എല്ലാം കൊണ്ടു് കാഞ്ഞിരോടുപുഴ മുതൽ തെക്കോട്ടുള്ള ദിക്കായ ഈ മലയാളത്തു് ഈ നാമങ്ങളും ഇതുകളെപ്പറ്റിയുള്ള ബഹുമാനവും ധാരാളം നടപ്പായിരിക്കയാൽ ഈ നാമങ്ങളുടെ ജനനഭൂമി ഇവിടം തന്നെയാണെന്നുള്ളതു സ്പഷ്ടമാകുന്നു.
അത്രയുമല്ല, പൂർവകാലം തുടങ്ങി അടുത്തകാലം വരെയുള്ള ആധാരപ്രമാണങ്ങൾ, പുരാണങ്ങൾ, ഗ്രന്ഥവരികൾ മന്ത്രങ്ങൾ, ഇതിഹാസങ്ങൾ, പലവകപാട്ടുകൾ മുതലായ സകല രേഖാപ്രമാണങ്ങൾ, പ്രഭുക്കൾ, മരങ്ങൾ, ശരീരാവയവങ്ങൾ എന്നു വേണ്ട സകല പദാർത്ഥങ്ങളുടേയും നാമങ്ങൾ ഇതുകളെല്ലാം തമിഴു ഭാഷയിൽ ഇരിക്കുന്നു. ‘നന്നൂൽ’ എന്ന തമിഴ് വ്യാകരണ (ഇലക്കണ)൦.
- ‘തെൻ പാണ്ടികുട്ടം, കുടം, കർക്താ, വെൺപൂഴി
- പന്റി, യരുപാ, വതൻവടക്കു നന്റായ ചീതം
- മലൈനാട്ടു, പുന്നാട്ടു, ചെന്തമിഴ് ചേർ,
- ഏതമിൽ പന്തിരുനാട്ടെൻ’
ഈ പ്രമാണം കൊണ്ടും ഇവിടം (ഈ മലയാള ദേശം) ആകട്ടെ തമിഴു് ദേശം[1] അല്ലെങ്കിൽ തമിഴു് ദേശങ്ങളിലൊന്നായ ഒരു ദേശമെന്നുള്ളതു പ്രത്യക്ഷപ്പെടുന്നു.
ഒരു ദേശത്തെ പ്രഭു, ഭൂമിവിഭാഗം, ഭവനം, മുതലായതുകൾക്കു് ഓരോരൊ സംഗതികളെ കാരണമാക്കി ആദേശത്തിലെ സ്വഭാഷയിൽ നാമം ഏർപ്പെട്ടിരിക്കുമെന്നുള്ളതു് യുക്ത്യനുഭവങ്ങൾക്കു ചേർന്നതാണല്ലോ.
ആ സ്ഥിതിക്കു് അതാതുദേശത്തെ ഭാഷയിലുള്ള നാമങ്ങൾക്കു് അതുകൾ ഏർപ്പെടുവാനുള്ള കാരണങ്ങളെ അടിസ്ഥാനപ്പെടുത്തിയും വാക്കുകളെ ഭേദപ്പെടുത്താതേയും ശരിയായി അർത്ഥം കല്പിക്കേണ്ടതാണു്.
- ↑ ഇവിടം തമിഴു് ദേശം ആകുന്നു എന്നുള്ളതു് ഇതിൽ ഇനി ഒരു സ്ഥലത്തു വിസ്താരമായി കാണിക്കും.