ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ർക്കം പുഷ്പത്തിന്നു ശോഭാവഹമായിരിക്കുകയുള്ളൂ. നാടകത്തിന്റെ ആ ഘട്ടങ്ങളിൽ സഖിമാരോടുള്ള വേർപാടുനിമിത്തം ശകുന്തള തീരെ അനാവൃത എന്നപോലെയിരിക്കുന്നു. കാണികളുടെ കണ്ണുകൾക്ക് ആ സ്ഥിതി കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു സങ്കോചം ജനിക്കുന്നു. ആര്യയായ ഗൌതമി പെട്ടെന്നു പ്രവേശിക്കുമ്പോൾ വായനക്കാരുടെ മനസ്സിൽ ഒരു ശാന്തരസമാണ് ഉണ്ടാവുന്നത്.

        രാജസഭയിൽവച്ച്  ശകുന്തളയെ  തിരിച്ചറിയാതിരുന്നതിനു  മുഖ്യകാരണം  ശകുന്തളയുടെകൂടെ  പ്രിയംവദയും  അനസൂയയും  ഇല്ലാതിരുന്നതാണെന്നു  ഞാൻ  വിചാരിക്കുന്നു.  തപസ്വിനിയായ  ശകുന്തളയെ  തപോവനത്തിൽനിന്നു  പുറമെ  ഒറ്റയ്ക്കുപെട്ടു  കണ്ടപ്പോൾ  രാജാവിന്നു  പ്രത്യഭിജ്ഞയുണ്ടായില്ലെന്നുള്ളത്  തീരെ  അസംഭവ്യമല്ല.
       ശകുന്തള  യാത്രപറഞ്ഞുപോയതിന്നുശേഷം,  അവളുടെ  ശൈശവസഖികളായ  പ്രിയംവദയ്ക്കും അനസൂയയ്ക്കും,  ശൂന്യമായ  ആ  തപോവനത്തിൽ  സഖീവിയോഗം  മാത്രമേ  ദുഃഖകാരണമായിരുന്നുള്ളൂ.  സഖീവിയോഗമെല്ലാതെ  മറ്റൊരു  മാറ്റവും  തപോവനത്തിനു  വന്നിട്ടില്ലായിരുന്നുവെങ്കിലും,  അവർക്കു  സർവവും  ദുഃകകാരണവായിരുന്നു.  ഹ!  അവരല്ലെ  ജ്ഞാനഫലത്തെ  അനുഭവിച്ചവർ. അജ്ഞാതമായ  തത്ത്വത്തെക്കൂടി  അറിഞ്ഞതും  അവരല്ലയോ!!  കവി  കെട്ടിയിണ്ടാക്കിയ  നായികയുടെ  ചാരിത്രപാഠമല്ലാ,  തങ്ങളുടെ  ഉറ്റ  തോഴിയുടെ  ഹൃദയ  തീർത്ഥത്തിൽ  ആഴമായി  ഇറങ്ങിയതു  തന്നെയാണ്  ഇതിന്നുകാരണം.  എടയ്ക്കെടയ്ക്ക്  ഉപവനവൃക്ഷങ്ങളെ  നനയ്ക്കുന്ന  പതിവ്  മേലിൽ  അവർ  വിസ്മരിച്ചേക്കുമോ? വല്ല  ഉണങ്ങിയ  ഇലകളുടെയും  ശബ്ദംകേട്ടിട്ടു  അവർ  ആ അശോകമദ്ധ്യവർത്തിയായ  അതിഥിയുടെ  ആഗമത്തെ  അനുസ്മരിക്കാതിരിക്കുമോ?  തപോവനത്തിലെ  ആ  മാൻകിടാങ്ങൾക്ക്  മേലാലും  അന്നുണ്ടായിരുന്ന  വിസ്രംഭാദരങ്ങൾ  ഉണ്ടായിരിക്കുമോ?
    ആ  തപോവനത്തിൽ  ചെന്ന്  നമുക്കിപ്പോൾ  പ്രിയംവദയുടെയും  അനസൂയയുടെയും  വർത്തമാനമെന്തെന്ന്  ഒന്നന്വേഷിച്ചുനോക്കുക.  അവർ  കവികൽപിതങ്ങളായ  വെറും  പ്രതിബിംബങ്ങളായിരിക്കുമോ?  ഇല്ല.  അങ്ങിനെയാണെങ്കിൽ,  അവർ  ശകുന്തളയോടൊന്നിച്ചുതന്നെ  അനുവർത്തിക്കുമായിരുന്നു.  അതുകൊണ്ട് , ജീവനുള്ളവർ  തന്നെയാണവരെന്നു  നിർണ്ണയിക്കാം . അതുപോലെതന്നെ  അവർ ക്ക് ശരീരവുമുണ്ട്.  പക്ഷെ  ആ  ശരീരത്തിന്നു  കാവ്യത്തിന്റെ  പുറത്തും,  നാടകത്തിന്റെ അണിയറയിലുമിരുന്നിട്ടുമാത്രമേ  വളരുവാനിടയായിട്ടുള്ളൂ.  അതിവിനർദ്ധമായ  മരവിരികൊണ്ടെങ്കിലും  ശകുന്തളയുടെ  കുചങ്ങളെ  വലുതാക്കുന്ന  യൌവനത്തെ  കെട്ടിനിർത്തുവാൻ  അവർക്കു  കഴിഞ്ഞു.  അപ്പോഴത്തെ  അവരുടെ  സാകൂതമായ  മന്ദസ്മിതത്തിന്മേൽ , പുതുമഴയുടെ  ആരംഭത്തിൽ  ആകാശദേശത്തു  കാർമേഘമെന്നപോലെ  ബാഷ്പകലുഷമായ  ഒരു  ഛായയാണ്  ഇന്നുപതിഞ്ഞിരിക്കുന്നത്.  ഇപ്പോൾ  അനന്യമാനസന്മാരായി  ശകുന്തളയെത്തന്നെ  വിചാരിച്ചു  കഴിച്ചുകൂട്ടുന്ന  അവരുടെ  തപോവനത്തിൽനിന്നു  ഓരോദിവസവും  പൂജാർഹരായ  പല  അതിഥികളും  സൽക്കാരം  ലഭിക്കാതെ  മടങ്ങിപ്പോകയാണ്.  അതുകൊണ്ട്  നമുക്കും  മടങ്ങുകതന്നെ.

കെ.വി.എം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/28&oldid=164536" എന്ന താളിൽനിന്ന് ശേഖരിച്ചത്