തായിരുന്നു കിട്ടു ആശാൻെറ നന്താവനം. ആശാന്റെ ചെറുതെങ്കിലും വൃത്തിയുള്ള കുടിൽ, ഒരു മാങ്കൂട്ടത്തിന്റെ മദ്ധ്യത്തിൽ നിന്നിരുന്നു. ആശാനും രാഘവനും നന്താവനത്തിൽ എത്തിയപ്പോൾ നേരം ആറേഴു നാഴിക പുലർന്നു. ആശാൻ ഏകനായിട്ടാണ് അവിടെ താമസിച്ചിരുന്നത്. വീടു സൂക്ഷിക്കാൻ നല്ല ശൗര്യവും വിശ്വസ്തതയും ഉള്ള ഒരു പട്ടി ഉണ്ടായിരുന്നു. ആശാന്റെ സഹായത്തിനു് ഭൃത്യന്മാർ ആരും ഉണ്ടായിരുന്നില്ല. സ്വയം പാകത്തിൽ ആശാന് നല്ല പരിചയം ലഭിച്ചിരുന്നു.
ആശാൻ അടുപ്പ് വൃത്തിയാക്കി കുടവുമെടുത്തു വെള്ളത്തിനു തിരിച്ചു. വെള്ളം കൊണ്ടുവന്നപ്പോഴേക്കു് രാഘവൻ കുടിലിന്റെ സമീപത്തു ശേഖരിച്ചിരുന്ന വിറകിൽനിന്നും കുറേ എടുത്തുകൊണ്ടുവന്നു അടുപ്പിൽ തീകത്തിച്ചിരുന്നു. രാഘവന്റെ പ്രവൃത്തിയെ ഒരു മന്ദഹാസം കൊണ്ടു് ആശാൻ അഭിനന്ദിച്ചു. വെള്ളം അടുപ്പത്താക്കിയിട്ട്, ആ വൃദ്ധൻ ഒരു വലിയ കാച്ചിൽ ചെത്തിനുറുക്കി, കഴുകി അതും ഒരു അടുപ്പിലാക്കി.
"വെള്ളം തിളച്ചു എന്നു തോന്നുന്നു" എന്നു പറഞ്ഞ്, ആശാൻ അരി എടുത്തു കഴുകി അരിച്ച് വെള്ളത്തിലിട്ടു അനന്തരം, കിണ്ടിയുമായി ആട്ടാലയിൽ പോയി. അവിടെ നിന്നിരുന്ന രണ്ടാടുകളെ കറന്നു് അവയെ മേയാൻ വിട്ടു. ആശാൻ പാൽ കൊണ്ടു വന്നപ്പോഴേക്കും കഞ്ഞിയും കാച്ചിലും വെന്തു പാകമായി. രണ്ടിലും ക്രമത്തിനു് ഉപ്പൊഴിച്ചു. പാലിൽ പഞ്ചസാര ചേൎത്തു് അതും കഞ്ഞിയിലൊഴിച്ചു എല്ലാം പാകമാക്കി