ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏതെല്ലാം പാഥേയചിത്രാന്നമുണ്ടു ! നീ-
യേതെല്ലാം ശൂണ്ഡയിൽ തൃഷ്ണതീർത്തു !
ഏതെല്ലാംമപ്സരസ്ത്രീയായി ! പാണിയി-
ലേതെല്ലാം ദിൿപാലച്ചെങ്കോലേന്തി !

139.വ്യോമത്തിൽ പാറുമപ്പട്ടത്തിൻ സുത്രാഗ്രം
ഭൂമിയിൽ-കാലത്തിൻകയ്യിൽ-വായ്ക്കേ 1000
ഉൾത്താരിലാർക്കുതാനുത്സേകമുണ്ടാക്കു-
മത്താമ്രചൂഡോഡ്‌ഡിനാവഡീനം ?
ചേലയിൽ മാലിന്യം : മാലയിൽ മ്ലാനത്വം :
ചേലണിപ്പൂ മെയ്യിൽ സ്വേദപൂരം !-
ഇമ്മട്ടിൽ താഴത്തു വീഴ്കയോ നീ നിന-
ക്കമ്മഹർല്ലോകമാണാതിഥേയം !

140.തെല്ലേതും ഭ്രംശത്തിൻ ഭീതിയില്ലദ്ദിക്കിൽ:
നിർല്ലേപരമ്യമന്നീലാകാശം,
അസ്വാപദൂഷിതമങ്ങാർക്കും ജാഗര,-
മസ്തമിച്ചീടാത്തോന്നർക്കബിംബം ! 1010
തന്നിലേ വാസന പൊയ്പോയോർക്കെങ്ങുള്ളു
പുണ്യസുധാഘക്ഷ്വേളാശനങ്ങൾ ?"


XXXI


141.പിന്നെയുമോതിനാൾ പിംഗള:- "പാതിയു-
മെന്നാൽ താനാസാദ്യമെൻ നിസ്താരം
ആത്മാവാലാത്മവിന്നുദ്ധാരം കല്പിച്ചോ-
നാത്മാനാത്മാധീശനാദിദേവൻ;

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/53&oldid=166519" എന്ന താളിൽനിന്ന് ശേഖരിച്ചത്