ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാധവമേനോൻ: "കുട്ടി എന്നോ കുട്ടൻ എന്നോ വേണം. എന്നാലേ ശിശുത്വവും ഓമനത്വവും വരൂ."

കരുണാകരമേനോൻ: ആ പദം കൊള്ളാം. എങ്കിലും അതുകൊണ്ടും അക്ഷരം പോരാതെ വരുമല്ലോ. 'യമപുരമഥ പൂകിച്ച--കുട്ടൻ' മൂന്നക്ഷരംകൂടി വേണം.

ഇതിന്നു മാധവമേനോൻ ഒന്നും മറുപടി പറയാതെ എന്തോ ആലോചിച്ചിരിക്കുന്നതുപോലെ അല്പനേരം ഇരുന്നു. കരുണാകരമേനോനും ആലോചിക്കാൻ തുടങ്ങി. അല്പം കഴിഞ്ഞപ്പോഴേക്കു മാധവമേനോൻ അത്യന്തം മുഖപ്രസാദത്തോടുകൂടെ പെട്ടെന്നു "കിട്ടി" എന്നു പറഞ്ഞു. "കേൾക്കട്ടെ" എന്നു കരുണാകരമേനോൻ ചോദിച്ചു. ഉടനേ മാധവമേനോൻ കരുണാകരമേനോന്റെ കയ്യിൽനിന്നും ശ്ലോകം എഴുതിയ കടലാസു വാങ്ങിച്ച് 'ഗോപാലകൃഷ്ണൻ' എന്നതിന്റെ പാഠാന്തരമായി താൻ കണ്ടുപിടിച്ച വാക്കുകൾ വെച്ചു വായിക്കുന്നു.

ചെഞ്ചെമ്മേ ചഞ്ചലാക്ഷീം യമപുരമഥ പൂ--
കിച്ച ചട്ടറ്റ കുട്ടൻ

കരുണാകരമേനോൻ: "എന്നെ വെറുതെ പരിഹസിക്കാനായിട്ടാണ് മാധവൻ എന്നോടു നാടകം ഉണ്ടാക്കാൻ പറഞ്ഞത്. കുട്ടൻ എന്നെക്കാൾ യോഗ്യനായ ഒരു കവിയാണ്, സംശയമില്ല. ഇപ്പോൾ വസ്തുത പറയാമല്ലൊ. 'തെണ്ടിനേൻ ഇണ്ടലെന്യേ' എന്ന അനുപ്രാസം കിട്ടുവാൻ ഇനിക്കു നാലഞ്ചു നാഴിക വേണ്ടി വന്നു."

മാധവമേനോൻ (സന്തോഷത്തോടും ഗൂഢമായ ഗർവത്തോടുംകൂടെ): അല്പനായ എന്നെ പരിഹാസമായി ഇങ്ങനെ ശ്ലാഘിച്ചിട്ട് ഇവിടേക്കെന്താ കിട്ടുന്നത്? രണ്ടക്ഷരം ഒരു പാഠാന്തരമായി ഇനിക്കു ഗുരുത്വം കൊണ്ടു തോന്നിയതിനാൽ ഞാൻ വലിയ കവിയായിപ്പോയോ?

കരുണാകരമേനോൻ: "അതങ്ങനെയല്ലേ പറയാൻ പാടുള്ളൂ. 'മനഃകവിയശഃപ്രാർത്ഥി" എന്നല്ലേ സക്ഷാൽ കാളിദാസൻ തന്നത്താൻ പറയുന്നത്? ആട്ടെ, ആ കാര്യം പോകട്ടെ, നാടകം ഏതായാലും തുടങ്ങിയ അവസ്ഥയ്ക്ക് അത് അവസാനിപ്പിക്കാഞ്ഞാൽ നമുക്കു പോരായ്കയുണ്ട്. കുട്ടന്റെയും സഹായം പ്രത്യേകം. വേണം."

മാധവമേനോൻ: നല്ല കഥയായി. എനിക്കെന്തറിയാം? എനിക്കെന്തു വിൽപ്പത്തിയാണുള്ളത്?

കരുണാകരമേനോൻ: "എനിക്കെന്തു വിൽപ്പത്തിയാണ്?"

മാധവമേനോൻ: നാരായണ! ഇവിടേക്കു വിൽപ്പത്തിയോ? നാവെടുത്താൽ രഘുവംശം ശ്ലോകമാണ്. അക്ഷരശ്ലോകം ചൊല്ലിയാൽ ഇവിടുന്ന് അച്ചു വെക്കാത്ത ആളുകളിവിടെ ഉണ്ടോ? ഇവിടുന്ന് അച്ചു കുടിച്ചതായി ഞാൻ ഇതുവരെ കേട്ടിട്ടില്ല. മിണ്ടുന്ന പദങ്ങൾക്കൊക്കെ അഭിധാനം നാവിന്റെ തുമ്പിലാണ്. 'ഏതു നേരം നോക്കിയാലും ശ്ലോകം ചൊല്ലലാണു വേല. കുളിയും മറ്റും നേരാംവണ്ണം ഇല്ലാതെയായി' എന്നു പറഞ്ഞ് കല്യാണി അൽപ്പം മുഷിഞ്ഞിരിക്കയാണ്. ശിവ ശിവ! ഈയു

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/5&oldid=165956" എന്ന താളിൽനിന്ന് ശേഖരിച്ചത്