ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശങ്കരമേനോൻ: അതേ, അതുതന്നെയാണ് ഞാനും പറഞ്ഞത്. കാരണം വല്ലതും ഇല്ലാതിരിക്കുമോ?

ശേഷയ്യൻ: "എന്തു ചെയ്യാം. മട്ടിക്കുലേഷൻ വരെക്കല്ലേ ഇനിക്കു വിധിയുള്ളു. അതുവരെ നാം എങ്ങനെ കഴിഞ്ഞിട്ടുള്ളവരാണ്. ആ ഭാഗമൊന്നും പറഞ്ഞിട്ടു കാര്യമില്ല. ഈ വരുന്ന ജാന്യുവെരിയിൽ തന്നെ ബീയെക്ക് അപ്പിയർ ചെയ്യ്യുന്നില്ലേ?"

ശങ്കരമേനോൻ: "ഉവ്വ്. ഓപ്ഷ്യനലിന് ഇനിയത്തേ ആണ്ടു പോയാൽ മതിയെന്നാണ് ജ്യേഷ്ഠൻ പറയുന്നത്. ആട്ടെ. നാട്ടുവർത്തമാനങ്ങൾ എന്തെല്ലാമാണ്?"

ശേഷയ്യൻ: "നാട്ടുവർത്തമാനങ്ങൾ പറഞ്ഞാൽ ഒടുക്കമുണ്ടാകയില്ല. എവിടെ നോക്കിയാലും നാടകം, നാടകം എന്നേ കേൾക്കാനുള്ളു. എന്നു തന്നെയല്ല, നാടകം ഇപ്പോൾ കോടതി കയറിയിരിക്കുന്നു."

ശങ്കരമേനോൻ: "ജ്യേഷ്ഠൻ ഈ വർത്തമാനം അല്പം ഇന്നലെ പറയുന്നതു കേട്ടു. എനിക്ക് ഈ നാടകങ്ങളെക്കുറിച്ച് ഒരു ബഹുമാനവും ഇല്ല. ജ്യേഷ്ഠനു നാടകമെന്നു കേട്ടാൽ തലവേദന വരും. അത്ര വെറുപ്പാണ്."

ശേഷയ്യൻ: "പേഷ്ക്കാർക്ക് നാടകത്തിൽ ലവലേശം അഭിരുചിയില്ലെന്നു ഞാനും കേട്ടിട്ടുണ്ട്. ഇനിക്ക് ഈ അസത്തുകളെ കണ്ണിനു മുമ്പിൽ കണ്ടുകൂട. കാണുന്ന പിള്ളരുടെ വായിൽ ഒക്കെ ശ്ലോകം."

ശങ്കരമേനോൻ: "ശേഷയ്യൻ ഈ നാടകങ്ങൾ ഏതെങ്കിലും അഭിനയിച്ചു കണ്ടിട്ടുണ്ടോ?"

ശേഷ: അയ്യോ, സൂളിയാമ്മക്കൾ നമ്മുടെ അര ഉറുപ്പിക പിടുങ്ങി. നോട്ടീസിൽ വളരെ ഢീക്കുകളൊക്കെ ചേർത്തുകണ്ടു. ഞാൻ അതൊക്കെ നേരായിരിക്കുമെന്നു വിചാരിച്ചു. ചെന്നു കണ്ടപ്പഴല്ലേ മനസ്സിലായത്. വഷള്. ഒരു കാശിനു കൊള്ളുകയില്ല. അര ഉറുപ്പിക പോയി എന്നല്ലേ പറയേണ്ടു.

ശങ്കരമേനോൻ: "ചിലതു നല്ലതുണ്ട്. എന്നാൽ അവയെ തിരിച്ചറിയുന്നതിനു ശേഷമുള്ളവയെ തള്ളിക്കളയുന്നതിനും പഠിപ്പുള്ള ആളൂകൾ കുറയും."

ശേഷയ്യൻ: "ഞാൻ അതൊരിക്കലും സമ്മതിക്കയില്ല. ഒരെണ്ണമില്ല നല്ലത്. ഒക്കെ ഈ നായന്മാർ ഉണ്ടാക്കിത്തീർക്കുന്നതാണ്. അവരെ ഉൽസാഹിപ്പിക്കാനായി ഏതോ ഒരു സഭയും ഉണ്ടായിട്ടുണ്ടത്രെ. ഭാഷാഭൂഷണി എന്നാണത്രെ പേര്."

ശങ്കരമേനോൻ: "ഭാഷാപോഷിണിയെന്നാണ് പേര്. ഈ സഭ ഈ വക നാടകക്കാരെ ഉൽസാഹിപ്പിക്കുന്നു എന്നു പറഞ്ഞുകൂട. ആ അഭിപ്രായക്കാരും ഉണ്ട്. ഇല്ലെന്നില്ല, എന്നാൽ എന്റെ അഭിപ്രായം അങ്ങനെയല്ല. സഭ മലയാളഭാഷയ്ക്കു ഗുണമല്ലാതെ ദോഷം ചെയ്യുന്നുണ്ടെന്നു തോന്നുന്നില്ല. ഭാഷയിൽ ഗ്രന്ഥങ്ങൾ ചുരുക്കമാണെന്നുള്ള ന്യൂനതയെ പരിഹരിപ്പാനായി പുസ്തകങ്ങളുടെ വർദ്ധനയേ സഭ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, ചിലർ ചീത്തപ്പുസ്തകങ്ങൾ ഉണ്ടാക്കിയാൽ എന്തു ചെയ്യും?

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/21&oldid=203457" എന്ന താളിൽനിന്ന് ശേഖരിച്ചത്