ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശിവായി അയ്യപ്പൻ നായര്: "തന്റെ കളിയൊക്കെ കളയൂ. അടിയന്തിരമാണ്. മുപ്പത്താറു വാൾലാമ്പുകൾ വേണം. പന്ത്രണ്ടു ഡജൻ മെഴുകുതിരിയും വേണം. എടുക്കു ക്ഷണം?"

ഷാപ്പ് കീപ്പർ: "മുപ്പത്താറു വാൾലാമ്പുകളോ? എന്തിനാ അയ്യപ്പൻനായരെ ഇത്രയധികം?"

അയ്യപ്പൻ: "അല്ല, താൻ ഇതൊന്നും അറിഞ്ഞില്ലേ? ഈ തിരക്കൊക്കെയുണ്ടായിട്ടും താൻ ഇതൊന്നും അറിഞ്ഞില്ല, അല്ലേ? പിന്നെ താൻ എന്തു ഷാപ്പ് കീപ്പറാണ്?"

ഷാപ്പ് കീപ്പർ: "എന്താ? എന്താ? പറയൂ."

അയ്യപ്പൻ: "എടോ ഹജൂർ രയിസ്ത്രാളെയമാനന്റെ ദേവയാനീകചം നാടകം ഇന്നു രാത്രി അഭിനയിക്കുന്നുണ്ട്. ഇത്ര ഭേഷായിട്ട് ഇതുവരെ ഒരു നാടകവും ഉണ്ടായിട്ടില്ല. കാണെണ്ടുന്ന കാഴ്ചയല്ലേ? ജൂവിലിഹാളിലാണ്. വേണമെങ്കിൽ വരു. ടിക്കറ്റിനു രണ്ടണയേയുള്ളു."

സാമാനം വാങ്ങാൻ വന്ന ഒരാൾ: "നാടകത്തിന്റെ പേരെന്താ പറഞ്ഞത്, ദേവയാനീകുചമോ?"

അയ്യപ്പൻ: "അതേ, രസികൻ നാടകം. വടക്കേ കോവിലകത്തു മാർത്താണ്ഡവർമ്മ തമ്പുരാൻ തിരുമനസ്സുകൊണ്ട് ചട്ടിപ്പിക്കെട്ടു[1] കൊടുത്തിട്ടുണ്ട്. (ഷാപ്പ് കീപ്പറോട്) ആട്ടെ, എടുക്കു, വേഗം വേണം."

അപ്പഴക്കും വേറേ ഒരു ഷാപ്പിൽ ശിവായി രാമനായിഡു-- "സെന്റുണ്ടോ പനിനീരുണ്ടോ?"--എന്നു വിളിച്ചു ചോദിക്കുന്നു. ഇതു കേട്ടിട്ട് ആദ്യത്തേ ഷാപ്പ് കീപ്പർ ഉടനേ ചാടി വെട്ടുവഴിയിൽ ഇറങ്ങി.

ഇവിടെയുണ്ട്, ഒന്നാന്തരം പനിനീർ. കാഷ്മിയർ പനിനീർ. സഹായവില. വളരെ സഹായം ഇങ്ങട്ടു വരു.

മറ്റേ ഷാപ്പ് കീപ്പർ: "നമ്മുടെ രാമനായിഡുവല്ലേ അത്? ഇങ്ങട്ടുവരു. അവിടെ ചോദിക്കുന്നതിലും കാൽ അണ കുറച്ചു തന്നാൽ മതി. അവിടത്തേ പനിനീരല്ല, പനനീരാണ്."

പനനീരാണെന്നു കേട്ടപ്പോൾ മറ്റവൻ കയർത്തു. രണ്ടു ഷാപ്പ് കീപ്പർമാരും തെറി തിരുതകൃതി. അതിനിടയ്ക്കു ശിവായികൾക്കു പോകാൻ വയ്യിട്ടുള്ള അവരുടെ തിരക്കങ്ങനെ.

വേറൊരടത്ത് ഒരു നായരും ഒരു ചുമട്ടുകാരനുകൂടി വന്നിട്ട്: "ഗ്ലോപ്പ് കൂലിക്കു കൊടുക്കാനുണ്ടോ? നല്ല ഉറപ്പു വേണമെങ്കിൽ തരാം."

അപ്പോഴേക്കും അയാളെ ഷാപ്പുകാർ വന്നു കൈപിടിച്ച് അങ്ങട്ടും ഇങ്ങട്ടും വലിക്കുന്നു.

മറ്റൊരു ദിക്കിൽ ഒരു വില്ലക്കാരൻ: "രസക്കുടുക്കയുണ്ടോ? രസക്കുടുക്ക. നാലു ഡസൻ വേണം. കൂലിക്കു മതി. പല നിറം വേണം."


  1. സർട്ടിഫിക്കറ്റ്.
"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/27&oldid=203463" എന്ന താളിൽനിന്ന് ശേഖരിച്ചത്