ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രണ്ടാം അദ്ധ്യായം


കഥ അവിടെ നിൽക്കട്ടെ. ഇനി "രെയിസ്ത്രാൾ" ഗോവിന്ദപ്പണിക്കരുടെ വീട്ടിൽ നടന്ന ഒരു സംഭാഷണം ഇവിടെ വിവരിക്കാം. പുത്തമ്പാറെ ഗോവിന്ദപ്പണിക്കർ ഹജൂർ രജിസ്ട്രാരാണ്. ഏകദേശം മുപ്പത്തഞ്ചു വയസ്സ് പ്രായമുണ്ട്. മഹാരസികനും ശൃംഗാരിയും ആണെങ്കിലും ശുണ്ഠിത്വത്തിൽ കിഴക്കെസ്രാമ്പിയിൽ കരുണാകരമേനോനെക്കാൾ അല്പം കൂടുമെന്നല്ലാതെ ഒട്ടും കുറകയില്ല. വ്യുൽപത്തി ഇക്കാലത്തെ അവസ്ഥ ആലോചിച്ചാൽ, വളരെ അധികമുണ്ടെന്നു പറഞ്ഞുകൂടാ. എന്നാൽ, നാട്യം അത്രയ്ക്കല്ലതാനും. കയ്ക്കുളങ്ങരെ രാമവാരിയരാകട്ടൊ കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരാകട്ടൊ ഇങ്ങേ അറ്റം വലിയകോയിത്തമ്പുരാൻതന്നെ ആകട്ടൊ ഒക്കെ ഒരുവക എന്നാണ് ഇദ്ദേഹത്തിന്റെ ഭാവം. അതു നിമിത്തം പുത്തമ്പാറെ ഗോവിന്ദപ്പണിക്കർക്ക് വിദ്യാവിഷയത്തിൽ പല ശത്രുക്കളും ഉണ്ടായിരുന്നു എന്നു കേൾക്കുന്നതിൽ വായനക്കാർ അദ്ഭുതപ്പെടുവാനില്ലല്ലൊ.

ഒരു ദിവസം കാലത്ത് ഏകദേശം ആറര മണിക്ക് ഇദ്ദേഹം പതിവിൻപ്രകാരം കാപ്പി കഴിച്ച് പൂമുഖത്ത് ഒരു ചാരുകസേരിയിൽ വർത്തമാനക്കടലാസു വായിച്ചു കിടക്കയായിരുന്നു. അപ്പോൾ ഹജൂർ ട്റാൻസ്‌ലേട്ടർ ശേഷയ്യർ, ഹെഡ് ക്ലേർക്ക് കേശവനെളയത് എന്നിവർ അവിടെ വന്നു. ഇവർ ഹജൂരിൽ തന്റെ സഹചാരികളാകയാൽ ഗോവിന്ദപ്പണിക്കരുടെ ഇഷ്ടന്മാരാണ്. ശേഷയ്യർ അല്പം നാരദനും അതിനാൽ കടികൂട്ടുന്നതിൽ ബഹുസമർത്ഥനും ആണ്. പണിക്കർ ഒരു വലിയ കവിയാണെന്നു ഭാവിച്ചുംകൊണ്ടു നടക്കുന്നതിനെക്കുറിച്ച് ശേഷയ്യർക്കു കുറെ പരിഹാസമാണ്. എങ്കിലും അതൊന്നും പ്രസിദ്ധമായി ആരോടും പറയാറില്ല. എളയത് അങ്ങനെയല്ല. പണിക്കർക്കു വളരെ സ്നേഹവും വിശ്വാസവും

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/9&oldid=203489" എന്ന താളിൽനിന്ന് ശേഖരിച്ചത്