ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കരുണാകരമേനോൻ ഇതു കേട്ടപ്പോൾ ചിരിച്ചു. ഭാര്യയെ ഇദ്ദേഹത്തിന്ന് പ്രാണസ്നേഹമാണ്. അവരുടെ വാക്കുകൾ കേട്ടപ്പോൾ ശങ്കരന്റെ നേരെയുണ്ടായിരുന്ന കോപം പകുതിയിലധികം പോയി. എന്നിട്ട് പറയുന്നു. "വേണ്ട. കല്യാണിതന്നെ പറയു. ഒരു കാര്യത്തിൽ ദൃഷ്ടി വെച്ചുകൊണ്ടിരിക്കുമ്പോൾ എത്രണ്ട് അസഹ്യപ്പെടുത്താം ഒരാളെ?"

കല്യാണിയമ്മ (മുഷിഞ്ഞ്)---ഈ ചാടുവാക്യങ്ങളൊന്നും ഇനിക്കു കേൾക്കണ്ട. അല്ലെങ്കിലും ഞാൻ പറയാറില്ലേ കരുണാകരനെന്നുള്ള പേര് അത്ര ചേർച്ചയില്ലെന്ന്?

കരുണാകരമേനോൻ ഇതുകേട്ട് വീണ്ടുംചിരിച്ചു. വലത്തേക്കയ്യിൽ ഒരു ഈയപ്പെൻസിലും ഇടത്തേതിൽ മുഴുവനാകാത്ത ഒരു ശ്ലോകമെഴുതിയ ഒരു കടലാസുതുണ്ടും പിടിച്ചും കൂടെക്കൂടെ തലയിൽ ചൊറിഞ്ഞുംകൊണ്ടു മാളികമുറിയിൽ കൂട്ടിലാക്കിയ വെരുവിനെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും ലാത്തുകയായിരുന്നു. അതിനിടയിൽ കല്യാണിയമ്മയും ശങ്കരനും തമ്മിൽ നടന്ന ഒരു സ്വല്പസംഭാഷണം വായനക്കാരെ അറിയിക്കേണ്ടതാവശ്യമാണ്. ഈ ശങ്കരൻ എത്രയും സ്വാമിഭക്തിയുള്ള ഒരു ചെക്കനാണ്. കിഴക്കേസ്രാമ്പിയിൽ വന്നിട്ട് നാലാണ്ടുകഴിഞ്ഞിരിക്കുന്നു. കരുണാകരമേനോൻ ഒരു കോപശീലക്കാരനാകയാൽ പലപ്പോഴും ശങ്കരനെയും മറ്റു ഭൃത്യന്മാരെയും കഠിനമായി ശകാരിക്കാറുണ്ട്. ചിലപ്പോൾ ഒന്നോ രണ്ടോ തല്ലിയെന്നും വരും. അതുകൊണ്ടു ചില ഭൃത്യന്മാർ ഓടിയൊളിച്ചു പോകാറുണ്ട്. എന്നാൽ, ശങ്കരൻ അങ്ങനെയല്ല. കരുണാകരമേനോനെയും കല്യാണിയമ്മയെയും അത്യന്തം ബഹുമാനവും സ്നേഹവുമാണ്. എത്ര ശകാരിച്ചാലും മിണ്ടുകയില്ല. ക്ഷമ കടുകട്ടിയാണ്.

ശങ്കരൻ വീണതിന്റെ നൊമ്പരവും മറ്റും ഒട്ടു ശമിച്ചപ്പോൾ മുഖം തുടച്ച് സന്തോഷവിസ്മയങ്ങളോടുകൂടെ കല്യാണിയമ്മയുടെ അടുക്കൽ ചെന്ന് സ്വകാര്യമായി പറയുന്നു. "എയമാനൻ ശ്ലോകമുണ്ടാക്കുകയാണ്. ഞാൻ കോണി കേറിച്ചെല്ലുമ്പോൾ മൂളുന്നതു കേട്ടു. രെസിയൻ ശ്ലോകം. കടലാസിൽ എഴുതീട്ടുണ്ട്."

ഇതു കേട്ടപ്പോൾ കല്യാണിയമ്മയ്ക്കു കരുണാകരമേനോന്റെ നേരെ ഉണ്ടായിരുന്ന താൽക്കാലികമായ രസക്കേട് അശേഷം നീങ്ങി. അതിനു പകരം ബഹുമാനവും പ്രണയവും വർദ്ധിച്ചു. തന്റെ ഭർത്താവിനുണ്ടാകുന്ന യശസ്സിൽ തനിക്കും ഒരോഹരി അനുഭവിക്കാമെന്നുള്ള വിചാരം കലശലായുണ്ടായി. എങ്കിലും ഈ ഭാവങ്ങളൊന്നും പുറത്തു കാട്ടാതെ പറയുന്നു.

കല്യാണിയമ്മ: ഓ, കഥ മനസ്സിലായി. നാടകം ഉണ്ടാക്കാൻ തുടങ്ങിയിരിക്കയാണ്. ഓപ്പ ഇന്നലെ അതിനെക്കുറിച്ചു പറഞ്ഞ് ധരിപ്പിക്കുനന്തു കേട്ടു. ഇപ്പോൾ എല്ലാവർക്കും നാടകത്തിലാണ് ഭ്രമം. എവിടെ നോക്കിയാലും നാടകത്തിന്റെ വർത്തമാനമേയുള്ളു. രണ്ടായാലും ഇനി ഊണും ഉറക്കവും കുറെ നാളേക്കു നേരത്തിനു കഴിക്കുമെന്നു തോന്നുന്നില്ല.

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/2&oldid=203487" എന്ന താളിൽനിന്ന് ശേഖരിച്ചത്