ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
29

ഏകദേശം ഒരു നാഴികനേരം, രാഘവൻ കൈയിൽനിന്നു രക്ഷപ്പെടാനായി, ആ ജന്തു ചാടിയും തൊഴിച്ചും പല വാക്കിനു കുതിച്ചും കഠിന സാഹസങ്ങൾ ചെയ്തു. ആ ശ്രമങ്ങൾ വിഫലമെന്ന് കണ്ടപ്പോൾ രാഘവന്റെ ആജ്ഞയ്ക്കു കീഴ്പെട്ടു നടന്നു തുടങ്ങി. കുറെനടന്ന ശേഷം, അതു നിലത്തു വീണു കിടപ്പായി. അതിന്റെ വായിൽനിന്നും നുരയാടുന്നതും അതു നാക്കു ചുഴറ്റുന്നതും കണ്ടു രാഘവൻ അതിനെ ഒരു മരത്തോടു ചേർത്തുകെട്ടിയുംകൊണ്ടു്, സമീപമുണ്ടായിരുന്ന ഒരു ഊറ്റിൽനിന്നു കുറെ വെള്ളം ഒരു കുത്തിലയിൽ കൊണ്ടുവന്നു അതിനു കുടിക്കാൻ കൊടുത്തു. മൂന്നു നാലു പ്രാവശ്യം വെള്ളം കൊടുത്തപ്പോൾ അതു സാവധാനമായി എഴുന്നേറ്റു. രാഘവൻ വാൽസല്യപൂർവം തലോടുകയാൽ പിന്നീടു പിണക്കം കൂടാതെ അതു അവനെ അനുഗമിച്ചു നന്താവനത്തിലെത്തി. രാഘവൻ അതിനെ പശുത്തൊഴുത്തിൽ കെട്ടി ധാരാളം പുല്ലും വാലും കഞ്ഞിവെള്ളവും കൊടുത്തു. അന്നു വൈകുന്നേരം ആകുന്നതുവരെ, രാഘവനു ആ എരുമക്കിടാവിന്റെ ശുശ്രൂഷയായിരുന്നു മുഖ്യമായുണ്ടായിരുന്ന ജോലി. പൂവത്തൂർ മാളികയിൽ പോയിരുന്ന ആശാൻ. മടങ്ങി എത്തി. കന്നുകുട്ടിയെക്കണ്ട ആശാൻ വളരെ സന്തോഷിച്ചു.

ആശാ--"ഈ കന്നുകുട്ടിയാണ് രാഘവന്റെ ഒന്നാമത്തെ സമ്പാദ്യം. ഈശ്വരാനുഗ്രഹത്താൽ ഇതു നിനക്കു ലഭിച്ചതാണു്."

രാഘ--"ഈശ്വരാനുഗ്രഹം കൂടാതെ ഒന്നും സാദ്ധ്യമല്ല അല്ലേ?”

ആശാ--“മനുഷ്യപ്രയത്നവും വേണം."

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/33&oldid=220433" എന്ന താളിൽനിന്ന് ശേഖരിച്ചത്