ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ള്ളവന് ഇവിടുത്തേ വിൽപ്പത്തിയുടെ പത്തിലൊരംശം ഉണ്ടായിരുന്നുവെങ്കിൽ കാണായിരുന്നു ചെക്കൻ നാടകമെല്ലാം നാടകമാക്കുന്നത്. എന്തു ചെയ്യും? അതിനു നമുക്കു തലേലെഴുത്തില്ലല്ലോ. ഇവിടത്തേ അവസ്ഥയ്ക്ക് ഒരു നാടകമെങ്കിലും ഉണ്ടാക്കാഞ്ഞാൽ അവമാനമുണ്ട്.

കരുണാകരമേനോൻ: ആട്ടെ, അതെങ്ങനെയെങ്കിലും ആവാം. ഓരോന്നു പറഞ്ഞ് നാം നേരം വൃഥാ കളയരുത്. നമുക്കു കാര്യം നോക്കാൻ കിടക്കുന്നു. ശ്ലോകം മുഴുവനായിട്ടില്ല. നാലാം പാദത്തിൽ രണ്ടു നാലക്ഷരം കുറവുണ്ട്. പ്രാസവും ഒക്കണം. ആലോചിക്കൂ.

എന്നും പറഞ്ഞ് കരുണാകരമേനോൻ കസേരയിൽനിന്നും എഴുന്നേറ്റ് ഉലാത്തിത്തുടങ്ങി. കുറെ നേരം കഴിഞ്ഞിട്ടും ഒന്നും തോന്നുന്നില്ല. അപ്പോൾ മാധവമേനോനോടു പറയുന്നു "ഒരു 'ഇഞ്ച' ഉണ്ടാക്കിത്തരൂ. പിന്നെ ഞാൻ പറ്റിച്ചോളോം."

"ശ്ലോകത്തിന്റെ മൂന്നു പാദങ്ങളിലും വെച്ചിട്ടുള്ള 'ഞ്ച' എന്ന പ്രാസത്തിനൊപ്പിച്ചു നാലാം പാദത്തിനും 'ഞ്ച' എന്ന പ്രാസമുള്ള ഒരു പദം ആലോചിച്ചുണ്ടാക്കൂ" എന്നാണ് ഇപ്പറഞ്ഞതിന്റെ അർത്ഥമെന്ന് മാധവമേന്ന് ഉടനെ മനസ്സിലായി. അൽപ്പം ആലോചിച്ചിട്ട് പറയുന്നു. "നെഞ്ചിൽ എന്നായാലോ?"

കരുണാകരമേനോൻ: നെഞ്ചിൽ എന്നു പറയാറുണ്ടോ? നെഞ്ഞ് നെഞ്ഞ് എന്നല്ലേ രൂപം?

മാധവമേനോൻ: നെഞ്ച് എന്നും പറയാറില്ലേ? (സംയത്തോടു കൂടെ) ഉണ്ടെന്നു തോന്നുന്നു. അതോ നെഞ്ഞോ? നോക്കട്ടേ, നെഞ്ഞ്, നെഞ്ച്, നെഞ്ചിൽ, നെഞ്ഞിൽ.

കരുണാകരമേനോൻ: നല്ലവണ്ണം ആലോചിച്ചിട്ടു മതി. വല്ലതും കൊണ്ടുചേർത്തിട്ട് അബദ്ധമായാൽ ആളുകൾ പരിഹസിക്കും. പരിഹാസക്കാർ ഇപ്പോൾ കുറെ അധികമുള്ള കാലമാണ്. പറങ്ങോടീപരിണയവും മറ്റും പുറപ്പെട്ടതു കണ്ടില്ലേ? അതുകൊണ്ടായില്ല. ഇനി നാടകങ്ങളെ പരിഹസിപ്പാനായി കോതാവിവാഹം എന്നോ മറ്റോ വല്ല ഗോഷ്ടിപ്പേരും കൊടുത്ത് വല്ല നാടകവും പുറപ്പെടാതിരിക്കയില്ലെന്നാണു തോന്നുന്നത്. രാമക്കുറുപ്പവർകൾ ചക്കീചങ്കരം എന്നൊരു പരിഹാസവാളെടുത്ത് നാടകക്കാരെ വെട്ടുവാനായി വളരെ നാളായി ഓങ്ങിക്കഴിക്കുന്നു. വാളിന്റെ പണി എന്നാണാവോ തീരുന്നത്? അതുകൊണ്ടു കുട്ടൻ നല്ലവണ്ണം ആലോചിച്ചിട്ടേ പറയേണ്ടൂ. പണിക്കർ ശത്രുവാണ്. അയാൾക്കു വല്ലതും കിട്ടിയാൽ പിന്നെ കിടന്നുപൊറുക്കാൻ നോക്കണ്ട.

മാധവമേനോൻ: പോകാൻ പറയൂ ആ പെറക്കിയോട്. അവനെന്തറിയാം? തേങ്ങയോ? ഇനിക്കവന്റെ പേരേ കേൾക്കണ്ട. എരപ്പാളി. തെമ്മാടിക്കഴുവേറി. കാണിച്ചുകൊടുക്കാം.

കരുണാകരമേനോൻ: ആ കാര്യം കളയൂ.

മാധവമേനോൻ (പതുക്കെ): നെഞ്ച്. നെഞ്ഞകം, നെഞ്ചകം (ഉറക്കെ) ശരിയാണ് ഞാൻ പറഞ്ഞ വാക്ക്. നെഞ്ച് എന്നു പറയാം.

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/6&oldid=165957" എന്ന താളിൽനിന്ന് ശേഖരിച്ചത്