ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
24
പുരാണകഥകൾ

വേടനു പറയത്തക്ക ചാൎച്ചക്കാരൊ വേഴ്ചക്കാരോ ഉണ്ടായിരുന്നില്ല. ആൎക്കും ഒരു ഉപദ്രവവും ചെയ്യാതെ വനത്തിൽ വസിക്കുന്ന സാധുജീവികളെ കൊന്നുതിന്നു വയറുനിറയ്ക്കുന്ന ഒരു നീചന്റെ പേരിൽ സജ്ജനങ്ങൾക്കു സ്നേഹമുണ്ടാകുന്നതെങ്ങിനെ? അങ്ങിനെയുള്ള ഒരുവന്നു വല്ല ബന്ധുക്കളുമുണ്ടായിരുന്നാൽ അവരുംകൂടി അവനെ ഉപേക്ഷിക്കുകയല്ലേ ചെയ്യുകയുള്ളു? ദിവസംപ്രതി പുലരുമ്പോൾ എഴുന്നേറ്റു് ഒരു കയ്യിൽ വലയും വേറൊരുകയ്യിൽ വില്ലുമമ്പും എടുത്തുകൊണ്ടു വനത്തിലുള്ള വിഹംഗമങ്ങളെ വധിപ്പാൻ പുറപ്പെടുന്ന ആ ഘോരമൂൎത്തിയെ പക്ഷികളെല്ലാം യമനെപ്പോലെയാണു വിചാരിച്ചിരുന്നതു്. അപ്രകാരമുള്ളൊരു പാപവൃത്തിയെ ചാൎച്ചക്കാർ വിഷമേറിയ പാമ്പിനെപ്പോലെ അകലെ ആട്ടിക്കളഞ്ഞതിൽ ആശ്ചൎയ്യമെന്താണു്. പ്രകൃതികൊണ്ടും പ്രവൃത്തികൊണ്ടും അവന്നു ചേൎച്ചയുള്ള ഒരു ഭാൎയ്യമാത്രം ഒരുമിച്ചുണ്ടായിരുന്നു. അവർ രണ്ടുപേരുംകൂടി കാട്ടിലുള്ള പറവകളെയെല്ലാം കൊന്നൊടുക്കിക്കൊണ്ടു കാലംകഴിച്ചുകൂട്ടിയിരുന്നു. ഇങ്ങിനെ ഏറെനാൾ കഴിഞ്ഞുപോയി. എന്നിട്ടും അവരുടെ വൃത്തിയും പ്രവൃത്തിയും പാപമുള്ളതാണെന്നു അവർ അറിഞ്ഞതേയില്ല. കാലപ്പഴക്കംകൊണ്ടു പരിചിതമായിത്തീൎന്നിരുന്ന വ്യാധവൃത്തിയല്ലാതെ മറ്റൊരു തൊഴിൽ അവൎക്കു മനസ്സിനു പിടിച്ചതുമില്ല.

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/30&oldid=216770" എന്ന താളിൽനിന്ന് ശേഖരിച്ചത്