ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സൂര്യമണ്ഡലം ഭൂമി സൂര്യനു ചുറ്റും ഒരു പ്രദക്ഷിണം വെക്കുവാൻ രണ്ടു മാസം വേണം. സൂര്യൻ ഭൂമിയെക്കാൾ നൂറുലക്ഷം മടങ്ങു ഘനമേറിയ വസ്തുവാകുന്നു. അതിന്റെ അന്തർഭാഗത്തിൽ സദാ ജ്വലിച്ചു കൊണ്ടിരിക്കുന്ന അഗ്നിയുടെ ഉഗ്രതകൊണ്ടും വായുക്കളുടെ ഞെരുക്കംകൊണ്ടും അവിടെയുള്ള ബാഷ്പപദാർത്ഥങ്ങളിൽ ഓരോ അണുതീവ്രമായ ഗതിയെ അവലംബിച്ച് ഏതൽപ്രദേശങ്ങളെക്കാൾ ആയിരം മടങ്ങ് ഉറപ്പുള്ളവയാക്കിത്തീർക്കുന്നു. ഉറപ്പുള്ളത് എന്നു പറഞ്ഞതുകൊണ്ട് അവിടെ കട്ടിയായ ഘനപദാർത്ഥങ്ങളുണ്ടോ എന്നു സംശയിപ്പാനിടയുണ്ട്. ഒരു നദി അതിവേഗമായി ഒഴുകുമ്പോൾ അതിലുള്ള അണുക്കൾക്കു പരസ്പരം ഘനപദാർത്ഥങ്ങളിലുള്ള അണുക്കളെപ്പോലെ അത്ര ഐക്യവും ഉറപ്പും ഇല്ലെങ്കിലും പ്രത്യക്ഷത്തിൽ ഉള്ളതുപോലെയാണ് കാണുന്നത്. അതുപോലെ തന്നെ സൂര്യമണ്ഡലത്തിന് അണുക്കളുടെ തീക്ഷ്ണമായ ചലനം കൊണ്ട് ഒരു ഉറപ്പും കാഠിന്യവും സിദ്ധിക്കുന്നു എന്നു താല്പര്യം. ഇനിയും ഒരുദാഹരണം പറയാം. ഒരു ചെറിയ ചങ്ങലയെ വൃത്താകാരത്തിൽ വളച്ചുപിടിച്ചി അതിതീവ്രമായി ചുറ്റിയാൽ അത് ഇരുമ്പുകൊണ്ടുണ്ടാക്കിയ വളയം പോലെ അങ്ങോട്ടുമിങ്ങോട്ടും വളയാതെ ചുറ്റും.ഇവിടെ ഇരുമ്പുചങ്ങലയിൽ ഒരു കണ്ണിക്കും ഒരു ഇരുമ്പുവളയത്തോളം അത്ര ഐക്യമില്ലെങ്കിലും യഥാർത്ഥത്തിൽ ഉള്ളതുപോലെ കാണുന്നു. അപ്രകാരമാണ് സൂര്യമണ്ഡലത്തിൽ കാണപ്പെടുന്ന ബാഷ്പപദാർത്ഥങ്ങൾ അതിവേഗമായി ചുറ്റുമ്പോൾ അണുക്കൾ തമ്മിൽ യോജിച്ച് ഒരു ഘനപദാർത്ഥത്തെപ്പോലെ ഉറപ്പുള്ളതായിത്തീരുന്നത്.

     സൂര്യമണ്ഡലത്തിലെ ശീതോഷ്ണസ്ഥിതിയെ ഒരു ഊഷ്മമാപനയന്ത്രം കൊണ്ട് അളക്കുവാൻ സാദ്ധ്യമെങ്കിൽ ഏകദേശം പതിനായിരം ഡിഗ്രി ഉഷ്ണമുള്ളതായി കാണാം. ഒരു വിധത്തിലും നമ്മളാൽ ആവിയായി മാറ്റുവാൻ കഴിയാത്ത എത്ര കാഠിന്യമേറിയ ധാതുവും അവിടെ വായുവായി പരിണമിക്കുമെന്നതിന്നു ലേശം 

സംശയമില്ല.പുരാതനകാലങ്ങളിൽ സൂര്യമണ്ഡലം മുഴുവനും അംഗാരമേഘം (Clouds of Carbon) അല്ലെങ്കിൽ കരിയിൽനിന്നുണ്ടാവുന്ന ബാഷ്പമേഘം കൊണ്ടു നിർമ്മിക്കപ്പെട്ടതാണെന്നു പലരും വിശ്വസിച്ചു വന്നിരുന്നു. ഇതു തീരെ വിശ്വാസയോഗ്യമല്ലെന്നാണ് ആധുനികശാസ്ത്രജ്ഞന്മാരുടെ വാദം. അടുപ്പിന്നു സമീപം ഒരു മഞ്ഞുകട്ടയെ രൂപാന്തരഹിതം സൂക്ഷിക്കുന്നത് എങ്ങിനെ പ്രകൃതിവിരുദ്ധവും അസംഭാവ്യവും ആണോ അതുപോലെ മേൽ പ്രസ്താവിച്ച സംഗതിയും അസംഭാവ്യമാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/134&oldid=164646" എന്ന താളിൽനിന്ന് ശേഖരിച്ചത്