ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സിംഹൻ പറഞ്ഞതു വാസ്ഥവമാണ്. ഈശ്വരാനുഗ്രഹംകൊണ്ടു യോഗ്യനും അനുരൂപനും ആയ വരനൊടൊന്നിച്ചു നിന്നെ കാണുവാനുള്ള യോഗം എനിക്കുണ്ടായി; എന്റെ കൃതകൃത്യം നിർവഹിച്ചു കഴിഞ്ഞു. ഇനി എന്റെ പ്രേമഭാജനമായ പുത്രിയേയും തത്തുല്യമായി എനിക്കു സ്നേഹമുള്ള നിന്റെ ഭർത്താവും കൂടി നമ്മുടെ പുരാതനമായ സിംഹാസനത്തെ അലങ്കരിക്കുന്നു എന്നറിഞ്ഞു എന്റെ ജീവശേഷം ജഗദീശ്വരനെ ഭജിച്ചു തന്നെ കഴിക്കണമെന്നെ എനിക്ക് താല്പര്യമുള്ളു. പ്രതാ.... ഇവിടുന്ന് ഇപ്രകാരം പറയരുതു. ഭീമസിംഹൻ ഉള്ളപ്പൊൾ അന്യൻ ആ സിംഹാസനത്തിന്ന് അലങ്കാരമായി ഭവിക്കയില്ല. ഭീമ.....പ്രതാപസിംഹ നീ ഞാൻ പറയുന്നതു ശ്രദ്ധയോടുകൂടി കേൾക്കുക. പ്രഭാവത്തോടും സകല വിധഐശ്വര്യത്തോടും കൂടി ഇരിക്കുന്ന കാലത്താണ് എനിക്കു വലുതായ ആപത്തു സംഭവിച്ചതു. വളരെ കാലം കൊണ്ടു എന്റെ

മനസ്സിനെ ആ വക വിഷയസുഖങ്ങളിൽ നിന്ന്നിവൃത്തിപ്പിക്കുവാൻ എനിക്കു സാധിച്ചു. രത്നപ്രഭയെ കുറിച്ചുള്ള വ്യസനം മാത്രമെ എനിക്കു പിന്നീടുണ്ടായിരുന്നുള്ളു. ഒരു പിതാവു തന്റെ പുത്രിയുടെ നന്മക്ക് വേണ്ടി ചെയ് വാൻ ബാദ്ധ്യതപ്പെട്ട യാതൊരു കൃത്യങ്ങളും അവൾക്കുവേണ്ടി ചെയ് വാൻ എനിക്കു സാധിച്ചില്ലല്ലൊ എന്നുള്ള അന്തസ്താപം എനിക്കു അധികമുണ്ടായിരുന്നു. ഇപ്പോൾ അതും തീർന്നു. ലൗകിക ജനങ്ങൾ അതിശ്രേഷ്ടമെന്നു കരുതി തൃഷ്ണയോടുകൂടി അനുഭവിച്ചു വരുന്ന വിഷയസുഖങ്ങളേയും അവ സംബന്ധിച്ചുണ്ടാവുന്ന ദുഃഖങ്ങളേയും ഞാൻ അനുഭവിച്ചു. സുഖത്തിലാഗ്രഹവും ദുഃഖത്തിൽ ഭയവുമില്ലാതെ സന്തോഷത്തിലും സന്താപത്തിലും മുജ്ജന്മ കർമ്മവാസനകളെ പോലെ അല്ലാതെ അനുഭവം വരാൻ തരമില്ലെന്നറിഞ്ഞു മനസ്സിനെ സമാധാനമാക്കിയാലുണ്ടാവുന്ന അനിർവാച്യമായ സുഖവും ഞാൻ അനുഭവിച്ചു. ഇപ്പോൾ എനിക്കു ശാന്തമായ ഈ പ്രദേശത്തു സിദ്ധന്മാരായ പലെ യോഗ്യന്മാരുടെ സംസർഗ്ഗംകൊണ്ടുണ്ടാവുന്ന മനസ് തൃപ്തിയോടുകൂടി കാലം കഴിക്കേണമെന്നേ ആഗ്രഹമുള്ളു. ഭീമപുരിയിലെ ജനങ്ങൾ ഇനി എന്നെ രാജാവെന്നു വിളിപ്പാൻ ഇടവരികയില്ല. അനേകം ശൂരന്മാരെ നശിപ്പിച്ചു ഇത്ര ഘോരമായ ഒരു യുദ്ധം ഞാൻ നടത്തിയതു സ്വാർത്ഥത്തിനു വേണ്ടിയല്ല. അതുകൊണ്ടു നീ എന്റെ അനുവാദപ്രകാരം ഭീമപുരിയിലെ പ്രജകളുടെ ബഹുമാനത്തിന്നും സ്നേഹത്തിന്നും പാത്രമാകുവാൻ തക്കവണ്ണം ഭരിച്ച് എന്റെ പുത്രിയുമായി സുഖമായിരിക്കണം. എന്നാൽ ഞാൻ ഈ പ്രാവശ്യം നിങ്ങളുടെകൂടെ വരാം. നിങ്ങളെ രണ്ടാളേയും ഭീമപുരിയിലെ രാജാവും രാജ്ഞിയുമായഭിഷേകം ചെയ്തശേഷം ഞാൻ മടങ്ങിപ്പോരുന്നതാണ്. പ്രതാപസിംഹന്റെ വിരോധവാക്കുകളാവട്ടെ രത്നപ്രഭയുടെ അപേക്ഷകളാകട്ടെ ഭീമസിംഹന്റെ നിശ്ചയത്തിന്നിളക്കം വരുത്തിയില്ല. നാലഞ്ചു ദിവസം ആശ്രമത്തിൽതാമസിച്ചശേഷം എല്ലാവരും ഭീമപുരിയിലേക്കു പുറപ്പെട്ടു അല്പദിവസത്തിന്നുള്ളിൽ അവിടെ എത്തി. പ്രജകളുടെ ആഹ്ളാദസൂചകങ്ങളായ പലവിധ അലങ്കാരങ്ങളോടുകൂടി പ്രതാപസിംഹന്റെയും രത്നപ്രഭയുടെയും അഭിഷേകം കഴിഞ്ഞു. സ്നേഹസൂചകങ്ങളായ സന്ദേശവാക്കുകളേയും കൊണ്ടു വന്ന ചക്രവർത്തിയുടെ ദൂതൻ അഭിഷേകസഭയെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/300&oldid=164942" എന്ന താളിൽനിന്ന് ശേഖരിച്ചത്