ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അതുമല്ലേറ്റം ക്ഷതഗാത്രിയായ് വിഷവായു
വ്രതയായായിരുട്ടിൽ കിടന്നു വീർപ്പുമുട്ടി
നൈരാശ്യനിബിഡമാം വിപത്തുനിറഞ്ഞുള്ള
ദാരുണമഹാദീർഘദു:സ്വപ്നം കണ്ടുകണ്ടു.
കാഞ്ഞഭൂവിന്റെ നെറ്റിത്തടത്തിൽ ദേവീയുഷ-
സ്സാഞ്ഞെത്തി മുഖവായുവോതുന്നു തണുക്കുവാൻ.
ഭംഗിയിൽ സംസ്കരിച്ചു വെണ്മതേടുന്ന ശുദ്ധ-
മംഗലാംബരം ധരിച്ചതിമോഹനാംഗിയായ്
ഉടനെ വിടർന്നുള്ള പനിനീർപൂമഞ്ജരി
മുടിയിലണിഞ്ഞൈന്ദ്രിദൂരത്തുവിലസുന്നു.
അളിയും തേനീച്ചയും ശ്രുതികൾ മുഴക്കുന്നു,
കിളികൾ കൂടുകളിൽ ഗാനങ്ങൾ തുടങ്ങുന്നു,
കളമാം കാൽച്ചിലമ്പിന്നൊലിയാർന്നെത്തീടുന്നു
നളിനീവനങ്ങളിൽ നർത്തനം ചെയ്വാൻ ലക്ഷ്മി,
കേൾക്കുന്നു സ്ഫുടമായും മധുരമായും രോമം
ചീർക്കുമാറിതാ വീണ്ടും സൌമ്യസൌമ്യയാം ശാന്തി
തൽകരപല്ലവാഗ്രം തടവി ലയമാർന്ന
തങ്കവീണക്കമ്പികൾ തൂവും കാകളിതാനും.
(…………..പാടുന്നു)
മൃദുവെന്നാകിലുമീ’ബ്ഭൂപാല‘ ശാന്തിരാഗ-
മുദിതപ്രസരമായ് മുഴങ്ങീ മൂകമായ
പോർക്കളം തോറും പ്രതിധ്വനിച്ചു തിരതല്ലി-
യാർക്കുന്ന കടൽപ്പാട്ടിൽ കലർന്നും, നിർമ്മാംസമായ്
കാർക്കശ്യമാർന്നങ്ങങ്ങു കിടക്കുമസ്ഥികൾക്കും
ചേർക്കുന്നു പുനർജ്ജീവിതാശകളെന്നു തോന്നും.
പാവനമനോജ്ഞമാമന്നാദം കേട്ടുമെല്ലെ-
ജ്ജിവികളുള്ളിൽ സമാശ്വാസമാർന്നുണരുന്നു.
ഭൂവലാരികൾവാഴും മേടകൾമേലും ശുദ്ധ-
പാവങ്ങൾ കിടക്കുന്ന പുൽക്കുടിൽകുണ്ടിൽ പോലും
ദിനശ്രീയഭിനവകാന്തി തേടുന്നു, സന്ധി
പുനർജ്ജീവിപ്പിച്ച ഭൂ കോൾമയിർ കൊണ്ടീടുന്നു.
ഘനഘോഷംപോൽ കേൾക്കുമുത്സവവെടികളീ-
ജനതയുടെയുൾക്കാമ്പിളക്കിമറിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Manimala.djvu/12&oldid=165748" എന്ന താളിൽനിന്ന് ശേഖരിച്ചത്