ഇതിൽ ഇവർ പറയും പ്രകാരം വീരഹത്യാപാപത്തിനു ഭ്രഷ്ടുണ്ടായിരുന്നെങ്കിൽ വീരഹത്യാ ദൊഷാവശിഷ്ടമൊ മുഴുവനുമൊ ഈ മലയാള ബ്രാഹ്മണരിൽ ചിലർ ഏറ്റുവാങ്ങുന്നതുവരെ അതിന്റെ ഇരിപ്പിടമായിരുന്ന ഭാർഗ്ഗവനും ഈ ഭ്രഷ്ട് ഇരുന്നിരിക്കേണ്ടതായിരുന്നു. അപ്രകാരമില്ലാത്തതുകൊണ്ടു വീരഹത്യാ നിമിത്തം ഭ്രഷ്ടുണ്ടായി എന്നുള്ളതു് അസംബന്ധം തന്നെ.
ഇനി പാച്ചുമൂത്തതിന്റെയും വേറെയും കേരളോല്പത്തികളിൽ ഈ വിധം കാണുന്നു. പിന്നെ പാണ്ടിയിൽ നിന്നു് ഭൂതരായപ്പെരുമാൾ എന്ന ബ്രാഹ്മണൻ താനെ വന്നു. അദ്ദേഹം ഭൂതങ്ങളേയും ദുർദ്ദേവതമാരേയും ഉപാസിച്ചു് അവരുടെ ശക്തികൊണ്ടു് ചിലരെ സ്വാധീനപ്പെടുത്തി മലയാളത്തിൽ കുറെ അക്രമിച്ചു. അദ്ദേഹത്തിനെ ഉത്തമ ബ്രാഹ്മണരും ആയുധപാണികളായിട്ടുള്ള ബ്രാഹ്മണരും കൂടി ഭൂമിദാനം വാങ്ങിയതിൽ രണ്ടു ബ്രാഹ്മണരെക്കൊണ്ടു ചതിവിൽ വധിപ്പിച്ചു. അങ്ങിനെ വധിച്ചവർ ബ്രാഹ്മണസഭയിൽ വന്നപ്പോൾ സന്തോഷിച്ചു് ബ്രാഹ്മണർ കൂട്ടത്തിലിരിക്കാൻ പറഞ്ഞു. അപ്പോൾ മഹാത്മാവിനെ വധിച്ചിട്ടുള്ള പാപം കൊണ്ടു് വേറെ ഇരിക്കാനായി ‘നാം പടിയിൽ’ എന്നു പറഞ്ഞു് വേറെ ഇരുന്നു. അന്നു മുതൽ അവരെ ‘നാമ്പടി’ എന്നു പേരു പറഞ്ഞു. ഹിംസാ ദോഷം കൊണ്ടു് ബ്രാഹ്മണ്യം പോയതിനാൽ അവരുടെ കുടുംബം ക്ഷത്രിയ മര്യാദയും മരുമക്കൾ വഴിയുമായി അവർക്കു വേണ്ടതൊക്കെയും ബ്രാഹ്മണാചാരമായി ബ്രാഹ്മണർ തന്നെ കഴിപ്പിച്ചുകൊടുക്കുക എന്നു നിശ്ചയിച്ചു. വളരെ ഭൂപ്രദേശങ്ങളൊക്കെയും കൊടുത്തു. അതിനാൽ അന്നുമുതൽ രണ്ടു നമ്പിടി രാജാക്കന്മാർ ഉണ്ടായി വന്നു. അതിൽ അന്നു വധിക്കാൻ കൂടിയിരുന്നവരിൽ ചിലർ ഭൂമിദാനം വാങ്ങിയവരും ചിലർ ബ്രാഹ്മണരിൽ താണവരും ഉണ്ടു്. അതിനാൽ ‘നാംപടി’യിലും രണ്ടു ജാതിയായിതീർന്നു. അവർക്കു നിത്യനൈമിത്തികാദി കർമ്മങ്ങൾ മിക്കതും ബ്രാഹ്മണാചാരം തന്നെ. ഇവരുടെ സ്ത്രീകൾക്കു കണ്ഠാഭരണം ചെറുതാലിക്കൂട്ടം ആകുന്നു. ഇവർക്കു സന്താനം ബ്രാഹ്മണരിൽ നിന്നു ലഭിക്കുന്നു.
നമ്പിന്നു ഇടിവു വന്നതുകൊണ്ടു് ‘നമ്പിടി’ എന്നും ‘നാംപടി’ മേൽ എന്നതുകൊണ്ടു് ‘നാമ്പടി’ എന്നും രണ്ടു വിധം. അതിരിക്കട്ടെ.
ഇപ്പറഞ്ഞ പ്രകാരം നമ്പടി ബ്രഹ്മഹത്തിയൊ വീരഹത്തിയൊ ചെയ്തിരുന്നുവെങ്കിൽ അവിടെത്തന്നെ ഒരു ബ്രാഹ്മണൻ ശൂദ്രഭവനത്തിൽ