ഉത്സാഹം കുറഞ്ഞ മൈഥിലി അച്ഛനെ അന്വേഷിച്ചു മുന്നോട്ടു മുറുകിനടന്നു. പരസ്പരം പരിചയമില്ലാത്ത പലരും ഒരുവഴിക്കു തിങ്ങി നടക്കുമ്പോൾ അവരുടെ ഇടയിൽ നടന്നു പോകുന്ന ഒരു കൊച്ചു കുട്ടിയെക്കുറിച്ചു ആരും വിശേഷിച്ചു ശ്രദ്ധിച്ചു എന്നു വരികയില്ല. ഇടക്കിടയ്ക്ക് പലേടത്തുവച്ചും ജനങ്ങൾ കൂട്ടം പിരിഞ്ഞു അവരവരുടെ വഴിക്കു പോയി. ഇങ്ങനെ ഒരു അരനാഴിക ദൂരം ചെന്നപ്പോൾ, ജനസംഖ്യ വളരെ കുറഞ്ഞു ബാക്കി ഉണ്ടായിരുന്നവർ ഒരു നാലുമുക്കിൽ എത്തി. അവിടെ വച്ചു ജനങ്ങൾ മൂന്നു വഴിക്കായി തിരിഞ്ഞതു കണ്ടു, എങ്ങോട്ടു പോകണമെന്നറിയാതെ മൈഥിലി വിഷമിച്ചു. പരിചയമുള്ള യാതൊരു മുഖവും ആ കൂട്ടത്തിൽ അവൾ കണ്ടില്ല. അവളുടെ കണ്ണുകൾ കലങ്ങി കവിൾത്തടം തുടിച്ചു. ചുണ്ടുകൾ വിറച്ചു. അവൾ കരയാനാരംഭിച്ചു. അവളുടെ ഈ അവസ്ഥ ആരെങ്കിലും കാണുംമുമ്പേ, പെട്ടെന്നു അവളുടെ മുഖം തെളിഞ്ഞു. അപ്പോൾ എവിടന്നോ അവിടെ വന്നു ചേൎന്ന രാഘവനെ അവൾ കണ്ടു.
രാഘവൻ ഈശ്വരവന്ദനം ചെയ്തുകൊണ്ടു തിരിഞ്ഞു നോക്കിയത് മൈഥിലിയുടെ മുഖത്തായിരുന്നു. അവൾ അണ്ണാവിയുടെ കൈയ് വിട്ട് ആൾക്കൂട്ടത്തിൽ ഓടിക്കളിക്കാൻ തുടങ്ങിയതു രാഘവൻ കണ്ടു. അവൻ മൗനമായി അവളെ അനുഗമിച്ചു. അച്ഛനെ പിരിഞ്ഞു, അബദ്ധത്തിൽ അവൾ അങ്ങിനെ പോകയാണെന്നു രാഘവൻ തോന്നിയിരിക്കാം.
രാഘവനെ കണ്ടപ്പോൾ മൈഥിലി ചോദിച്ചു -- "ആയാനെന്തിയെ?"
രാ--"മൈഥിലിയുടെ അച്ഛന്റെ കൂടെയുണ്ടു്."