പ്രവൃത്തികളാണ്. ആ പ്രവൃത്തികളുടെ ഭവിഷ്യത്തു് എന്റെ വാക്കുകളെകൊണ്ടായിരിക്കാം അദ്ദേഹത്തിന്നു പ്രത്യക്ഷമായതു് . ഏതെങ്കിലും ഇനി വ്യസനിക്കുവാൻ ആവശ്യമില്ല. അപകടം വരാവുന്നേടത്തോളം ഒക്കെയും വന്നുകഴിഞ്ഞു . നമുക്കു് ഇപ്പോൾതന്നെപ്പോയി അദ്ദേഹത്തിന്റെ വ്യസനം തീർക്കുവാൻ ശ്രമിക്കാം.

എന്നിങ്ങനെ പറഞ്ഞു് അഘോരനാഥൻ രണ്ടുപേർക്കും ഡോലികൾ കൊണ്ടുവരുവാൻ കല്പിച്ചു. ഉടനെ ഡോലിയിൽ കയറി താനും സ്വർണ്ണമയിയും രാജധാനിയിൽ മടടങ്ങിയെത്തുകയും ചെയ്തു.

രാജ്ഞി അകമ്പടിയൊന്നുംകൂടാതെ ധൃതിപ്പെട്ടുപോയി.പ്രധാനമന്ത്രിയെ കൂട്ടിക്കൊണ്ടുവന്നതും, രാജാവിന്നു ഒട്ടും സുഖമില്ലാത്ത അവസ്ഥയും, രാജാവും അഘോരനാഥനും തമ്മിലുണ്ടായ സംഭാഷണവും പുരവാസികൾ അറിഞ്ഞു്, ഇതിന്നെല്ലാം കാരണമെന്തെന്ന് അന്യോന്യം രഹസ്യമായി ചോദിക്കുവാനും ഊഹിച്ച് ഓരോന്നും പറവാനും തുടങ്ങി. അഘോരനാഥൻ ആരോടും ഒന്നും സംസാരിക്കാതെ സ്വർണ്ണമയിയുടെ ഒരുമിച്ചുപോയി വ്യസനിച്ചു് കൊണ്ടുതന്നെ കിടന്നിരുന്ന പ്രതാപചന്ദ്രനെ സാവധാനത്തിൽ പിടിച്ചെഴുനീല്പിച്ചിരുത്തി താഴെ പറയും പ്രകാരം പറഞ്ഞുതുടങ്ങി.

അഘോരനാഥൻ: എന്റെമേൽ ഇവിടുത്തേയ്ക്ക് അപ്രിയം തോന്നുവാൻ ഞാൻ സംഗതിയുണ്ടാക്കീട്ടുണ്ടങ്കിൽ എനിക്കു് മാപ്പുതരേണം.എനിക്കു് കാര്യത്തിന്റെ വസ്തുതയും, ഇവിടുന്ന് പ്രവർത്തിച്ചതിന്റെ ഭവിഷ്യത്തും മനസ്സിൽ തോന്നിയ ഉടനെ എന്നെതന്നെമറന്നുപോയി. പാരുഷ്യമാണെന്ന് തോന്നത്തക്കവണ്ണം ഞാൻ വല്ലതും,പറയുകയോ,ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ഓർമ്മ ഇപ്പോൾത്തന്നെ ഇവിടുത്തെ മനസ്സിൽ നിന്നും തള്ളിക്കളയണം.നമുക്ക് വ്യസനിക്കുവാൻ ഇതല്ല സമയം. കാര്യത്തിന്റെ ഗൗരവം ഞാൻ ഗ്രഹിച്ചതുപോലെ ഇവിടുന്നുകൂടി

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/79&oldid=163085" എന്ന താളിൽനിന്ന് ശേഖരിച്ചത്