പെസഹാ ആയത്തമാക്കുവാൻ തന്റെ ശിഷ്യരോടു കല്പിച്ചതിൻവണ്ണം ആയത്തമാക്കിയതും തന്റെ ആ ഒടുക്കത്തെ അത്താഴത്തിൽ ശിഷ്യരുടെ കാൽ കഴുകുകയും, യൂദാസ്കറിയോത്ത തന്നെ ഒറ്റിക്കൊടുക്കുന്ന വിവരം അറിയിക്കുകയും അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തിൽ തന്നെത്തന്നെ മുഴുവനും തന്റെ ബാവായ്ക്കു പൂജയായിട്ടും മനുഷ്യരുടെ ആത്മാവിന്റെ ഭക്ഷണമായിട്ടും കല്പിക്കുകയും ചെയ്തതും, താൻ ചാവുപൊരുൾ അരുളിച്ചെയ്തതും, അത്താഴം കഴിഞ്ഞു തന്റെ പിതാവിനെ സ്തുതിച്ചുകൊണ്ട് മൂന്നു ശിഷ്യന്മാരുടെ കൂടെ ഒരു തോപ്പിൽ ചെന്നു തന്റെ ബാവായോടു പ്രാർത്ഥിച്ചു ചോരവിയർത്തതും ഒടുക്കം മാലാഖ വന്ന് ആശ്വസിപ്പിച്ചതും, അതിന്റെ ശേഷം ശിഷ്യരെ ഉണർത്തിക്കൊണ്ട് ശത്രുക്കളുടെ എതിരെ ചെന്നതും, തിരുവാക്കിന്റെ ശക്തിയാൽ ശത്രുക്കൾ വീണതും, അവരെ എഴുന്നേല്പിച്ചതും, യൂദാസ്കറിയോത്ത കർത്താവിനെ മുത്തി ഒറ്റിക്കൊടുത്തതും, കേഫാ ഒരുത്തന്റെ ചെവി ചെത്തിയ പ്പോൾ ആയതിനെ സ്വസ്ഥതയാക്കിയതും, കർത്താവിനെ ശത്രുക്കൾ പിടിച്ചുകെട്ടി ഹന്നാന്റെ പക്കൽ കൊണ്ടുപോയതും, തന്നെ കൊല്ലുവാൻ തക്കവണ്ണം പലകൂട്ടം കള്ളസാക്ഷി ഉണ്ടാക്കുകയും പിന്നെയും പലവിധത്തിൽ കർത്താവിനെ കഷ്ടപ്പെടുത്തിയതും.
പുളിയാത്തപ്പം തിന്നേണ്ടും മുമ്പിലെ
നാളിൽ ശിഷ്യരടുത്തു ചോദിച്ചത്- 1
“ഇപ്പെസഹാടെ ഭക്ഷണമെവിടെ
കോപ്പുകൂട്ടണമെന്നരുളീടുക 2
പരമപരൻ മിശിഹാ തമ്പുരാൻ
അരുളിച്ചെയ്തു ശിഷ്യജനത്തോട് 3
“പുരത്തിൽ നിങ്ങൾ ചെല്ലുമ്പോൾ നീർക്കുടം
ഒരുത്തൻ കൊണ്ടു പോകുമവനുടെ 4
സ്ഥലത്തിൽ നിങ്ങൾ കൂടവേ ചെല്ലുവിൻ
ശാലകാട്ടുമാ വീട്ടിലെ നായകൻ 5
അതിൽ പെസഹാവിരുന്നു കൂട്ടുവിൻ
ഇതു കല്പനപോലെ ചെയ്താരവർ 6
അക്രൂരമുള്ളോരാടുപോൽ തമ്പുരാൻ
അക്കാലം മരിക്കുമെന്ന കാരണം 7