ദുഷ്പ്രവേശമായ ഒരു താഴ്‌വര കടന്നു, അവൻ കുന്നിൻ ചരിവിൽ എത്തി. പാറക്കെട്ടുകൾ നിറഞ്ഞ ആ കുന്നിലേക്കു കുറെ ദൂരം കയറിയപ്പോൾ, ഒരു വെടിയുടെ ശബ്ദം കാടുമുഴുവനും ഇളക്കിക്കൊണ്ടു പാറക ളുടെ വിള്ളലുകളിൽ മുഴങ്ങി. ഈ വെടി എവിടെനിന്നെന്നറിവാനായി രാഘവൻ ചുറ്റും നോക്കിയപ്പോൾ ചൂരൽക്കാടുകളേയും പടർപ്പുകകളേയും ഭേദിച്ചുകൊണ്ടു് ഒരു സത്വം പാഞ്ഞുവരുന്നതു കണ്ടു. വട്ടവാൾ പോലെ വളഞ്ഞ കൊമ്പും, പുകയുടെ ഇടയിൽക്കൂടി കാണുന്ന തീക്കട്ടപോലെ ജ്വലിക്കുന്ന കണ്ണും, പുകയിറപോലുള്ള നിറവും, ആകപ്പാടെ വിലക്ഷണമായ ആകൃതിയുമുള്ള ആ ഘോരസത്വം ഒരു കാട്ടെരുമയായിരുന്നു.
കാട്ടുപോത്തുകൾ ഈ വനത്തിലുണ്ടെന്നു രാഘവൻ അറിഞ്ഞിരുന്നില്ല. ഈ ജന്തുക്കളുടെ രൂക്ഷതയെക്കുറിച്ചു രാഘവൻ കേട്ടിട്ടുള്ളതല്ലാതെ, അവയെ അതിനുമുമ്പു കണ്ടിട്ടില്ല. തന്റെ നേരെ പാഞ്ഞുവരുന്ന ആ ഘോരമൃഗത്തിന്റെ ലാക്ക് എന്തെന്നറിയാതെ അവൻ അമ്പരന്നു നിൽക്കുമ്പോൾ, അതിന്റെ പിന്നാലെ ഒരു കന്നുകുട്ടി കുതിച്ചു പാഞ്ഞു വരുന്നത് അവൻ കണ്ടു. രാഘവൻ അവസ്ഥ വളരെ പരുങ്ങലിലായി. അവൻ ചുററും രക്ഷാമാൎഗ്ഗം നോക്കി. കിഴുക്കാംതൂക്കായ ഒരു പാറയുടെ അരികിൽ അവൻ നിൽക്കയായിരുന്നു. അതിൽ കയറുക അസാദ്ധ്യം. ഇടത്തോട്ടൊ, വലത്തോട്ടൊ എങ്ങോട്ടോടിയാലും, എരുമയ്ക്കും നിഷ്പ്രയാസമായി അവൻ അടുത്തെത്താം. അടുത്തെത്തിയാലത്തെ കഥ പറയേണ്ടതില്ല. എരുമ ഒരു ദണ്ഡു ദൂരത്തിലായി. അവൻ പാറയരികിൽ ചേൎന്നു നിൽക്കയായിരുന്നു. തന്റെ സൈരവിഹാരത്തിനു ഭം