ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
76
പത്താം പാദം
 

പട്ടക്കാരനോടിതോ നീയെന്നവൻ,
അടിച്ചു മിശിഹാടെ കവിളിന്മേൽ       110
(അന്നേരമവനോടരുളിച്ചെയ്തു):-
“ചൊന്നതിൽ കുറ്റമുണ്ടെങ്കിൽ കാട്ടു നീ       111
ന്യായമത്രെ പറഞ്ഞു ഞാനെങ്കിലോ
ന്യായമോ നീയടിച്ചതു ചൊല്ലുക       112
മേല്പട്ടക്കാരനിരിക്കും മന്ദിരേ
കേപ്പാ പിന്നാലെ ചെന്നു ഗുരുപ്രിയൻ       113
ഒരു സ്ത്രീയവനോടു ചോദിച്ചപ്പോൾ
ഗുരുവിനെയുപേക്ഷിച്ചു പേടിയാൽ       114
മൂന്നുവട്ടവും താനാ ഗുരുവിന്റെ
സുസ്നേഹ ശിഷ്യനല്ലെന്നു ചൊന്നപ്പോൾ       115
കോഴികൂകി മിശിഹാടെ നോക്കിനാൽ
അഴൽപൂണ്ടവനറിഞ്ഞു ദുഷ്കൃതം       116
കോഴികൂകുന്നതയ്യാൾ കേട്ടാൽ മനം
അഴിവോടു കരയും പിന്നെസ്സദാ       117
ഭവിക്കും മുമ്പിൽ തോന്നും മനസ്ഥിരം
ഭവിപ്പാനടുക്കുമ്പോൾ മടുത്തുപോം       118
മിശിഹായുടെ സഭയ്ക്കു കൽത്തൂണിത്
പ്രശംസിച്ചപോലെവിടെയുൾ സ്ഥിരം       119
കയ്യേപ്പായുമാലോകരിൽ മുഖ്യരും
ഭയം വിട്ടു മിശിഹായെക്കൊല്ലുവാൻ       120
ന്യായകാരണം വേണമെന്നുണ്ടല്ലോ
ആയതിനവർ സാക്ഷി നിറുത്തി നാർ       121
സാക്ഷിത്വമതുകൊണ്ടു പോരാഞ്ഞിട്ട്
സൂക്ഷം ചൊല്ലു നീ സർവ്വേശനാമത്തിൽ       122
തമ്പുരാന്റെ പുത്രനോ നീ ചൊല്ലുക
തമ്പുരാനോടു ചോദിച്ചു കയ്യേപ്പാ       123
തമ്പുരാനവനോടരുളിച്ചെയ്തു:
“തമ്പുരാന്റേകനാം പുത്രൻ ഞാന്നെ       124
തമ്പുരാന്റെ പ്രാബല്യത്തോടുകൂടെ
തമ്പുരാൻ പുത്രൻ ഞാൻ വരും മേഘത്തിൽ       125
സർവഭൂതരുമന്നെന്നെക്കാണുമ്പോൾ
സർവ്വസംശയം തീർന്നു വിശ്വാസമാം       126

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/78&oldid=216339" എന്ന താളിൽനിന്ന് ശേഖരിച്ചത്