വിചാരിക്കാഞ്ഞിട്ടാണു് എന്നു തർക്കിക്കുന്നൂ. എങ്കിൽ ആദ്യം വേദപാരായണം, നമ്പൂരിപ്പട്ടം ഇതുകളോടുകൂടി കേമന്മാരായിരുന്നു താഴ്ചഭവിച്ച ഇളയതു്, മൂത്തതു്, പുഷ്പകൻ മുതലായ എല്ലാ പേർക്കും ഈ നമ്പൂരിപ്പട്ടത്തിനു് വളരെ ഇച്ഛയുണ്ടായിരുന്നിട്ടും അവർക്കു് ആയതു് ഇല്ലതെ വന്നതു് അവരിൽ നിന്നും എടുത്തുകളകയാൽ തന്നെയാണെന്നും, അങ്ങനെ എടുത്തുകളഞ്ഞതു് അഭിമാനം നിമിത്തമാണെന്നും, അതിനാൽ ഈ നാമത്തെ കുറിച്ചു് അഭിമാനമില്ലെന്നു മുമ്പെ പറഞ്ഞതു ശരിയല്ലെന്നും തെളിയുന്നു.
ഇപ്രകാരം വേദപാരായണമുള്ളവരായ എല്ലാ പേരിലും നമ്പൂരിപ്പട്ടം കാണാത്തതുകൊണ്ടു് അവ്യാപ്തി എന്ന ദോഷവും വേദപാരായണമില്ലാത്തവരിലും കാണുകകൊണ്ടു് അതിവ്യാപ്തി എന്ന ദോഷവും പറ്റിയിരിക്കുന്നു.
ഇനി നമ്പൂരി ശബ്ദത്തിന്റെ നിർദ്ദോഷ (ശരിയായ) കാരണത്തെ ചിന്തിക്കാം.
എമ്പ്രാൻ, പോറ്റി, വേദത്തിനു് ഇവർ പൂർണ്ണാധികാരികളായിരുന്നിട്ടും അവർക്കു നമ്പൂരി ശബ്ദം ഇല്ലാതിരിക്കുന്നു. എന്നാൽ ആയവർ തന്നെ ഒരു വിധം സമ്പന്നന്മാരായും വേലക്കാർ മുതലായി ശൂദ്രരെന്നും പറഞ്ഞു വരുന്നവരെക്കൊണ്ടു് ‘അടിയൻ’ ‘ഇറാൻ’ എന്നു പറയിക്കുന്നവരായും അടുക്കള ദോഷ ശങ്കയുണ്ടായാൽ സ്മാർത്ത വിചാരം നടത്തിക്കുന്നതിനു് അവകാശപ്പെട്ടും പെൺകൊട അന്യോന്യം ആകാമെന്നു വരുത്തിയും ഇരിക്കുന്നവരായും തീർന്നാൽ നമ്പൂരിയായി ഭവിക്കുന്നു. ഇതുകൊണ്ടു് നമ്പൂരി ശബ്ദത്തിനു് പ്രധാന കാരണം തീർച്ചയായിട്ടും വേദപാരായണമല്ലെന്നും മേല്പറഞ്ഞ സംഗതികൾ മാത്രമാണെന്നും തെളിയുന്നു.