ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സംസ്കൃതഭാഷവ്യവഹാരഭാഷയായിരുന്നുവോ? ൩൪൧

ടകങ്ങളിലും പകർത്തി എന്നേ ഉള്ളു. സംസ്കൃതം ലുപ്തപ്രചാരമായതിന്റെ ശേഷമുണ്ടായിട്ടുള്ള അർവ്വാചീനനാടകങ്ങളിലും ഈ വ്യവസ്ഥ കാണുന്നതു, പാരമ്പര്യാനുവർത്തനം എന്നു പറഞ്ഞു സമാധാപ്പെടാനേ ഉള്ളൂ. പ്രാകൃതം സംസാരിക്കുന്നവർക്കു സംസ്കൃതവും, സംസ്കൃതം സംസാരിക്കുന്നവർക്കു പ്രാകൃതവും ധാരാളം മനസ്സിലാകുമായിരുന്നു. അങ്കങ്ങളിൽ അവതരിപ്പിച്ചിട്ടുള്ള പാത്രങ്ങൾ ഒരേ തരക്കാരല്ലാതെ വരുന്ന അവസരങ്ങളിലെല്ലാം സംസ്കൃതനാടകങ്ങളിലെ സംഭാഷണങ്ങൾ പ്രാകൃതവും സംസ്കൃതവും ഇടകലർന്നിട്ടാണ്. നാടകങ്ങൾ ആടിക്കണ്ടും, ഇതിഹാസപുരാണങ്ങൾ ചൊല്ലിക്കേട്ടും രസിക്കാനുദ്ദേശിച്ചിട്ടുള്ള ജനസാമാന്യത്തിനു സംസ്കൃതത്തിൽ തന്നെ വ്യവഹരിക്കാൻ കഴിഞ്ഞില്ലെന്നു വാദിക്കാമെന്നു വരികിലും, അതു കേട്ടാൽ മനസ്സിലാക്കാൻ കുഴപ്പമില്ലായിരുന്നു. അതായത്, ഇപ്പോൾ വ്യവഹാരദശയിലിരിക്കുന്ന സാധാരണ തമിഴും, മലയാളവും എന്നപോലെയായിരുന്നിരിക്കണം അന്ന് വടക്കെ ഇൻഡ്യയിൽ നാട്ടുഭാഷകളുടേയും സംസ്കൃതത്തിന്റേയും ‌നില. തമിഴു മാത്രം സംസാരിക്കുന്ന ഒരു പരദേശിക്കും, മലയാളം മാത്രം അറിയാവുന്ന ഒരു മലയാളിക്കും തമ്മിൽ ഉണ്ടാകുന്ന സംഭാഷണങ്ങൾ നമുക്കു പലപ്പോഴും അറിയാൻ ഇടയായിട്ടുണ്ട്. തമിഴൻ തമിഴിലും മലയാളി മലയാളത്തിലും ചോദ്യോത്തരങ്ങൾ ചെയ്യുന്നു. ഇവർക്ക് അന്യോന്യം കാര്യം ഗ്രഹിക്കുന്നതിൽ വലിയ വിഷമമില്ലതാനും. അന്നു സംസ്കൃതം അറിയാവുന്നവർക്ക് ഒന്നോ അധികമോ പ്രാകൃതവും വശമായിരുന്നു. ഇക്കാലത്തു നമ്മുടെ ഇടയിൽ താമസിക്കുന്ന തെലുങ്കുകാർക്കും തുളുനാട്ടുകാർക്കും മറ്റും അവരവരുടെ ഭാഷയ്ക്കു പുറമെ തമിഴും മലയാളവും കൂടി സ്വാധീനമായി കാണുന്ന സ്ഥിതിക്കു മേൽപറഞ്ഞ സംഗതി അസംഭവമല്ലല്ലൊ. ഇന്നും സംസ്കൃതഭാഷയിൽ തന്നെ വ്യവഹരിക്കുവാൻ കഴിയാവുന്ന വിദ്വജ്ജനങ്ങൾ ഉള്ള സ്ഥിതിക്ക് ആ ഭാഷ വ്യവഹാരദശയിലിരുന്നിട്ടേ ഇല്ലെന്നും, അപ്രകാരമുള്ള വ്യവഹാരം അസാദ്ധ്യമാണെന്നും നമുക്കു ഖണ്ഡിച്ചുപറവാൻ തരമില്ല.

എന്നാൽ സംസ്കൃതഭാഷയ്ക്കു വ്യവഹാരസൗകര്യവും സർവ്വജനീനതയും ഉണ്ടായിരുന്നിരിക്കാൻ തരമില്ലെന്നുള്ളതിലേക്കുള്ള യുക്തിക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/265&oldid=165249" എന്ന താളിൽനിന്ന് ശേഖരിച്ചത്