കന്നിതന്നുദരത്തിലെ നാഥനെ
വന്ദിച്ചേലീശ്വതൻ പ്രജ കുമ്പിട്ടു 55
ഈശോനാഥനാം കന്യുദരഫലം
ആശീർവ്വാദം കൊടുത്തു യോഹന്നാനെ 56
ശുദ്ധമാക്കിയുദരത്തിൽ വച്ചു താൻ
സ്നിഗ്ധഭൃത്യനെ സർവ്വദയാപരൻ 57
അന്നേരം കന്നിതന്നെയേലീശുവാ
വന്ദിച്ചാനന്ദത്തോടവൾ ചൊല്ലിയാൾ 58
"നീവധുക്കളിലാശീർവാദപ്പെട്ടു
നിൻ വയറ്റിലെ പ്രജയ്ക്കാശീർവ്വാദം 59
എന്റെ നാഥനു മാതാവായുള്ളവൾ
എന്നെക്കാൺമതിന്നായെഴുന്നെള്ളുവാൻ 60
എനിക്കുയോഗ്യമുണ്ടായതെങ്ങിനെ?
നിനക്കുള്ള പ്രിയമെന്നതേ വേണ്ടൂ 61
നിന്നോടു ദേവൻ കല്പിച്ചവയെല്ലാം
നിന്നിലിന്നു തികഞ്ഞിടും നിർണ്ണയം 62
നിശ്വസിച്ച നിനക്കു ഭാഗ്യമഹോ
വിശ്വാസം നാരാജാതിക്കു പോക്കു നീ 63
നിൻ നാദമെന്റെ കർണ്ണത്തില്ക്കൊണ്ടുടൻ
എന്നുള്ളിൽ പ്രജ ചാടി സന്തോഷിച്ചു" 64
അന്നേരം ദൈവമാതാവരുൾചെയ്തു:
"എന്നുടെ ജീവൻ ദേവം സ്തുതിക്കുന്നു. 65
എന്നുടെയാത്മം സത്യം സർവ്വേശനിൽ
ആനന്ദം ധരിച്ചേറെ സ്തുതിക്കുന്നു. 66
തനിക്കുള്ള ദാസിയുടെ താഴ്ചയെ
അനുഗ്രഹമായ് തൃക്കൺപാർത്തമൂലം 67
എന്നതുകൊണ്ടു ഭാഗ്യമിനിക്കെന്നു
ജന്മം തോറും പറയുമെല്ലാവരും 68
മുഷ്കരനെന്നെ സല്കരിച്ചേറ്റവും
ശ്രേഷ്ഠത്വമങ്ങെ നാമമതുകൊണ്ടു 69
നിർമ്മലൻ തന്നെ പേടിയുള്ളോർകളെ
ജന്മന്തോറുമങ്ങേക്കുണ്ടനുഗ്രഹം 70
തൻ തൃക്കൈബലമങ്ങിങ്ങെടുത്തുടൻ
ചിതറിച്ചഹങ്കാരമുള്ളോർകളെ 71