മാണ്ഡവ്യ ചരിതം.
21
മഹാരാജാവിനു് നല്ല വണ്ണം ബോധിച്ചു. "നാക്കെടുക്കാ- ജ്ജന്തുക്കളുടെ വിഷയത്തിൽ പോലും സഫലമായ വിധത്തിൽ ന്യായം നടത്തുന്നതാകയാൽ, ഞാൻ കെട്ടിച്ച മണിക്ക് 'ന്യായം നടത്തുന്ന മണി' എന്നു നാമകരണം ചെയ്തത് അത്ഥവത്തു തന്നെ” എന്നു പറഞ്ഞു രാജാവു് ചരിതാർത്ഥനായി.
മാണ്ഡവ്യ ചരിതം.
പണ്ടു മാണ്ഡവ്യൻ എന്നൊരു ബ്രാഹ്മണൻ ഉണ്ടായിരുന്നു. അദ്ദേഹം ബാല്യത്തിൽ മുറയ്ക്കു വേദശാസ്ത്രങ്ങളിൽ പാണ്ഡിത്യം സമ്പാദിച്ചു യഥാകാലം വിധിപ്രകാരം വാന- പ്രസ്ഥാശ്രമം സ്വീകരിച്ചു. പല പുണ്യതീർത്ഥങ്ങളിലും സ്നാനം ചെയ്തു പരിശുദ്ധാത്മാവായി സ്വനഗരത്തിൻ്റെ ബാഹിർഭാഗത്തു തന്നെ ഉണ്ടായിരുന്ന ഒരു കാട്ടിൽ ആശ്രമം ചമച്ചു പരമാനന്ദചിത്തനായി വസിച്ചു. ഒരു ദിവസം മഹർഷി പതിവു പോലെ സന്ധ്യാവന്ദനാദി കഴിച്ചു ധാന നിഷ്ഠനായി കണ്ണടച്ചു മൗനവ്രതം പൂണ്ടു സ്ഥിതിചെയ്യുമ്പോൾ, അവിടെ ഏതാനും മനുഷ്യാധമന്മാരായ തസ്കരന്മാർ വന്നെത്തി. അവർ തലേ ദിവസം രാത്രിയിൽ മോഷ്ടിച്ച സാമാനങ്ങൾ എല്ലാം, മഹർഷിയുടെ വാസത്താൽ പരിപൂതമായും രാജഭടന്മാർ സംശയിക്കത്തക്കതല്ലാത്തതായും ഉള്ള ആ ആശ്രമത്തിന്റെ സമീപത്തു തന്നെ നിക്ഷേപിച്ചിട്ടു പോയി. മോഷണവൃത്താന്തം ഗ്രഹിച്ച രാജകിങ്കരന്മാർ കള്ളന്മാരെ തിരക്കിത്തിരക്കി കഷ്ടകാലത്തിനു മഹർഷിയുടെ ആശ്രമത്തിനരികത്തു തന്നെ ഏറെത്താമസിയാതെ ചെന്നു