ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്ന ഒരു ശബ്ദത്തിന്റെ അർത്ഥജ്ഞാനത്തോടു ചേർന്നുകൊണ്ട് എത്ര അനവധി പദാർത്ഥങ്ങളുടെ ജ്ഞാനമാണ് ഉണ്ടാകുന്നതെന്നും, അവ ഓരോന്നിനേയും പ്രകാശിപ്പിക്കുന്നതായിട്ട് എത്ര അനവധി ശബ്ദങ്ങളാണുള്ളത് എന്നും ഇപ്പോൾ വ്യക്തമാകുന്നുണ്ടല്ലോ. ആ വക വാക്കുകളേയെല്ലാം ശേഖരിച്ച് അവയുടെ അർത്ഥത്തോടുകൂടി ഒരു പുസ്തകമെഴുതുന്നതായാൽ അതുതന്നെ ഒരു ഗുണ്ടർട്ട് ഡിക്ഷണറിയുടെ പകുതിയോളം വലുപ്പമുള്ളതായി തീരുമെന്നു പറയുന്നതിൽ വളരെ അതിശയോക്തി ഉണ്ടന്നു തോന്നുന്നില്ല. സാമാന്യമായ അർത്ഥത്തെ പ്രകാശിപ്പിക്കുന്നതായ ദേവാലയം എന്ന ശബ്ദത്തിന്റെ ഒരു വിശേഷാർത്ഥത്തെ മാത്രം കാണിക്കുന്ന ക്ഷേത്രപദത്തെ സംബന്ധിച്ചുതന്നെ മേൽപ്പറഞ്ഞ പ്രകാരത്തിൽ അസംഖ്യം വാക്കുകളെ ഹിന്ദുക്കളായ മലയാളികൾ ഉപയോഗിച്ചുവരുന്നുണ്ട്. അപ്രകാരം തന്നെ പള്ളി എന്ന ശബ്ദത്തോടു സംബന്ധപ്പെടുത്തിക്കൊണ്ടു മലയാളികളായ ക്രിസ്ത്യാനികൾ ഉപയോഗിച്ചുവരുന്ന പദങ്ങളും അസംഖ്യങ്ങളാകുന്നു. അതുപോലെതന്നെ മഹമ്മദപള്ളി, ജൂതപ്പള്ളി എന്നിവയെ സംബന്ധിച്ച് മലയാളികളായ തത്തൻമതസ്ഥന്മാരും അനേകം പദങ്ങളെ ഉപയോഗിക്കുന്നുണ്ട്. ദൈവികവിഷയമായി അതാതു മതസ്ഥന്മാർ ഉപയോഗിച്ചുവരുന്ന പദങ്ങൾ അവരവരുടെ ഇടയിൽ മാത്രമെ ഇപ്പോൾ നടപ്പുള്ളൂ. അതു ഹേതുവായിട്ടു ആ വക വിഷയങ്ങളുടെ സ്വരൂപജ്ഞാനം അന്യോന്യം ഉണ്ടാകുന്നതിന്ന് സഹായിക്കുവാൻ ഒരു വഴിയുമില്ലാതെയാണിപ്പോൾ ഇരിക്കുന്നത്.

ഇനി മലയാളത്തിലുള്ള അസംഖ്യം ജാതിക്കാരിൽബ്രാഹ്മണർ എന്നൊരു ജാതിയെ എടുത്ത് തത്സംബന്ധമായി എത്ര അനവധി പദങ്ങളെയാണ് ഇപ്പോൾ ഉപയോഗിച്ചുവരുന്നത് എന്നു വിചാരിക്കുക. മലയാളത്തിൽ ബ്രാഹ്മണജാതിയെ മലയാളബ്രാഹ്മണൻ എന്നു പരദേശബ്രാഹ്മണൻ എന്നും രണ്ടു വകയായി തിരിക്കാം. ഈ രണ്ടുവകയിലും പല ഉൾപ്പിരിവുകളുമുണ്ട്. എങ്കിലും ഇതരജാതികളിൽനിന്ന് ബ്രാഹ്മണജാതിയെ വിശേഷിപ്പിക്കുന്നതിന്ന് എല്ലാ ബ്രാഹ്മണർക്കും ബാധകമായിട്ടുള്ള അനേകം ജാതിധർമ്മങ്ങളും ആചാരങ്ങളുമുണ്ടായിരിക്കണമല്ലോ. ആ വക ധർമ്മങ്ങൾക്കും ആചാരങ്ങൾക്കും പ്രത്യേകം ശബ്ദങ്ങൾ കൂടാതെ കഴികയില്ല. പിന്നെ പരദേശ ബ്രാഹ്മണരിൽനിന്നു മലയാളബ്രാഹ്മണരെ വിശേഷിപ്പിക്കുന്നതായ അസംഖ്യം ധർമ്മങ്ങളും ആചാരങ്ങളുമുണ്ട്. അവയ്ക്കെല്ലാം വെവ്വേറെ പേരുകളുമുണ്ട്. മലയാള ബ്രാഹ്മണരിൽതന്നെ ഒരുനൂറ്റിൽ ച്ല്വാനം വകഭേദങ്ങളുണ്ടത്രേ. ആ ഒരുനൂറ്റി ചില്വാനം വകഭേദങ്ങളെ വേർതിരിച്ചറിയുന്നതിന്ന് അത്രയും സംജ്ഞകൾ കൂടാതെ നിവൃത്തിയില്ലല്ലോ. കുലം, ആഭിജാത്യം, വേദഭേദം, വേദപാഠാർഹത, അനർഹത, പ്രവൃത്തിഭേദം എന്നിങ്ങനെയുള്ള കാര്യങ്ങളെക്കൊണ്ടാണ് മലയാളബ്രാഹ്മണരിൽ തന്നെ മേൽപ്പറഞ്ഞ വകഭേദങ്ങൾ ഉണ്ടാകാൻ ഇടയായത്. അവയ്ക്കെല്ലാറ്റിനും വേറെ വേറെ സംജ്ഞകൾ ഉണ്ട്. പിന്നെ മേൽപ്പറഞ്ഞ വകഭേദങ്ങളെ അനുസരിച്ച് ഓരോ വകക്കാർക്കും ജീവകാലത്തിൽ അവശ്യംചയ്യേണ്ടതായി വിധിക്കപ്പെട്ടിട്ടുള്ള ശ്രൗതമായും സ്മാർത്തമായുമുള്ള വിവിധ നിത്യനൈമിത്തികകർമ്മാനുഷ്ഠാനങ്ങളിലും ഓരോ കൂട്ടരുടെ ആചാരവിശേഷങ്ങളിലും ഈഷൽഭേദങ്ങൾ കാണു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/199&oldid=165603" എന്ന താളിൽനിന്ന് ശേഖരിച്ചത്