ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശങ്കരൻ: എന്നാലും വേണ്ടില്ല, ഏമാന്റെ വകയായി ഒരു നാടകം ഉണ്ടാകട്ടെ. ഭേഷായിരിക്കും. സംശോല്ല. രെയിസ്ത്രാൾ ഗോവിന്ദപ്പണിക്കർ ദേവയാനീകചം നാടകം ഉണ്ടാക്കിയതിനെക്കുറിച്ച് അങ്ങോരുടെ ഡംഭൊന്നും പറയണ്ട. ഒരു കാശിനു കൊള്ളുകയില്ല. ഏമാന്റെ ഒന്നാന്തരമായിരിക്കും.

ഇവരിപ്രകാരം പറഞ്ഞുകൊണ്ടു നിൽക്കുന്നതിനിടയിൽ കല്യാണിയമ്മയുടെ സഹോദരൻ മാധവമേനോൻ പടി കടന്നുവന്നു. 'കച്ചേരിക്കു പോയിട്ടു നേരമെത്രയായി?' എന്നു ചോദിച്ചു. "പോയിട്ടില്ല. മാളികയിലുണ്ട്." എന്ന് ശങ്കരൻ ആംഗ്യം കാട്ടി മനസ്സിലാക്കി. "അതുവോ?" എന്നും പറഞ്ഞ് മാധവമേനോൻ ബദ്ധപ്പെട്ടു കോണി കയറി മാളികയിലേക്കു പോയി.

മാധവമേനോൻ കരുണാകരമേനോനെ കണ്ട ഉടനെ "അല്ലാ, ഇന്നു കച്ചേരിക്കുതന്നെ പോയില്ല, അല്ലേ? കൊള്ളാം. വലിയ പണിക്കാർക്കു നേരം എത്ര വൈകിയാലും അഥവാ പോയില്ലെങ്കിലും ആരും ചോദിപ്പാനില്ലല്ലോ."

എന്നു പറഞ്ഞു കുറേ ചിരിച്ചു. വീണ്ടും "ആട്ടെ. നാം ഇന്നലെ പറഞ്ഞ കാര്യം എത്രത്തോളമായി?" എന്നു ചോദിച്ചു.

കരുണാകരമേനോൻ: ഇന്ന് അവധിയെടുത്തുകളയാമെന്നു വിചാരിക്കയാണ്. ഇനിക്കൊരു ചീത്ത ശീലമുണ്ട്. ഒരു കാര്യത്തിൽ മനസ്സിരുത്തിയാൽ പിന്നെ അതു കലാശിക്കുന്നതുവരെ വേറെ ചിന്തയില്ല. ഊണുമില്ല. ഉറക്കവുമില്ല. നാം പറഞ്ഞ കാര്യം മാധവൻ ഇന്നലെ ഇവിടെ നിന്നു പോയതു മുതൽക്കു തുടങ്ങി.

മാധവമേനോൻ കുറേ ചെറുപ്പക്കാരനാകയാൽ കരുണാകരമേനോൻ അദ്ദേഹത്തെ മാധവൻ എന്നേ വിളിക്കാറുള്ളു. ചിലപ്പോൾ കുട്ടൻ എന്നും വിളിക്കും. കരുണാകരമേനോൻ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ മാധവമേനോൻ സന്തോഷം കൊണ്ട് ഒന്നു ചാടി, എലത്താളം കൊട്ടുന്നപോലെ കൈകാട്ടി പറയുന്നു.

"ഇവിടുത്തേ ഉൽസാഹശീലം വിസ്മനീയം തന്നെ. നാടകം പെട്ടെന്നു പുറത്തു വരണം. അതുവരെ ഒരീച്ചപോലും അറിയരുത്. പണിക്കാരുടെ ഞെളിച്ചിൽ ഒന്നു നിറുത്തണം. അച്ചടിപ്പിക്കുന്ന വേല ഞാൻ ഏറ്റു. ക്ഷണത്തിൽ തീർക്കണം. നാന്ദി ശ്ലോകം തീർന്നില്ലേ?"

കരുണാകരമേനോൻ: കഴിയാറായി. നാലഞ്ചക്ഷരം കൂടി കിട്ടണം. ഈ വേല നാം വിചാരിച്ചതുപോലെ അത്ര എളുപ്പമല്ല. എങ്കിലും അതുകൊണ്ട് ഇനിക്കൊരു കൂസലും ഇല്ല. ഇതിനു മുമ്പിൽ ശ്ലോകങ്ങൾ ഉണ്ടാക്കീട്ടില്ലാത്തതുകൊണ്ട് ആദ്യം അല്പം ബുദ്ധിമുട്ടുണ്ടാകുമായിരിക്കും. അതു സാരമില്ല.

മാധവമേനോൻ: "ഹൂ അതുകൊണ്ടെന്താ? കാളിദാസനായിട്ട് നാടകം ഉണ്ടാക്കാൻ കഴിയുമോ? നല്ല കഥയായി. ആശങ്കയൊന്നും വേണ്ട. ശ്ലോകം തീർന്നെടത്തോളം കേൾക്കട്ടെ."

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/3&oldid=165943" എന്ന താളിൽനിന്ന് ശേഖരിച്ചത്