ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
മുഖവര


കുട്ടികൾക്കു കൊടുക്കുന്ന സാധനങ്ങളുടെ ഗുണദോഷം മാത്രമേ കൊടുക്കുന്നവർ നോക്കേണ്ടതള്ളു. അവയുടെ ആസ്വാദ്യതയും അന്യഥാത്വവും അവർ തന്നത്താൻ തീർച്ചപ്പെടുത്തിക്കൊള്ളും.

സത്യം, ത്യാഗം എന്നീ ശ്രേഷ്ഠഗുണങ്ങളെ, പ്രശാന്തപ്രകൃതികളായ പശു, പ്രാവു് എന്നീ രണ്ടു പ്രാണികളുടെ പ്രവൃത്തിക്കൊണ്ടു ഉദാഹരിച്ചുകാണിക്കുന്നവയാണു് ഇതിലെ ആദ്യത്തെ രണ്ടു കഥകൾ. മൂന്നാമത്തേതിൽ, ദാനത്തിന്റെ ശ്രേഷ്ഠത ദ്രവ്യത്തിന്റെ വലുപ്പത്തെയല്ല ആശ്രയിച്ചിരിക്കുന്നതു, ദാതാവിന്റെ ശ്രദ്ധയേയും ഒത്തവസ്തുവിന്റെ ശുദ്ധിയേയും അവലംബിച്ചാണ് സ്ഥിതിചെയ്യുന്നതു് എന്ന തത്വമാണ് കാണിക്കപ്പെട്ടിട്ടുള്ളതു്. നൎമ്മത്തിന്റെ മൂലതത്വങ്ങളെ ഉപദേശിക്കുന്ന ഈ മൂന്നു കഥകളും വേദംപകുത്ത് വ്യാസമഹൎഷിയുടെ വിശ്വവാത്സല്യംനിമിത്തം ലോകത്തിന്നു ലഭിച്ചവയാണ്. അവയെ ബാലന്മാരുടെ ഗ്രഹണശക്തിക്കു പാകമാക്കി മൊഴിമാറ്റി എഴുതുവാൻ മാത്രമാണ് ഞാൻ ശ്രമിച്ചിട്ടുള്ളതു്. മൂലത്തിന്റെ മട്ടു മുഴുവനും മാററി മനോധൎമ്മം പ്രയോഗിപ്പാൻ മോഹിച്ചിട്ടുതന്നെ ഇല്ല.

കേരളത്തിലെ ചെറിയ കുട്ടികളുടെ കൊച്ചുകൈകളിൽ ലളിതമായ ഒരു കഥാപുസ്തകം കൊടുപ്പാനുള്ള കൌതുകംകൊണ്ടു രചിച്ച ഈ ചെറുകൃതി അവൎക്കു രുചിക്കുമെങ്കിൽ ഇനിയും ഇതുപോലെയുള്ള ബാലപുസ്തകങ്ങൾ എഴുതുവാൻ ഞാൻ സസന്തോഷം ഉത്സാഹിക്കുന്നതാണു്.

പി. എസ്സ്. സുബ്ബരാമപട്ടർ.



"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/5&oldid=216744" എന്ന താളിൽനിന്ന് ശേഖരിച്ചത്