ആശാൻ--"ഉണ്ട്. പക്ഷേ അതു സംസ്കൃതമാണു്. രാഘവനു അതു വായിച്ചാൽ മനസ്സിലാകയില്ല---- ഞാൻ വായിച്ച് അൎത്ഥം പറഞ്ഞുകേൾപ്പിച്ചു തരാം."
ആശാൻ ആരണ്യകാണ്ഡം 16-ാം സർഗ്ഗമെടുത്തു വായിച്ചു അൎത്ഥം പറഞ്ഞു. രാഘവൻ വളരെ രസത്തോടുകൂടി കേട്ടുകൊണ്ടിരുന്നു. വായന തീർന്നപ്പോൾ രാഘവൻ ചോദിച്ചു:-- "ഈ വലിയ പുസ്തകം മുഴുവൻ രാമായണമാണോ?"
ആശാൻ - "രാമായണം തന്നെ. രാഘവനു വായിക്കണമെന്ന് താല്പര്യം തോന്നുന്നുണ്ടോ? ഇതിലെ അക്ഷരം 'ഗ്രന്ഥാക്ഷരമാണു ' ഇതാ നോക്കൂ."
രാഘവൻ - (രാഘവൻ പുസ്തകം വാങ്ങി സൂക്ഷിച്ചുനോക്കീട്ട്) ഇതിലെ ചില അക്ഷരങ്ങൾ മലയാളം പോലെയിരിക്കുന്നു."
ആശാ--"ചില അക്ഷരം മലയാളം പോലെയും, ചിലതു തമിഴു പോലെയും ഇരിക്കും. എട്ടുപത്തു പദ്യങ്ങൾ മലയാളത്തിൽ എഴുതി പഠിച്ച് അതിന്റെ ഓർമ്മവച്ചു വായിച്ചാൽ എളുപ്പം ഗ്രന്ഥാക്ഷരം വായിക്കാം."
രാഘ - "വായിച്ചതുകൊണ്ടായില്ലല്ലോ. അൎത്ഥവും കൂടി അറിയണമല്ലോ."
ആശാ -- "അഞ്ചോ പത്തോ ശ്ലോകമെഴുതി അൎത്ഥത്തോടുകൂടി പഠിക്കുക, അല്പകാലം കൊണ്ട് വാല്മീകി രാമായണം രാഘവനും തന്നത്താൻ വായിച്ചു രസിക്കാനുള്ള കഴിവുണ്ടാകും."