കുംഭമാസം. ശുക്ലപക്ഷത്തിലെ ഏകാദശി. ഇവ രണ്ടും ചേർന്നാൽ രാത്രിയുടെ ഭംഗി പറയാനില്ല. തിളങ്ങുന്ന നക്ഷത്രങ്ങളും ചന്ദ്രനും ആകാശത്തെ അലങ്കരിക്കുന്നു.
കാടും കുന്നും ഒന്നും കൂടാതെ തുമ്പക്കാട്ടു മൈതാനം നീണ്ടുപരന്നു കിടന്നിരുന്നു. ഈ മൈതാനത്തിന്റെ നടുവിൽക്കൂടി കിഴക്കുപടിഞ്ഞാറായി ഒരു നടയ്ക്കാവു് ഉണ്ടായിരുന്നതിന്റെ ഇരുവശവും പലതരം തണൽമരങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു. നടയ്ക്കാവിന്റെ ഒട്ടുമദ്ധ്യത്തിൽ, ഒരു വലിയ അരയാലും നാട്ടുമാവും ഒന്നിച്ചു വളൎന്നു നിൽക്കുന്നുണ്ട്. മഹാധൎമ്മിഷ്ഠനായ പൂവത്തൂരണ്ണാവി ഈ വൃക്ഷസഹോദരന്മാരുടെ ചുറ്റും മനോഹരമായ ഒരു വലിയ ആൽത്തറ കെട്ടിച്ചിരുന്നു. അതിനെതിരായി നടയ്ക്കാവിന്റെ മറുപുറത്തു ഒരു വഴിയമ്പലവും കിണറും ഒരു കരിങ്കൽ ചുമടുതാങ്ങിയും ഉണ്ടായിരുന്നു.
ആ ആൽത്തറയിൽ അല്പം മുഷിഞ്ഞ ഒരു മുണ്ടും തോർത്തും ധരിച്ചു കോമളനായ ഒരു ബാലൻ ഉറങ്ങിക്കിടന്നിരുന്നു. അവൻ പത്തുപതിനൊന്നു വയസ്സ് പ്രായം തോന്നും. വിശന്നും വഴിനടന്നും ഉണ്ടായ ക്ഷീണം അവ