മീനാ:-"തിരുവാണ്ട പറഞ്ഞത്, കാടെല്ലാം തെളിച്ചു കരക്കൃഷികളും നടത്തി, വേലിയും അടച്ചുകഴിഞ്ഞെന്നാണല്ലോ. തൈത്തെങ്ങുകൾ കണക്കോല വിരിഞ്ഞു കരുത്തോടെ വളർന്നുവന്നു. ഇനി അവിടെ ഒരു അമ്പതുപറ വിത്തുപാടു് സ്ഥലം തെളിച്ചെടുത്തതിൽ കൃഷി ഇറക്കാനുള്ള ജോലിയെ ശേഷിച്ചിട്ടുള്ളു. അതിനും നിലമെല്ലാം ഒരുക്കി. കന്നിമാസത്തിൽ നടാൻ ഞാറും പാകി കുരുപ്പിച്ചിട്ടുണ്ടു്."
രാഘവൻ വിസ്മയത്തോടുകൂടി ആശാൻ മുഖത്തുനോക്കി. ആശാൻ ഒന്നും മിണ്ടിയില്ല.
അണ്ണാ:- രാഘവാ പുതുവൽ ദേഹണ്ണക്കാര്യം ആശാനും ഞാനും കൂടി നോക്കിക്കൊള്ളാം. രാഘവനെക്കൊണ്ടു എനിക്കൊരു കാര്യം സാധിക്കാനുണ്ട്.
രാഘ: --"എന്നെക്കൊണ്ടോ?"
അണ്ണാ:- "അതേ രാഘവനെക്കൊണ്ടല്ലാതെ മററു ആരെക്കൊണ്ടും വളരെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന ദേവസ്വം കാര്യങ്ങൾ ശരിപ്പെടുത്താൻ സാധിക്കുമെന്നു എനിക്കു നല്ല വിശ്വാസമില്ല.
രാ:-- “എനിക്കു ദേവസ്വം കാര്യങ്ങളിൽ പരിചയമൊന്നുമില്ലല്ലോ?
അ:-- “കുറെ ദിവസം കാര്യം നോക്കിവരുമ്പോൾ. പരിചയം താനെ ഉണ്ടായിക്കൊള്ളും."
രാ:-" അതു ശരിയായിരിക്കാം. ഞാൻ ഉദ്ദേശിച്ചിട്ടുള്ള ചില കാര്യങ്ങൾക്കു വിഘ്നം സംഭവിച്ചേക്കും"
അണ്ണാ:-- "രാഘവന്റെ ഏതു കാര്യത്തിനാണു വിഘ്നം സംഭവിച്ചേക്കാവുന്നത്? പുതുവലിന്റെ കാര്യമാണെങ്കിൽ അതു ആശാന്റെ മേൽനോട്ടത്തിൽ ഇപ്പോൾതന്നെ വളരെ ഭംഗിയായി നടക്കുന്നുണ്ട്."