ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഒരു മംഗളാശംസ
പടിഞ്ഞാറു പൊങ്ങുന്ന പൂന്തിങ്ങൾമേൽ നി-
ന്നടിഞ്ഞിങ്ങു പാറും നിലാവിൻ കുരുന്നോ
ചൊടിച്ചഭ്രകാരാഗൃഹം വിട്ടു ചാടി-
ത്തടില്ലേഖയോ സഞ്ചരിക്കുന്നിതെങ്ങും!
തുലാഹീനമാം ധാടിതേടും സ്വനത്തിൻ-
വിലാസത്തിൽ വിശ്വം ലയിപ്പിച്ചു നിത്യം
സുലാവണ്യമേലും പ്രഭേ! വാണിമാതിൻ-
കലാജാതയായ്‌പ്പോന്ന പൊൻവീണയോ നീ.
അതോ പൌരുഷത്തോടെതിർക്കുന്ന ദീർഘ-
പ്രതോന്മീലിതസ്ത്രൈണവൈദഗ്ദ്ധിതാനോ
അതേ തോന്നുമിമ്മട്ടഹോ ത്വത്സ്വരൂപം
സ്വതേ ജ്ഞാനശക്തിപ്രഭാവോഗ്രമമ്മേ!
ഭയം വിട്ടു പൌരസ്ത്യവർഗ്ഗത്തിനായി-
ജ്ജയം നേടിയിന്നമ്മ പോരാടിടുന്നു
സ്വയംസിദ്ധമായുള്ള തേജസ്സിനോർത്താൽ
വയസ്സേതയേ! വംശമേതേതു ലിംഗം!
സ്വരാജ്യപ്രകാശത്തെ മിന്നൽപ്പരത്തി
സ്ഥിരാനന്ദമാം ദ്യോവു നോക്കിത്തിളങ്ങി
സ്ഫുരൽകാന്തികൈക്കൊണ്ടു നീ നില്ക്ക നീണാൾ
പര'ബ്രഹ്മവിദ്യാ'ലയപ്പൊൻവിളക്കേ.
- (ഒക്ടോബർ 1911)