പാടുന്നൂ ദേവതകൾ, അസുരമുഖാവലി
വാടിമങ്ങുന്നൂ പുലർകാലതാരങ്ങൾ പോലെ
ഹന്ത, ഭൂമിയുമദ്രിനിരയുമടവിയു-
മന്തരീക്ഷവുമംബുരാശിയും കീഴ്മേലാക്കി
അക്ഷദണ്ഡത്തിൽനിന്നു മേദിനീചക്രംതന്നെ
തൽക്ഷണം തെറ്റിത്തകർന്നീടുമാറത്യുഗ്രമായ്
അടിച്ച കൊടുങ്കാറ്റുശമിച്ചൂ മന്ദാനിലൻ
സ്ഫുടമായ് പൂവാടിയിൽ ശൂളമിട്ടെത്തീടുന്നു
ദ്യോവിന്റെ ചെകിടടഞ്ഞീടുമത്യുച്ചഘോരാ-
രാവമാമിടികളാലട്ടഹാസങ്ങളിട്ടും,
ആവിജ്വാലയാലർക്കനേത്രവുമഞ്ചീടുന്ന
തീവിങ്ങും മിന്നൽക്കണ്ണു തുറിച്ചുനോക്കിക്കൊണ്ടും
ചണ്ഡനായണഞ്ഞ ദുഷ്കാലരാക്ഷസൻ പോയി;
ഗണ്ഡബിംബത്തിൽ ഭയകാളിമയെല്ലാം നീങ്ങി
പ്രകൃതീദേവി പാടലോഷ്ഠത്തിൽ വീണ്ടും മല്ലീ-
മുകുളധവളമാം പുഞ്ചിരിപൂണ്ടീടുന്നു.
രക്തരക്തമാം വസ്ത്രം വായുവിലൊട്ടുപാറി-
സ്സക്തമായൊട്ടു നിലത്തടിഞ്ഞു നീർക്കയത്തിൽ
മുക്തബന്ധനമായൊട്ടിഴയുമാറും ഭേസി
രക്തമേഘാളിപൂണ്ട ഘോരസന്ധ്യപോലെത്തി
പീരങ്കിയുടെ കഠോരാരവങ്ങളാം വാദ്യം
പൂരിച്ച പോർക്കളത്തിലഗ്നിഗോളങ്ങൾ കൊണ്ടു
പന്താടിത്തുള്ളിയാർത്തുനിന്നൊരു രണകൃത്യ-
മന്ത്രശക്തിയാലെന്നമാതിരി ഭൂവിൽവീണു;
നഷ്ടചേഷ്ടയുമായി ഹാ,ദേവകൃപാമൃത-
വൃഷ്ടിപാതത്താൽ കെട്ട കാട്ടുതീയെന്നപോലെ.
എന്നല്ലക്കൃത്യയുടെ ചരമരംഗമായി
നിന്നൊരാ നിശാചരപ്രിയയാം ഘോരരാത്രി
പാരം കാണാതെ കരകവിഞ്ഞ കൂരിരുട്ടിൻ-
പൂരങ്ങൾ വാർന്നൊഴിഞ്ഞു വിളറി വൃദ്ധയായി
താൾ:Manimala.djvu/11
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു