ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ശാസ്ത്രനമ്പൂരി

ഇനി ജാതിമാത്രന്മാരിൽ രണ്ടാം തരക്കാരായ ശാസ്ത്ര നമ്പൂരിമാർക്കു് കുറവിന്നു കാരണം ആയുധ ഗ്രഹണമല്ലെന്നു കാണിക്കാം.

ശാസ്ത്രകളിക്കാർക്കു ആയുധാഭ്യാസഗ്രഹണം നിമിത്തമാണു് കുറച്ചിലെങ്കിൽ അശ്വത്ഥാമാവു്, ദ്രോണരു്, കൃപരു്, ഭീഷ്മർ മുതലായവർക്കും ആയുധവിദ്യ ഉണ്ടായിരുന്നു എന്നുതന്നെയല്ല അവർ വളരെ യുദ്ധം ചെയ്തിട്ടുമുണ്ടു് (ഭാരത പ്രമാണങ്ങൾ). ഭാർഗ്ഗവനാകട്ടെ അനേക മഹാന്മാർക്കു് ഈ വിദ്യയെ ഉപദേശിക്കുകയും യുദ്ധം ചെയ്തു് ലക്ഷോലക്ഷം ക്ഷത്രിയരെ കൊല്ലുകയും ചെയ്തിട്ടുണ്ടു്. പാഞ്ചാലീ സ്വയംവരത്തിൽ സുന്ദരബ്രാഹ്മണൻ (അർജ്ജുനൻ) ലക്ഷ്യത്തെ എയ്തു മുറിച്ചതു കണ്ടിട്ടു് അവിടെ കുടികൂട്ടിയിരുന്നതായ എല്ലാ ബ്രാഹ്മണരും സന്തോഷിച്ചു്, ‘അല്ലെ കണ്ടില്ലെ എയ്തു മുറിച്ചതു്. ബ്രാഹ്മണനു തപോശക്തികൊണ്ടു് എന്തിനാ പ്രയാസം’ എന്നിങ്ങനെ വർണ്ണിച്ചതല്ലാതെ നിന്ദിച്ചില്ല. ഈയിവർക്കുമാത്രം വലിയ കുറച്ചിൽ അതിലും വിശേഷം ഒരുനാളും ഒന്നുകൊണ്ടും തീരാത്ത കുറച്ചിൽ എന്നുകാണുന്നതു് ആശ്ചര്യം തന്നെ.

അല്ലാതേയും ഈ മലയാളത്തിലേക്കു ബ്രാഹ്മണ ശുശ്രൂഷക്കും അവർക്കു വേണ്ടുന്ന കൃഷ്യാദികൾക്കും ശൂദ്രരേയും വിശേഷ ശുശ്രൂഷക്കു സ്വർഗ്ഗസ്ത്രീകളേയും രക്ഷയ്ക്കു ക്ഷത്രിയ രാജാവിനേയും കൊണ്ടുവന്നേർപ്പെടുത്തിയ ഭാർഗ്ഗവന്‌ മലയാളത്തെ രക്ഷിക്കുന്നതിനുള്ള ഭടജനത്തെ ചേർക്കുവാൻ മാത്രം വേറെ ആളുകളെ കിട്ടുകയില്ലാഞ്ഞെ ഈ സ്വജനങ്ങളായ മഹാബ്രാഹ്മണരെ ഭ്രഷ്ടരാക്കണമെന്നുണ്ടൊ? ഇതും അസംബന്ധം തന്നെ.

ഇനി ജാതിമാത്രന്മാരിൽ മൂന്നും നാലും തരക്കാരായവർക്കു കുറവിനു കാരണം.

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/25&oldid=215445" എന്ന താളിൽനിന്ന് ശേഖരിച്ചത്