ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

14. നൃഗമഹാരാജാവ്-- നൃഗനൃപൻ അനേകായിരം പശുക്കളെ ദിനംപ്രതി ദാനം ചെയ്തിരുന്നു. ഒരിക്കൽ ആരുമറിയാതെ ദാനം ചെയ്ത പശുക്കളിലൊന്നു് അദ്ദേഹത്തിന്റെ സ്വന്തം പശുക്കളുടെ കൂട്ടത്തിൽ ചെന്നുചേർന്നുപോയി. രാജാവു് അതിനെത്തന്നെ രണ്ടാമതും ദാനം ചെയ്തു. അതുകൊണ്ടുള്ള പാപംനിമിത്തം അദ്ദേഹത്തിന്നു നരകദുഃഖം അനുഭവിക്കേണ്ടിവന്നു. (കൃഷ്ണപ്പാട്ടിൽ നൃഗമോക്ഷം നോക്കുക).

15. ശിബിചക്രവർത്തി-- ശിബി വളരെ ധർമ്മിഷ്ഠനാണെന്ന കേളികേട്ട ഒരു രാജാവായിരുന്നു. ഒരിക്കൽ ഇന്ദ്രനും അഗ്നിയുംകൂടി അദ്ദേഹത്തിന്റെ ധർമ്മബുദ്ധി പരീക്ഷിച്ചു നോക്കണമെന്നുറച്ചു. ഇന്ദ്രൻ ഒരു പരുന്തിന്റെയും, അഗ്നി പ്രാവിന്റെയും രൂപം കയ്ക്കൊണ്ടു. ഒരു പ്രാവിനെ പിടിച്ചുതിന്മാൻ നോക്കുകയും, പ്രാവു പരുന്തിൽനിന്നു തന്നെ രക്ഷിക്കണമെന്നു ശിബിയോടു പ്രാർത്ഥിക്കുകയും ചെയ്തു. ശിബി ശരണാഗതന്നു് അഭയപ്രദാനം ചെയ്തു. തന്റെ ഇര വിട്ടുതരേണ്ടതാണെന്നു പരുന്തു വാദിച്ചു. രാജാവു പകരം വേറെ വല്ലതും തരാമെന്നു പറഞ്ഞു. പരുന്തു രാജാവിന്റെ മാംസം ആവശ്യപ്പെട്ടു. ശിബി സസന്തോഷം സ്വമാംസം മുറിച്ചു പരുന്തിനു കൊടുത്തു പ്രാവിനെ രക്ഷിക്കുകയും ചെയ്തു.

18. ചരങ്ങളും അചരങ്ങളുമായി ജീവികൾ പുരാതനന്മാരായ ഭാരതീയർ സൃഷ്ടിവർഗ്ഗത്തെ ഇങ്ങിനെയാണു് ഇനം തിരിച്ചിരുന്നതു്. ഈശ്വരൻ സൃഷ്ടിച്ച പദാർത്ഥങ്ങൾ ചേതനം (ജീവനുള്ളതു്) അചേതനം (ജീവനില്ലാത്തതു) എന്നു രണ്ടുതരം. കല്ലു, മണ്ണു മുതലായവ അചേതനം. ചേതനങ്ങൾ, ചരങ്ങൾ (സഞ്ചരിക്കുന്ന) അചരങ്ങൾ (ഒരേ സ്ഥലത്തു സ്ഥിരമായി സ്ഥിതിചെയ്യുന്നവ) എന്നു രണ്ടു ജാതി. മനുഷ്യൻ, മൃഗം, പക്ഷി ഇതുകൾ ചരങ്ങളും വൃക്ഷം, വള്ളി എന്നിവ അചരങ്ങളുമായ ജീവികളാണെന്നു സ്പഷ്ടം.

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/59&oldid=215623" എന്ന താളിൽനിന്ന് ശേഖരിച്ചത്