പല പുണ്യാത്മക്കളേയും കണ്ടു് പലതും ഗ്രഹിച്ചു. അതോടുകൂടി അദ്ദേഹത്തിനു മനുഷ്യസമുദായത്തിൽ
കടന്നുകൂടിയിരിക്കുന്ന ഉച്ചനീചത്വാദി സമുദായദോഷങ്ങളെക്കുറിച്ചു ഗാഢമായി ചിന്തിക്കുവാൻ സംഗതിയായി.
ഏതെങ്കിലും ഒരു ചെറിയ ഗ്രാമത്തിൽ അജ്ഞാതവാസം ചെയ്തു, ആ ഗ്രാമീണരുടെ ഇടയിലെങ്കിലും തന്റെ അഭിപ്രായപ്രകാരമുള്ള സമുദായോദ്ധാരണ പരിശ്രമങ്ങൾ ചെയ്യണമെന്നു നിശ്ചയിച്ചു് അതിനു യോഗ്യമായ ഒരു സ്ഥലമന്വേഷിച്ചാണ് പൂവത്തൂരിൽ വന്നു അണ്ണാവിയുടെ പരിചയം സമ്പാദിച്ചു നന്ദാവനത്തിൽ പാർപ്പും രാമപുരം ക്ഷേത്രത്തിൽ രാമായണം വായനയുമായി കഴിഞ്ഞു വന്നതു്.
നന്താവനത്തിൽ താമസമായി ഏതാനും മാസങ്ങൾ കഴിഞ്ഞു. പ്രച്ഛന്നവേഷനായി ആശാൻ സ്വദേശത്തു് സഞ്ചരിച്ചു് അവിടത്തെ ക്ഷേമം അന്വേഷിച്ചു മടങ്ങിപ്പോന്നു. ആശ്രമജോലികൾ സാവകാശമായി ആശാൻ തന്നെയാണു് നടത്തിക്കൊണ്ടു വന്നതെങ്കിലുംചില ജോലികൾക്കും, കൃഷിയില്ലാത്ത കാലങ്ങളിൽ വേലയ്ക്ക് വിശന്നു നടന്നിരുന്ന പറയരേയും ആശാൻ ഏർപ്പെടുത്തിയിരുന്നു.
രാഘവനു മൂന്നു വയസ്സുള്ളപ്പോഴാണ്, ആശാൻ രാഘവനെ ഒടുവിൽ കണ്ടതു്. അപ്പോൾ രാഘവനു സഹോദരിയായി ഒരു പെൺകുട്ടിയും ജനിച്ചിരുന്നു. മകളും കുഞ്ഞുങ്ങളും ഭൎത്താവിന്റെ സംരക്ഷണയിൽ സുഖമായി കഴിഞ്ഞുവന്നതു കണ്ടുള്ള കൃതാൎത്ഥതതോടുകൂടി ആശാൻ തിരിച്ചുവന്നു് ആശ്രമത്തിൽ സ്ഥിരമായി താമസം തുടങ്ങി. ഏതാനും കൊല്ലം കഴിഞ്ഞ