ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പക്ഷേ, നിങ്ങൾക്കു വൈരസ്യം ഉണ്ടാകാതിരിപ്പാൻ ഞാൻ തൽസംബന്ധം ഇനി ഒന്നും പറയുന്നില്ല. ഇതുവരെ പറഞ്ഞ സംഗതികളെക്കുറിച്ചു നിങ്ങൾ സാവധാനമായി ആലോചിച്ചു യുക്തിയുക്തമായി തോന്നുന്നവയെ സ്വീകരിച്ച് തദനുസരണം പ്രവർത്തിച്ചുകൊൾവിൻ.

പേഷ്കാരുടെ പ്രസംഗം കലാശിക്കാറായതോടുകൂടിത്തന്നെ കാഴ്ചക്കാരിൽ മുക്കാലിലധികം പേർ എഴുന്നേറ്റുപോകുവാൻ വട്ടംകൂട്ടിത്തുടങ്ങി. ഗോവിന്ദപ്പണിക്കർ മോഹിച്ചു വീണുപോയ വിവരം ഇതിനു മുമ്പിൽതന്നെ പറഞ്ഞുവല്ലൊ. അദ്ദേഹത്തെ ചിലർ കൂടി താങ്ങിപ്പിടിച്ചു സ്വഗൃഹത്തിലേക്കു കൊണ്ടുപോയി. കിഴക്കേസ്രാമ്പിയിൽ കരുണാകരമേനോൻ പേഷ്ക്കാരുടെ പ്രസംഗം പകുതിയായതോടുകൂടി വ്യസനവും ലജ്ജയും സഹിക്കുവാൻ പാടില്ലാതെ താൻ ആരംഭിച്ച നാടകം വീട്ടിൽ ചെന്നവശം തീയിട്ടുകളയാമെന്നു ശപഥംചെയ്തു ജൂബിലി ഹാളിൽ നിന്നും എഴുന്നേറ്റുപോയി. ശേഷയ്യനും ശങ്കരമേനോന്നും ഉണ്ടായ ചാരിതാർത്ഥ്യം ഇത്രയെന്നു പറയുവാൻ എന്നാൽ അസാദ്ധ്യം. പേഷ്കാരുടെ പ്രസംഗം തീർന്ന് അദ്ദേഹം ഹാളിൽനിന്നു പുറത്തു കടന്നപ്പോൾ കാഴ്ചക്കാർ എല്ലാവരും ആർപ്പു വിളിച്ച് പേഷ്കാർക്കു വന്ദനം പറയുകയും മേലിൽ അവിടെ കൂടിയവരിൽ ആരെങ്കിലും നാടകം കാണാനായി പോരുമ്പോൾ വളരെ സൂക്ഷിച്ചുകൊള്ളാമെന്ന് ഓരോരുത്തർ പ്രതിജ്ഞചെയ്യുകയും ചെയ്തു.

ശുഭമസ്തു.
"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/40&oldid=203392" എന്ന താളിൽനിന്ന് ശേഖരിച്ചത്